കരുണാകരന്‍ മതനേതാക്കളെ സഹായിച്ച് പ്രശ്‌നം പരിഹരിച്ചു, പിണറായി പറ്റിക്കുകയാണെന്ന് കെ മുരളീധരന്‍

കോഴിക്കോട്: ജാതിമത വിഭാഗങ്ങളെ ഒരുമിച്ച് കൊണ്ടുപോകാനുളള അസാധാരണ ശേഷി കെ.കരുണാകരനുളളതു പോലെ മുഖ്യമന്ത്രി പിണറായി വിജയനുണ്ടെന്ന പ്രസ്താവന മാറ്റിപ്പറഞ്ഞ് കെ.മുരളീധരന്‍ എം.പി. കരുണാകരന്റെ ശൈലിയല്ല പിണറായി വിജയന്. കരുണാകരന്‍ മതനേതാക്കളെ സഹായിച്ച് പ്രശ്നം പരിഹരിച്ചു, എന്നാല്‍ പിണറായി പറഞ്ഞ് പറ്റിക്കുകയാണ് ചെയ്തതെന്ന് മുരളീധരന്‍ അഭിപ്രായപ്പെട്ടു. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ക്കെതിരായ യുഡിഎഫ് ധര്‍ണ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

വല്യേട്ടന്‍ സ്വര്‍ണം കടത്തുമ്പോള്‍ ചെറിയേട്ടന്‍ തേക്ക് കടത്തുന്ന രീതിയാണെന്ന് മുരളീധരന്‍ പറഞ്ഞു. ജനങ്ങളെ ദ്രോഹിക്കുന്ന കാര്യത്തില്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ മത്സരിക്കുകയാണ്. മതസമുദായ നേതാക്കള്‍ക്ക് തിരഞ്ഞെടുപ്പ് കാലത്ത് ആനുകൂല്യങ്ങള്‍ പ്രഖ്യാപിച്ചിട്ട് തിരഞ്ഞെടുപ്പ് കഴിഞ്ഞതോടെ എല്ലാം പിന്‍വലിച്ചെന്നും മുരളീധരന്‍ കുറ്റപ്പെടുത്തി.

 

Top