നിയുക്ത മന്ത്രി കെ.കൃഷ്ണന്‍കുട്ടിയും മാത്യു ടി. തോമസും കൂടിക്കാഴ്ച നടത്തി

തിരുവനന്തപുരം: നിയുക്ത മന്ത്രി കെ.കൃഷ്ണന്‍കുട്ടിയും മാത്യു ടി. തോമസും കൂടിക്കാഴ്ച നടത്തി. മാത്യു ടി. തോമസ് മന്ത്രിസ്ഥാനം രാജിവച്ചതിന് പിന്നാലെയാണ് തിരുവനന്തപുരം തൈക്കാട് ഗസ്റ്റ് ഹൗസില്‍ വെച്ച് ഇരുവരും കൂടിക്കാഴ്ച നടത്തിയത്.

മാത്യു ടി. തോമസിന്റെ അഭിപ്രായങ്ങള്‍ സ്വീകരിച്ചായിരിക്കും താന്‍ മുന്നോട്ടുപോകുക എന്നും പാര്‍ട്ടിയില്‍ മന്ത്രി സ്ഥാനത്തെച്ചൊല്ലി അഭിപ്രായ വ്യത്യാസങ്ങള്‍ ഒന്നുമില്ലെന്നും കൂടിക്കാഴ്ചയ്ക്ക് ശേഷം കെ.കൃഷ്ണന്‍കുട്ടി പറഞ്ഞു.

അതേസമയം പൂര്‍ണ സംതൃപ്തനല്ലെങ്കിലും ഭരണ കാലയളവിനുള്ളില്‍ നല്ല കാര്യങ്ങള്‍ ചെയ്യാന്‍ സാധിച്ചെന്ന് മാത്യു.ടി.തോമസ് പറഞ്ഞു.

ജലവിഭവ വകുപ്പ് മന്ത്രിസ്ഥാനം രാജിവെച്ച ശേഷം മാധ്യമപ്രവര്‍ത്തകരോടു സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. രാജി നിരുപാധികമാണെന്നും പാര്‍ട്ടി പിളരില്ലെന്നും വലതുപക്ഷത്തേക്ക് പോകില്ലെന്നും അദ്ദേഹം പറഞ്ഞു.

ആറുകൊല്ലം പാര്‍ട്ടിയുടെ സംസ്ഥാന പ്രസിഡന്റായിരുന്നു. സ്ഥാനമാനങ്ങളോടു ഭ്രമമില്ല. നിയുക്തമന്ത്രി കെ കൃഷ്ണന്‍കുട്ടിയുടെ സത്യപ്രതിജ്ഞാ ചടങ്ങില്‍ പങ്കെടുക്കും. അദ്ദേഹത്തില്‍ നിന്ന് മികച്ച പ്രകടനമാണ് പ്രതീക്ഷിക്കുന്നതെന്ന് മാത്യു.ടി.തോമസ് വ്യക്തമാക്കി.

Top