കെ.മുഹമ്മദ് ബഷീറിന്റെ മരണം; എസ്‌ഐയ്ക്കു വീഴ്ച പറ്റിയെന്ന് സ്‌പെഷ്യല്‍ ബാഞ്ച് റിപ്പോര്‍ട്ട്

തിരുവനന്തപുരം: സിറാജ് പത്രത്തിന്റെ തിരുവനന്തപുരം ബ്യൂറോ ചീഫ് കെ.മുഹമ്മദ് ബഷീര്‍, ഐഐഎസ് ഉദ്യോഗസ്ഥന്‍ ശ്രീറാം വെങ്കിട്ടരാമന്റെ കാറിടിച്ചു മരിച്ച കേസില്‍ മ്യൂസിയം എസ്‌ഐയ്ക്കു വീഴ്ച പറ്റിയെന്ന് സ്‌പെഷ്യല്‍ ബാഞ്ച് റിപ്പോര്‍ട്ട്. എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യാന്‍ നാലു മണിക്കൂര്‍ വൈകി.

അതേസമയം, ശ്രീറാമിന്റെ ജാമ്യാപേക്ഷ ഇന്ന് കോടതി പരിഗണിക്കാനിരിക്കെ വകുപ്പുകള്‍ ദുര്‍ബലപ്പെടാന്‍ സാധ്യതയുണ്ടെന്നാണ് സൂചന.

ശ്രീറാമിന്റെ രക്തത്തില്‍ മദ്യത്തിന്റെ അംശമില്ലെന്നാണ് മെഡിക്കല്‍ പരിശോധനാഫലത്തില്‍ പറയുന്നതെന്നാണ് സൂചന. രക്തത്തില്‍ മദ്യത്തിന്റെ അംശമില്ലെന്ന വിവരം ലാബ് അധികൃതര്‍ പൊലീസിനെ അറിയിച്ചിട്ടുണ്ടെന്നും സൂചനയുണ്ട്. സാംപിള്‍ ശേഖരിക്കാന്‍ വൈകിയതാണ് മദ്യത്തിന്റെ അംശം ഇല്ലാതിരിക്കാന്‍ കാരണമായിരിക്കുന്നത്. അപകടം ഉണ്ടായി 9 മണിക്കൂറിന് ശേഷം മാത്രമായിരുന്നു സാംപിള്‍ എടുത്തത്.

അപകടസ്ഥലത്തെത്തിയ പൊലീസ് ശ്രീറാമിനെ വൈദ്യപരിശോധനക്ക് വിധേയനാക്കിയില്ല. ജനറല്‍ ആശുപത്രിയിലെ ഡോക്ടര്‍ മദ്യത്തിന്റെ മണമുണ്ടെന്ന് പറഞ്ഞിട്ടും രക്തസാംപിള്‍ എടുക്കാന്‍ ആവശ്യപ്പെട്ടിരുന്നില്ല. കേസ് ഷീറ്റില്‍ ജനറല്‍ ആശുപത്രിയിലെ ഡോക്ടര്‍ മദ്യത്തിന്റെ മണമുണ്ടായിരുന്നെന്നാണ് കുറിച്ചത്.

ഒടുവില്‍ ശ്രീറാം സ്വന്തം ഇഷ്ടപ്രകാരം പോയ കിംസ് ആശുപത്രിയില്‍ വെച്ചായിരുന്നു സാംപിള്‍ എടുത്തത്. ഇതിനിടെ മദ്യത്തിന്റെ അംശം കുറക്കാന്‍ സഹായിക്കുന്ന എന്തെങ്കിലും മരുന്നുകള്‍ ശ്രീറാം ഉപയോഗിച്ചോ എന്ന സംശയവും ഉണ്ട്.

Top