മാധ്യമപ്രവര്‍ത്തകന്റെ മരണം; പൊലീസിന്റെ റിപ്പോര്‍ട്ടിനെതിരെ ഡോക്ടര്‍മാരുടെ സംഘടന

തിരുവനന്തപുരം: മാധ്യമപ്രവര്‍ത്തകന്‍ കെ.എം. ബഷീറിന്റെ അപകടമരണത്തിന് കാരണമായ വാഹനം ഓടിച്ച ഐഎഎസ് ഉദ്യോഗസ്ഥന്‍ ശ്രീറാം വെങ്കിട്ടരാമന്റെ രക്തം പരിശോധിക്കാന്‍ ഡോക്ടര്‍മാര്‍ തയ്യാറായില്ലെന്ന പൊലീസിന്റെ ആരോപണത്തിനെതിരെ ഡോക്ടര്‍മാരുടെ സംഘടന.

ഡോക്ടര്‍ നടപടിക്രമങ്ങള്‍ പാലിച്ചിരുന്നെന്നും പൊലീസ് റിപ്പോര്‍ട്ടിനെതിരെ മുഖ്യമന്ത്രിക്കും ഡിജിപിക്കും പരാതി നല്‍കുമെന്നും കെജിഎംഒഎ ഭാരവാഹികള്‍ പറഞ്ഞു.

പൊലീസിന്റെ കുറ്റകരമായ അനാസ്ഥ മറയ്ക്കാനുള്ള ശ്രമമാണ് പൊലീസിന്റെ റിപ്പോര്‍ട്ട്. രക്ത പരിശോധന നടത്താത്തതില്‍ ജനറല്‍ ആശുപത്രിയിലെ ഡോക്ടറെ കുറ്റപ്പെടുത്തിയായിരുന്നു പ്രത്യേക അന്വേഷണ സംഘം റിപ്പോര്‍ട്ട് നല്‍കിയത്. എന്നാല്‍ പൊലീസ് നടപടിയിലെ വീഴ്ചകളെ കുറിച്ചു റിപ്പോര്‍ട്ടില്‍ പറയുന്നില്ല.

പ്രാഥമിക അന്വേഷണത്തില്‍ ഗുരുതര വീഴ്ച വരുത്തിയ പൊലീസ് ഉദ്യോഗസ്ഥരെ സംരക്ഷിക്കുന്നതിന്റെ ഭാഗമായിട്ടാണ് പൊലീസ് നര്‍കോട്ടിക് സെല്‍ അസിസ്റ്റന്റ് കമ്മീഷണര്‍ ഷീന്‍ തറയിലിന്റെ നേതൃത്വത്തിലുള്ള സംഘം കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കിയതെന്നാണ് സിറാജ് പത്രത്തിന്റെ മാനേജ്‌മെന്റ് ആരോപണം ഉന്നയിച്ചത്.

Top