കെഎസ്ബിഇ സമരം; ബോർഡ് ചർച്ച ചെയ്ത് പരിഹാരം കാണും: വൈദ്യുതി മന്ത്രി

തിരുവനന്തപുരം: കെഎസ്ഇബി ഓഫിസേഴ്സ് അസോസിയേഷൻ സമരം രമ്യമായി പരിഹരിക്കുമെന്ന് വൈദ്യുതി മന്ത്രി കെ കൃഷ്ണൻ കുട്ടി. ജീവനക്കാരും ബോർഡും തമ്മിലുള്ള ചർച്ചയിലൂടെ പരിഹാരം ഉണ്ടാകുമെന്നാണ് പ്രതീക്ഷ. ബോർഡ് ചർച്ച ചെയ്ത് പരിഹാരം കാണുമെന്നും മന്ത്രിതല ചർച്ചയുടെ ആവശ്യമില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ബോർഡ് തലത്തിലുള്ള ചർച്ചയ്ക്ക് ശേഷം മാത്രമേ മന്ത്രി ഇടപെടേണ്ടതുള്ളൂവെന്ന് അദ്ദേഹം പറഞ്ഞു. കെ എസ് ഇ ബി ചെയർമാൻ ബി അശോക് കുമാറുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

മന്ത്രിയുടെ ഔദ്യോഗിക വസതിയിലായിരുന്നു കെ എസ് ഇ ബി ചെയർമാനുമായുള്ള കൂടിക്കാഴ്ച നടന്നത്. ഓഫിസേഴ്സ് അസോസിയേഷൻറെ ആഭിമുഖ്യത്തിൽ വൈദ്യുതി ഭവന് മുന്നിൽ അനിശ്ചിതകാല സത്യഗ്രഹവും നിരാഹാര സമരവും തുടരുന്ന സാഹചര്യത്തിലാണ് കൂടിക്കാഴ്ച നടന്നത്.

സംഘടന ഭാരവാഹികളുടെ സസ്പെൻഷൻ പിൻവിലക്കുക, ചെയർമാൻറെ ഏകാധിപത്യ നടപടികൾ അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് സത്യഗ്രഹ സമരം നടക്കുന്നത്. ചെയർമാൻറെ സമീപനം തിരുത്തിയില്ലെങ്കിൽ ചട്ടപ്പടി സമരത്തിലേക്ക് നീങ്ങേണ്ടി വരുമെന്ന മുന്നറിയിപ്പും ഓഫിസേഴ്സ് അസോസിയേഷൻ നൽകിയിട്ടുണ്ട്

ഇതിനിടെ കെഎസിഇബി തർത്തക്കത്തിൽ ചെയർമാന് പിന്തുണയുമായി ഐഎഎസ് അസോസിയേഷൻ മുഖ്യമന്ത്രിക്ക് കത്തുനൽകി. തൊഴിലാളി സംഘടനകൾ ഉദ്യോഗസ്ഥരുടെ മനോവീര്യം തകർക്കുന്നു. മികച്ച രീതിയിൽ പ്രവർത്തിക്കാനുള്ള സാഹചര്യം മുഖ്യമന്ത്രി ഒരുക്കണമെന്നും കത്തിൽ പറയുന്നു.

Top