മദ്യത്തിന്റെ അംശം കുറയ്ക്കാന്‍ മരുന്നു കഴിച്ചോ? ശ്രീറാമിന്റെ രക്തപരിശോധനാ ഫലത്തില്‍ പൊലീസിന് ആശങ്ക

തിരുവനന്തപുരം: സിറാജ് പത്രത്തിന്റെ തിരുവനന്തപുരം ബ്യൂറോ ചീഫ് കെ മുഹമ്മദ് ബഷീര്‍ കാറിടിച്ചു മരിച്ച കേസില്‍ പ്രതിയായ സര്‍വേ ഡയറക്ടര്‍ ശ്രീറാം വെങ്കിട്ടരാമന്റെ രക്തപരിശോധനാ ഫലത്തില്‍ പൊലീസിന് ആശങ്ക.

അപകടം സംഭവിച്ച് ഏറെ വൈകി പരിശോധന നടത്തിയതിനാല്‍ മദ്യത്തിന്റെ അളവ് കണ്ടെത്താനുള്ള സാധ്യതയും കുറഞ്ഞിരിക്കുകയാണ്. രക്തത്തില്‍ മദ്യത്തിന്റെ അംശം കുറയ്ക്കുവാന്‍ ശ്രീറാം മരുന്നു കഴിച്ചതായും പൊലീസിനു സംശയമുണ്ട്.

വാഹനാപകടം ഉണ്ടായപ്പോള്‍ ശ്രീറാമും ഒപ്പമുണ്ടായിരുന്ന യുവതിയും മദ്യപിച്ചിരുന്നോ എന്ന് അറിയുവാന്‍ പൊലീസിന്റെ കൈവശമുള്ള ബ്രത്ത് അനലൈസര്‍ ഉപയോഗിച്ചിരുന്നില്ല. ശ്രീറാമിനെ ജനറല്‍ ആശുപത്രിയില്‍ എത്തിച്ച ശേഷവും പൊലീസ് രക്തസാംപിളെടുക്കാന്‍ ആവശ്യപ്പെട്ടില്ല. അപകടം നടന്ന് 10 മണിക്കൂറിനു ശേഷമാണ് ശ്രീറാം വെങ്കിട്ടരാമന്റെ രക്തസാംപിള്‍ ശേഖരിച്ചത്.

അപകടം നടന്ന ഉടന്‍ കാര്‍ ഓടിച്ചിരുന്നത് തനിക്കൊപ്പമുണ്ടായ സുഹൃത്ത് വഫ ഫിറോസായിരുന്നു എന്നാണ് ശ്രീറാം വെങ്കിട്ടരാമന്‍ പൊലീസിനോട് ആദ്യം പറഞ്ഞത്. എന്നാല്‍, കാര്‍ ഓടിച്ചത് സര്‍വേ ഡയറക്ടര്‍ ശ്രീറാം വെങ്കിട്ടരാമന്‍ തന്നെയെന്ന് ദൃക്‌സാക്ഷി മൊഴി നല്‍കുകയായിരുന്നു. ഓട്ടോ ഡ്രൈവറായ ഷഫീക്കായിരുന്നു വെളിപ്പെടുത്തല്‍ നടത്തിയത്. പിന്നീട് ഒപ്പമുണ്ടായിരുന്ന യുവതിയും പെലീസിന് മൊഴി നല്‍കി.

തുടര്‍ന്നാണ്, മാധ്യമപ്രവര്‍ത്തകന്റെ മരണത്തിനിടയാക്കിയ കാറോടിച്ചത് ഐഎഎസ് ഉദ്യോഗസ്ഥനായ ശ്രീറാം വെങ്കിട്ടരാമനാണെന്ന് പൊലീസ് സ്ഥിരീകരിച്ചത്. തിരുവനന്തപുരം സിറ്റി പൊലീസ് കമ്മിഷണര്‍ ഐജി സഞ്ജയ് കുമാര്‍ ഗരുഡിനാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. ശ്രീറാമിനും സുഹൃത്ത് വഫ ഫിറോസിനുമെതിരെ പൊലീസ് മനഃപൂര്‍വമല്ലാത്ത നരഹത്യയ്ക്ക് കേസെടുക്കയും ശ്രീറാമിനെ ആശുപത്രിയില്‍ വെച്ചു തന്നെ പതിനാല് ദിവത്തേക്ക് റിമാന്‍ഡ് ചെയ്യുകയും ചെയ്തു.

അമിത വേഗതയില്‍ എത്തിയ വാഹനം മ്യൂസിയം ജംഗ്ഷനില്‍ വെച്ച് ബഷീറിനെ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. ബഷീര്‍ സംഭവ സ്ഥലത്ത് തന്നെ മരിച്ചു. അപകടത്തില്‍ പരിക്കേറ്റ ശ്രീറാമിനെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

കഴിഞ്ഞ ദിവസമാണ് പഠനാവധി കഴിഞ്ഞെത്തിയ ശ്രീറാം വെങ്കിട്ടരാമനെ സര്‍വേ ആന്‍ഡ് ലാന്‍ഡ് റെക്കോര്‍ഡ്സ് ഡയറക്ടറായി നിയമിച്ചത്. കേരള ലാന്‍ഡ് ഇന്‍ഫര്‍മേഷന്‍ മിഷന്‍ പ്രോജക്ട് ഡയറക്ടര്‍, ഹൗസിങ് കമ്മിഷണര്‍, ഹൗസിങ് ബോര്‍ഡ് സെക്രട്ടറി എന്നീ അധിക ചുമതലകളും ശ്രീറാമിന് നല്‍കിയിരുന്നു. മന്ത്രിസഭയുടേതാണ് തീരുമാനം. മൂന്നാറിലെ ഭൂമി കയ്യേറ്റങ്ങളില്‍ ശക്തമായ നടപടി സ്വീകരിച്ച് ശ്രദ്ധ നേടിയ മുന്‍ ദേവികുളം സബ്ബ് കളക്ടറാണ് ശ്രീറാം വെങ്കിട്ട രാമന്‍.

2004ല്‍ തിരൂര്‍ പ്രാദേശിക റിപ്പോര്‍ട്ടറായി സിറാജില്‍ പത്രപ്രവര്‍ത്തനം ആരംഭിച്ച കെ എം ബഷീര്‍ പിന്നീട് സിറാജ് മലപ്പുറം ബ്യൂറോയില്‍ സ്റ്റാഫ് റിപ്പോര്‍ട്ടറായി ചേര്‍ന്നു. 2006 ല്‍ തിരുവനന്തപുരം ബ്യൂറോയിലേക്ക് മാറി. തുടര്‍ന്ന് തിരുവനന്തപുരം ബ്യൂറോ ചീഫായി ദീര്‍ഘകാലം സേവനമനുഷ്ടിച്ച അദ്ദേഹം പിന്നീട് യൂണിറ്റ് മേധാവിയായി നിയമിതനാവുകയായിരുന്നു. നിയമസഭാ റിപ്പോര്‍ട്ടിംഗിലെ മികവിന് കേരള മീഡിയ അക്കാഡമി കഴിഞ്ഞയാഴ്ച ബഷീറിനെ ആദരിച്ചിരുന്നു.

Top