k.m manin issue; sudheeran statement

തിരുവനന്തപുരം:കോണ്‍ഗ്രസ് ജയിച്ചിരുന്നെങ്കില്‍ മാണി മുന്നണി വിടില്ലായിരുന്നുവെന്ന് കെ.പി.സി.സി പ്രസിഡന്റ് വി.എം.സുധീരന്‍ .

യു.ഡി.എഫില്‍ നിന്ന് പുറത്തു പോയതോടെ കെ.എം.മാണിയുടേയും അദ്ദേഹത്തിന്റെ പാര്‍ട്ടിയുടേയും രാഷ്ട്രീയ വിശ്വാസ്യത തകര്‍ന്നിരിക്കുകയാണെന്ന് സുധീരന്‍ കുറ്റപ്പെടുത്തി

മാണി പോയതു കൊണ്ട് യു.ഡി.എഫിന്റെ ശക്തി തകരില്ല. കോണ്‍ഗ്രസിനെ തകര്‍ക്കാമെന്ന് ആരും കരുതേണ്ടെന്നും സുധീരന്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

മാണി യു.ഡി.എഫില്‍ ഒരു പരാതിയും ഉന്നയിച്ചിട്ടില്ല. നിയമസഭാ തിരഞ്ഞെടുപ്പില്‍ സീറ്റ് വിഭജിച്ചത് ഫോണിലൂടെ അറിയിച്ചു എന്നു മാത്രമാണ് മുമ്പ് മാണി പരാതിപ്പെട്ടത്. മാണി ആദ്യം മുന്നണി വിട്ടു, പിന്നെ അതിന് കാരണം കണ്ടെത്തുകയാണ് ചെയ്തത്.

എന്നാല്‍, മുന്നണി വിടാന്‍ ഇപ്പോള്‍ മാണി പറയുന്ന കാര്യങ്ങള്‍ സ്വീകാര്യമല്ലെന്നും സുധീരന്‍ പറഞ്ഞു. കോണ്‍ഗ്രസ് മാന്യമായാണ് മാണിയോട് പെരുമാറിയത്. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ മാണി വിഭാഗം മത്സരിച്ച സീറ്റ് ഈ നിയമസഭാ തിരഞ്ഞെടുപ്പിലും നല്‍കി.

തിരഞ്ഞെടുപ്പില്‍ വിജയവും പരാജയവും സ്വാഭാവികമാണ്. പരാജയത്തിലും ഒന്നിച്ചു നില്‍ക്കാനുള്ള മാന്യത മാണി കാണിച്ചില്ല. ഇത് അദ്ദേഹത്തിന്റെ രാഷ്ട്രീയ തറവാടിത്തമില്ലായ്മയെയാണ് സൂചിപ്പിക്കുന്നതെന്നും സുധീരന്‍ പറഞ്ഞു.

ഇരു മുന്നണികളോടും സമദൂര നിലപാടാണെന്ന് മാണിയുടെ അവകാശവാദം ശരിയില്ല. ഇതിനെ അവസരവാദമെന്നേ വിശേഷിപ്പിക്കാനാവു. ഇപ്പോഴത്തെ നിലപാട് തെറ്റാണെന്ന് മാണിക്ക് ബോദ്ധ്യപ്പെടും.

പെട്ടെന്ന് വികാരത്തിന്റെ പുറത്ത് മാണി എടുത്ത തീരുമാനത്തില്‍ ദു:ഖമുണ്ട്. പ്രതിസന്ധി ഘട്ടത്തില്‍ മാണിക്കൊപ്പം കോണ്‍ഗ്രസും യു.ഡി.എഫും നിന്നു. എന്നിട്ടും അദ്ദേഹം മുന്നണിവിട്ടത് ശരിയായില്ല.

Top