‘മുഖ്യമന്ത്രിയാകുന്നവർക്ക് പ്രത്യേക കുപ്പായം ഉണ്ടോ’? ചെന്നിത്തലയെ പരിഹസിച്ച് കെ മുരളീധരന്‍

കണ്ണൂർ: രമേശ് ചെന്നിത്തലയ്ക്കെതിരെ പരിഹാസവുമായി കെ മുരളീധരൻ. മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുന്നവർക്ക് പ്രത്യേക കുപ്പായം ഉണ്ടോയെന്ന് ചോദിച്ച കെ മുരളീധരൻ, തലേന്നിട്ട ഡ്രസ് അലക്കിയാണ് സാധാരണ സത്യപ്രതിജ്ഞ ചെയ്യാറുള്ളതെന്നും പരിഹസിച്ചു. ബ്രിട്ടീഷുകാരുടെ കാലത്ത് സ്യൂട്ട് ഇട്ടായിരുന്നു സത്യപ്രതിജ്ഞയെന്ന് കേട്ടിട്ടുണ്ട്. അതൊക്കെ പോയി, ഇപ്പോൾ ജനാധിപത്യമല്ലെയെന്നും കെ മുരളീധരൻ ചോദിച്ചു. ശശി തരൂർ കേരളത്തിൽ സജീവമാകുന്നതിൽ ആർക്കും എതിർപ്പില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

നാല് വർഷത്തിന് ശേഷം എന്താകുമെന്ന് ഇപ്പോൾ പറയാനാകില്ലെന്നും തയ്പ്പിച്ച കോട്ട് മാറ്റിവെച്ചേക്കെന്നുമായിരുന്നു രമേശ് ചെന്നിത്തലയുടെ ശശി തരൂരിനെതിരായ പരാമർശം. എന്നാൽ, മുഖ്യമന്ത്രി കുപ്പായം തയ്യാറാക്കി വച്ചിട്ടില്ലെന്നാണ് ശശി തരൂർ തിരിച്ചടിച്ചത്. സംസ്ഥാന നേതാക്കളുടെ വിമർശനത്തോട് തിരിച്ചടിച്ച തരൂർ തുടർന്നും കേരളത്തിൽ പരിപാടികളിൽ പങ്കെടുക്കുമെന്ന് വ്യക്തമാക്കി. സംസ്ഥാന നേതാക്കളുടെ പരാതി ശക്തമായതോടെ പ്രവർത്തക സമിതിയിൽ തരൂരിനെ ഉൾപ്പെടുത്തണയോന്നതിൽ എഐസിസി നേതൃത്വത്തിൽ ഭിന്നാഭിപ്രായമായി.

Top