ഇത് കോടികൾ കക്കുന്നവരുടെ പിൻഗാമിയല്ല, പാർട്ടിക്കായി തറവാട് വിറ്റ അച്ഛന്റെ മകൻ !

തിരുവനന്തപുരം : നാഥനില്ലാപ്പടയായ കേരളത്തിലെ കോണ്‍ഗ്രസിനെ നയിക്കാന്‍ ചെങ്കോട്ടയില്‍ മൂവര്‍ണ്ണക്കൊടി പാറിച്ച പോരാട്ടവീര്യവുമായി ലീഡറുടെ പ്രിയ ശിഷ്യന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍. കോടികള്‍ കട്ടുമുടിക്കുന്ന കോണ്‍ഗ്രസ് നേതാക്കള്‍ക്കിടയില്‍ തറവാട് വീട് വിറ്റ് പാര്‍ട്ടി പ്രവര്‍ത്തനം നടത്തിയ സ്വാതന്ത്ര്യസമരസേനാനി മുല്ലപ്പള്ളി ഗോപാലന്റെ മകന് ഇനി ആദര്‍ശവഴിയില്‍ കോണ്‍ഗ്രസിനെ നയിക്കാന്‍ നിയോഗം.

ആദര്‍ശത്തിന്റെ പ്രതിരൂപമായി കേരളത്തിലെ കോണ്‍ഗ്രസിനെ കരുത്തോടെ നയിച്ച സി.കെ ഗോവിന്ദന്‍നായര്‍ക്കു ശേഷം മലബാറില്‍ നിന്നുമൊരു കെ.പി.സി.സി പ്രസിഡന്റാണ് മുല്ലപ്പള്ളിയുടെ വരവോടെ യാഥാര്‍ത്ഥ്യമായത്.

എ.കെ ആന്റണിയും ഉമ്മന്‍ചാണ്ടിയും വി.എം സുധീരനും യുവ തുര്‍ക്കികളായി കെ.എസ്.യുവിലും യൂത്ത് കോണ്‍ഗ്രസിലും വാഴുമ്പോള്‍ അവര്‍ക്കെതിരെ ആദര്‍ശം മുഖമുദ്രയാക്കിയ മുല്ലപ്പള്ളിയെയാണ് ലീഡര്‍ കെ.കരുണാകരന്‍ തുരുപ്പുചീട്ടാക്കി വളര്‍ത്തിക്കൊണ്ടുവന്നത്.

വടകര ചോമ്പാലയിലെ കമ്യൂണിസ്റ്റ് കോട്ടയില്‍ നിന്നാണ് മുല്ലപ്പള്ളി ത്രിവര്‍ണ പതാകയുമായി കോണ്‍ഗ്രസ് രാഷ്ട്രീയം പയറ്റിയത്. മര്‍ദ്ദനങ്ങളെയും അക്രമങ്ങളെയും ആദര്‍ശംകൊണ്ട് നേരിട്ട രാഷ്ട്രീയ പ്രവര്‍ത്തന പാരമ്പര്യം. ജവഹര്‍ലാല്‍ നെഹ്റുവിനെ ചോമ്പാല മൈതാനത്ത് പ്രസംഗിക്കാനായി കൊണ്ടുവന്നപ്പോള്‍ അതിന്റെ ചെലവിലേക്കായി തറവാട് വീട് വില്‍ക്കേണ്ടി വന്ന കോണ്‍ഗ്രസ് നേതാവാണ് മുല്ലപ്പള്ളിയുടെ പിതാവ് മുല്ലപ്പള്ളി ഗോപാലന്‍. വിട്ടുവീഴ്ചയില്ലാത്ത ആദര്‍ശവും നിലപാടുകളും മുല്ലപ്പള്ളി സ്വായത്തമാക്കിയതും പിതാവില്‍ നിന്നു തന്നെ.

അഴിമതിയുടെ കറപുരളാത്ത പ്രതിഛായയും ആദര്‍ശധീരതയുമാണ് കമ്യൂണിസ്റ്റ് കോട്ടയായ കണ്ണൂരില്‍ നിന്നും അഞ്ചു തവണ മുല്ലപ്പള്ളിയെ ഇന്ത്യന്‍പാര്‍ലമെന്റിലെത്തിച്ചത്. ലീഡറോടും നെഹ്റു കുടുംബവുമായുള്ള കൂറും വിശ്വസ്ഥതയുമായിരുന്നു കൈമുതല്‍.

ഇന്ദിരാഗാന്ധിയുമായി ഇടഞ്ഞ് എ.കെ ആന്റണിയുടെ നേതൃത്വത്തില്‍ കേരളത്തിലെ കോണ്‍ഗ്രസ് ആന്റണി വിഭാഗം സി.പി.എമ്മുമായി ചേര്‍ന്ന് കേരളം ഭരിച്ചപ്പോഴും ലീഡര്‍ കെ.കരുണാകരനൊപ്പം അടിയുറച്ചു നില്‍ക്കുകയായിരുന്നു അന്നത്തെ യൂത്ത് കോണ്‍ഗ്രസ് നേതാവ്. അന്ന് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റാക്കിയ മുല്ലപ്പള്ളി രാമചന്ദ്രനെയാണ് നിലമ്പൂരില്‍ ഇടതുപിന്തുണയോടെ മത്സരിച്ച ആര്യാടന്‍ മുഹമ്മദിനെ എതിരിടാന്‍ ലീഡര്‍ പറഞ്ഞയച്ചത്.

