മാണിയെ കാത്തിരിക്കുന്നത് കരുണാകരന്റെ ഗതിയാണോ ? ഉറ്റുനോക്കി രാഷ്ട്രീയ കേരളം

തിരുവനന്തപുരം: ഇടതുമുന്നണി പ്രവേശനം കൊതിക്കുന്ന കെ.എം മാണിയെ കാത്തിരിക്കുന്നത് കെ. കരുണാകരന്റെ ദുര്യോഗമോ. രാഷ്ട്രീയ കേരളം ആകാംക്ഷയോടെ കാത്തിരിക്കുകയാണ് സി.പി.എം കേരള കോണ്‍ഗ്രസ് ബാന്ധവത്തിന്റെ ബാക്കിപത്രം.

2005-ല്‍ നാഷണല്‍ കോണ്‍ഗ്രസ് ഇന്ദിര രൂപീകരിച്ച് ഒമ്പത് എം.എല്‍.എയുമായി കോണ്‍ഗ്രസ് വിട്ട കെ. കരുണാകരനൊപ്പമുള്ളവരെ പ്രലോഭിപ്പിച്ചു നിര്‍ത്തുകയല്ലാതെ ഇടതുമുന്നണിയില്‍ എടുത്തിരുന്നില്ല. പി.കെ വാസുദേവന്‍ നായരുടെ മരണത്തെ തുടര്‍ന്ന് 2005 നവംബറില്‍ നടന്ന തിരുവനന്തപുരം ലോക്സഭാ ഉപതിരഞ്ഞെടുപ്പില്‍ കരുണാകര പക്ഷത്തിന്റെ പിന്തുണയോടെയാണ് സി.പി.ഐയിലെ പന്ന്യന്‍ രവീന്ദ്രന്‍ വിജയിച്ചത്. തിരുവനന്തപുരം വിജയത്തിലെ നന്ദി സി.പി.ഐ പോലും കരുണാകരനോടു കാാട്ടിയില്ല.

അന്നത്തെ സി.പി.എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ കരുണാകര വിഭാഗത്തെ എല്‍.ഡി.എഫില്‍ എടുക്കണമെന്ന നിലപാടുകാരനായിരുന്നെങ്കില്‍ വി.എസ് അച്യുതാനന്ദന്‍ നഖശിഖാന്തം എതിര്‍ക്കുകയായിരുന്നു. സി.പി.ഐയും കരുണാകരനെ ഇടതുപക്ഷത്തെടുക്കരുതെന്ന നിലപാട് സ്വീകരിച്ചു.

ഇതോടെ എന്‍.സി.പി രൂപീകരിച്ച് പിന്നീട് എന്‍.സി.പിയില്‍ ലയിച്ച കെ.കരുണാകരനും അനുയായികളും മാതൃസംഘടനയായ കോണ്‍ഗ്രസില്‍ മടങ്ങിയെത്തി. എന്‍.സി.പി സംസ്ഥാന അധ്യക്ഷനായി കരുണാകര പുത്രന്‍ കെ. മുരളീധരന്‍ എത്തിയതോടെ എന്‍.സി.പിയും ഇടതുമുന്നണിയില്‍ നിന്നും പുറത്തായി. മുരളി പോയതോടെയാണ് എന്‍.സി.പി ഇടതുഘടകകക്ഷിയായി മടങ്ങിയെത്തിയത്.

ബാര്‍കോഴക്കേസിലടക്കം നിരവധി വിജിലന്‍സ് കേസുകള്‍ വന്നതോടെ യു.ഡി.എഫ് വിട്ട് നിയമസഭയില്‍ സ്വതന്ത്രനിലപാട് സ്വീകരിച്ച കെ.എം മാണി കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനെ തള്ളി ഇടതുപിന്തുണയോടെ ജില്ലാ പഞ്ചായത്ത് ഭരണം സ്വന്തമാക്കുകയായിരുന്നു.

ആറ് എം.എല്‍.എമാരുള്ള കെ.എം മാണി വിഭാഗം ഇടതുമുന്നണി പ്രവേശനം കൊതിക്കുന്നുണ്ടെങ്കിലും പണ്ട് കരുണാകരന് പ്രവേശനം തടഞ്ഞ് വി.എസ് അച്യുതാനന്ദനും സി.പി.ഐയും മാണിക്കെതിരെ ശക്തമായ നിലപാടിലാണ്.

കേരളാ കോണ്‍ഗ്രസില്‍ പി.ജെ ജോസഫ് വിഭാഗത്തിന് ഇടതുമുന്നണിക്കൊപ്പം പോകുന്നതില്‍ എതിര്‍പ്പുണ്ട്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ ഫ്രാന്‍സിസ് ജോര്‍ജ് അടക്കമുള്ളവര്‍ ഇടതുമുന്നണിയിലേക്ക് പോയപ്പോഴും മാണിക്കുവേണ്ടി കേരള കോണ്‍ഗ്രസില്‍ തുടര്‍ന്നവരാണ് ജോസഫ് പക്ഷം. കത്തോലിക്കാസഭയുടെ മനസറിഞ്ഞ ശേഷമേ ജോസഫ് വിഭാഗം ഇക്കാര്യത്തില്‍ നിലപാട് സ്വീകരിക്കൂ.

Top