ഈശോ പണിക്കരായി വീണ്ടും സുരേഷ് ഗോപി എത്തുന്നു

1999-ല്‍ സിസ്റ്റര്‍ അഭയ കൊലക്കേസിന്റെ പശ്ചാത്തലത്തിൽ സുരേഷ് ഗോപി-കെ മധു കൂട്ടുകെട്ടില്‍ ഇറങ്ങിയ മലയാള ചിത്രമായിരുന്നു ‘ക്രൈം ഫയല്‍’. കോണ്‍വെന്റിലെ കിണ്ണറ്റില്‍ സിസ്റ്റര്‍ അമലയെ മരിച്ച നിലയില്‍ കണ്ടെത്തുന്നതും തുടര്‍ന്നു നടക്കുന്ന പൊലീസ് അന്വേഷണവുമായിരുന്നു സിനിമയുടെ പ്രമേയം. ചിത്രത്തിൽ കൊലപാതകം അന്വേഷിക്കാൻ എത്തുന്ന പൊലീസ് ഉദ്യോഗസ്ഥനായിരുന്നു ഈശോ പണിക്കർ ഐപിഎസ്. ഈ കഥാപാത്രം വെള്ളിത്തിരയിൽ അവതരിപ്പിച്ചത് സുരേഷ് ഗോപിയാണ്.

ഇപ്പോഴിതാ, ഈശോപണിക്കരെ വീണ്ടും അവതരിപ്പിക്കാനൊരുങ്ങുകയാണ് സംവിധായകൻ കെ. മധു. ഇതിനായുള്ള ജോലികൾ ആരംഭിച്ചതായാണ് വിവരം. പുതിയ ചിത്രത്തിലും സുരേഷ് ഗോപി തന്നെയാകും ഈ വേഷം ചെയ്യുക. സുരേഷ് ഗോപിയുമായി ഇക്കാര്യം ചർച്ച ചെയ്യുമെന്ന് കെ. മധു പറഞ്ഞു.

ഏകെ സാജന്‍, ഏകെ സന്തോഷ് തുടങ്ങിയവരുടെ തിരക്കഥയിലായിരുന്നു ‘ക്രൈം ഫയല്‍’ ഒരുങ്ങിയത്. പുതിയ ചിത്രത്തിന്റെയും തിരക്കഥ എ.കെ. സാജൻ തന്നെയാണ്. അഭയ കേസ് വിധിയോടെ സിബിഐയും വാർത്തകളിൽ നിറയുന്ന സാഹചര്യത്തിൽ സേതുരാമയ്യർ എന്ന സിബിഐ ഉദ്യോഗസ്ഥൻ വീണ്ടും വരുമെന്നും സംവിധായകൻ വെളിപ്പെടുത്തുന്നു. സേതുരാമയ്യരായി അഭിനയിക്കാൻ നടൻ മമ്മൂട്ടി സമ്മതം അറിയിച്ചതായും അദ്ദേഹം പറഞ്ഞു.

Top