മദ്യനയ അഴിമതി കേസില്‍ കെ കവിത ഇന്ന് ഇഡിക്ക് മുന്നില്‍ ഹാജരാകില്ല

ഡൽഹി: ഡൽഹി മദ്യനയ അഴിമതിക്കേസിൽ തെലങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖർ റാവുവിന്റെ മകളും ബിആർഎസ് എംഎൽസിയുമായ കെ കവിത ഇന്ന് ഇഡിക്ക് മുന്നിൽ ഹാജരാകില്ല. മറ്റന്നാൾ ഹാജരാകാമെന്ന് കാണിച്ച് കെ കവിത ഇഡിക്ക് കത്ത് നൽകി. മുൻകൂട്ടി തീരുമാനിച്ച പരിപാടികൾ ഉള്ളത് കാരണം ഇന്ന് ഹാജരാകാൻ കഴിയില്ലെന്നാണ് വിശദീകരണം. അന്വേഷണവുമായി പൂർണമായി സഹകരിക്കുമെന്ന് കെ കവിത പ്രസ്താവനയിൽ പറഞ്ഞു.

കേസിൽ വ്യാഴാഴ്ച ഹാജരാകണമെന്ന് കാണിച്ച് ഇഡി നൽകിയ നോട്ടീസിന് മറുപടിയായാണ് കവിത ഇക്കാര്യം പറഞ്ഞത്. ഇതേ കേസിൽ ഡിസംബർ 12ന് സിബിഐ കവിതയെ ചോദ്യം ചെയ്തിരുന്നു. അഴിമതിക്കേസിൽ ഡൽഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയെ സിബിഐ അറസ്റ്റ് ചെയ്തതിന് പിന്നാലെയാണ് ഇഡിയുടെ നീക്കം. അഴിമതിയിൽപ്പെട്ട ഇൻഡോ സ്പിരിറ്റിൽ കവിതയ്ക്ക് 65 ശതമാനം ഓഹരിയുണ്ടെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് ഇഡി കേസെടുത്തത്.

വനിതാ സംവരണ ബിൽ പാർലമെന്റിൽ പാസാക്കണമെന്ന് ആവശ്യപ്പെട്ട് ജന്തർമന്ദറിൽ വെള്ളിയാഴ്ച പ്രതിപക്ഷ പാർട്ടികളുടെ ധർണ ഉണ്ട്. ഇതിൽ പങ്കെടുക്കേണ്ടതുണ്ട്. കൂടാതെ മുൻകൂട്ടി നിശ്ചയിച്ച മറ്റുപരിപാടികൾ കൂടിയുണ്ട്.അതിനാൽ വ്യാഴാഴ്ചയ്ക്ക് പകരം ശനിയാഴ്ച ഇഡി മുൻപാകെ ഹാജരാകുമെന്ന് കവിത ട്വിറ്ററിൽ കുറിച്ചു.

Top