നിലമ്പൂരില്‍ ആര്യാടനെതിരായ പോരാട്ടത്തില്‍ അടിപതറിയെങ്കിലും പിന്നീട് കമ്യൂണിസ്റ്റ് കോട്ടയായ കണ്ണൂരില്‍ നിന്നും വിജയയാത്ര തുടങ്ങി. പാട്യം രാജിനെ തോല്‍പ്പിച്ച് 1984ല്‍ കണ്ണൂരില്‍ മൂവര്‍ണ്ണക്കൊടി പാറിച്ച മുല്ലപ്പള്ളിയെ അന്നത്തെ എ.ഐ.സി.സി പ്രസിഡന്റ് ഇന്ദിരാഗാന്ധിയാണ് നേരിട്ട് കെ.പി.സി.സി ജനറല്‍ സെക്രട്ടറിയാക്കിയത്.

രാജീവ്ഗാന്ധിയുമായും സോണിയാഗാന്ധിയുമായും അടുത്ത ബന്ധമായിരുന്നു മുല്ലപ്പള്ളിക്ക് അതേ ഊഷ്മള ബന്ധം രാഹുലുമായും തുടരുന്നു. രാഹുല്‍ഗാന്ധിയെ എ.ഐ.സി.സി അധ്യക്ഷനായി പ്രഖ്യാപിച്ച കോണ്‍ഗ്രസ് തെരഞ്ഞെടുപ്പു സമിതിയുടെ ചുമതലയും മുല്ലപ്പള്ളിക്കായിരുന്നു. സി.പി.എം ഒരു ലക്ഷത്തിലേറെ വോട്ടിനു വിജയിക്കുന്ന വടകര തിരിച്ചുപിടിക്കാനും കോണ്‍ഗ്രസ് നിയോഗിച്ചത് മുല്ലപ്പള്ളിയെയായിരുന്നു.

ലീഡറുമായി അഭിപ്രായ വ്യത്യാസമുണ്ടായപ്പോഴും കുറ്റപ്പെടുത്തുകയോ വേദനിപ്പിക്കുകയോ ചെയ്യാതെ മാറിനില്‍ക്കുന്ന മാന്യതയാണ് മുല്ലപ്പള്ളി കാണിച്ചത്. ഒരേ ഇലയില്‍ നിന്നും ചോറുണ്ട് മകനെപ്പോലെ കരുതിയവര്‍ പിന്നില്‍ നിന്നും കുത്തിയപ്പോഴും ലീഡറുമായുള്ള അടുപ്പവും വ്യക്തിബന്ധവും മുല്ലപ്പള്ളി കെടാതെ സൂക്ഷിച്ചു.

കെ.മുരളീധരന്‍ കോണ്‍ഗ്രസില്‍ മടങ്ങിയെത്താതിരിക്കാന്‍ ഉമ്മന്‍ചാണ്ടിയും ചെന്നിത്തലയും ചേര്‍ന്ന് ചക്രവ്യൂഹം തീര്‍ത്തപ്പോള്‍ അതിനെ തകര്‍ത്ത് മുരളീധരനെ കോണ്‍ഗ്രസില്‍ തിരികെ കൊണ്ടുവന്ന തന്ത്രം പയറ്റിയത് മുല്ലപ്പള്ളിയായിരുന്നു. മുല്ലപ്പള്ളിയും വി.എം സുധീരനുമായിരുന്നു അന്നത്തെ കോണ്‍ഗ്രസ് അധ്യക്ഷ സോണിയാഗാന്ധിയില്‍ നിന്നും മുരളിയെ കോൺഗ്രസ്സിൽ എടുപ്പിക്കാനുള്ള തീരുമാനം എടുപ്പിച്ചത്.

നാഥനില്ലാപ്പടയായ കേരളത്തിലെ കോണ്‍ഗ്രസ് നേതൃത്വത്തെ കരുത്തോടെ നയിക്കാനുള്ള ചുമതലയാണ് മുല്ലപ്പള്ളിക്ക് വന്നുചേര്‍ന്നിരിക്കുന്നത്.

മുല്ലപ്പള്ളിയായിരിക്കും കെ.പി.സി.സി പ്രസിഡന്റെന്ന് ആദ്യം വാര്‍ത്ത നല്‍കിയത് എക്‌സ്പ്രസ് കേരളയാണ്. 2018 ജൂണ്‍ മൂന്നിനായിരുന്നു ഇതുസംബന്ധിച്ച വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്.

റിപ്പോര്‍ട്ട്: എം. വിനോദ്‌

Top