അതിരാത്രം കഴിഞ്ഞാല്‍ യാഗം നടത്തിയ പന്തല്‍ കത്തിക്കും; പരിഹാസവുമായി കെ മുരളീധരന്‍

തിരുവനന്തപുരം: സെക്രട്ടേറിയറ്റിലുണ്ടായ തീപ്പിടിത്തത്തില്‍ സംസ്ഥാനസര്‍ക്കാരിനെതിരെ വിമര്‍ശനവുമായി കോണ്‍ഗ്രസ് നേതാവ് കെ. മുരളീധരന്‍ എംപി. പണ്ട് അതിരാത്രം കഴിഞ്ഞാല്‍ യാഗം നടത്തിയ പന്തല്‍ കത്തിക്കുന്ന ഏര്‍പ്പാടുണ്ട്. അതുപോലെ നിയമസഭയിലെ ചര്‍ച്ചകള്‍ കഴിഞ്ഞപ്പോള്‍ സെക്രട്ടേറിയറ്റിലെ നോര്‍ത്ത് ബ്ലോക്ക് കത്തിച്ച് വിവാദങ്ങള്‍ക്ക് അന്ത്യമുണ്ടാക്കാനാണോ സര്‍ക്കാര്‍ ശ്രമിക്കുന്നത് എന്ന് സംശയമുണ്ടെന്ന് മുരളീധരന്‍ പറഞ്ഞു.

തീപ്പിടിത്തത്തില്‍ ഒന്നും മറച്ചുവെക്കാനില്ലെങ്കില്‍ എന്തിനാണ് സ്ഥലത്തെ എം.എല്‍.എയെ അങ്ങോട്ടേക്ക് കടത്തിവിടാതിരുന്നത്. പ്രതിപക്ഷ നേതാവുള്‍പ്പെടെയുള്ളവര്‍ സ്ഥലത്തെത്തി പ്രതിഷേധിച്ചപ്പോഴാണ് എം.എല്‍.എയെ കടത്തിവിട്ടത്. മതിലുചാടി കടന്ന സുരേന്ദ്രനൊപ്പം എം.എല്‍.എയ്ക്കെതിരെയും ഇപ്പോള്‍ കേസെടുത്തിരിക്കുകയാണ്. സര്‍ക്കാരിന് എന്തൊക്കെയോ മറച്ചുവെക്കാനുണ്ട്. ഇങ്ങനെയൊക്കെ ചെയ്താല്‍ സമരം ചെയ്യേണ്ടി വരും. സമരം ചെയ്താല്‍ കോവിഡ് പകരുമെന്നാണ് ആരോഗ്യമന്ത്രി പറയുന്നത്. കോവിഡ് ഒരിക്കലും പോകരുതെന്ന് ആഗ്രഹിക്കുന്നത് പിണറായി സര്‍ക്കാരാണ്. സ്വര്‍ണക്കടത്തും സ്വപ്നയും കണ്‍സള്‍ട്ടന്‍സിയും ഒന്നും അതുകൊണ്ട് നാടറിയില്ലല്ലോ.

പരമാവധി കോവിഡ് പ്രോട്ടോക്കോള്‍ അനുസരിച്ചാണ് സമരം ചെയ്യുന്നത്. എന്നാല്‍ ഇതുപോലെ ഫയല്‍ കത്തിക്കലുണ്ടായാല്‍ സമരം കൈവിട്ടുപോകും. അതിന്റെ ഉത്തരവാദിത്തം സര്‍ക്കാരിനാണ്. ഇന്ത്യയില്‍ മൂന്നു പേര്‍ക്ക് മാത്രമാണ് കോണ്‍ഗ്രസ് നശിച്ചു കാണാന്‍ ആഗ്രഹിക്കുന്നത്. നരേന്ദ്ര മോദി, അമിത് ഷാ പിന്നെ പിണറായി വിജയന്‍ എന്നിവരാണെന്നും മുരളീധരന്‍ കൂട്ടിച്ചേര്‍ത്തു.

Top