K K Shailaja’s statement in Niyamasabha

K K Shailaja

തിരുവനന്തപുരം: യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് ആരംഭിച്ച മെഡിക്കല്‍കോളേജുകള്‍ ഒന്നും തന്നെ എല്‍ഡിഎഫ് സര്‍ക്കാര്‍ അടച്ചു പൂട്ടില്ലെന്ന് ആരോഗ്യമന്ത്രി കെകെ ശൈലജ. എന്നാല്‍ ഈ മെഡിക്കല്‍ കോളേജുകളില്‍ ആവശ്യമായ സൗകര്യമൊരുക്കാന്‍ സമയം വേണമെന്നും മന്ത്രി പറഞ്ഞു.

സംസ്ഥാനത്തെ എംബിബിഎസ് പ്രവേശം പ്രതിസന്ധിയിലാണെന്നാരോപിച്ച് പ്രതിപക്ഷം കൊണ്ടു വന്ന അടിയന്തരപ്രമേയത്തിന് മറുപടി പറയുകയായിരുന്നു മന്ത്രി. സംസ്ഥാനത്തെ മെഡിക്കല്‍ വിദ്യാഭ്യാസം ഗുരുതര പ്രതിസന്ധിയിലാണെന്നാരോപിച്ച് പ്രതിപക്ഷ എംഎല്‍എ വിഎസ് ശിവകുമാറാണ് അടിയന്തരപ്രമേയം അവതരിപ്പിച്ചത്.

കഴിഞ്ഞ തവണ സ്വാശ്രയ കോളേജുകളിലെ മെറിറ്റ് സീറ്റടക്കം 2180 സീറ്റുകളുണ്ടായിരുന്ന സംസ്ഥാനത്ത് ഇപ്പോള്‍ അത് 1525 ആയി കുറഞ്ഞെന്ന് ശിവകുമാര്‍ പറഞ്ഞു. തിരുവനന്തപുരത്തെ രണ്ടാമത്തെ മെഡിക്കല്‍ കോളേജിന് നൂറ് സീറ്റുകള്‍ നല്‍കാന്‍ എംസിഐ തയ്യാറായിട്ടും അതിനുള്ള സൗകര്യമൊരുക്കാമെന്ന മറുപടി സംസ്ഥാന സര്‍ക്കാര്‍ നല്‍കിയില്ല.

സംസ്ഥാനത്തെ ഏഴ് സ്വാശ്രയ കോളേജുകളുടെ അംഗീകാരം പൂര്‍ണമായും രണ്ടെണ്ണം ഭാഗമികമായും നഷ്ടപ്പെട്ടിട്ടും അവരുമായി ചര്‍ച്ചകള്‍ നടത്താന്‍ സര്‍ക്കാര്‍ ശ്രമിച്ചില്ലെന്നും അടിയന്തരപ്രമേയം അവതരിപ്പിച്ചു കൊണ്ടു വിഎസ് ശിവകുമാര്‍ വിമര്‍ശിച്ചു.

അതേസമയം സംസ്ഥാനത്തെ എല്ലാ മെഡി.കോളേജുകളും എല്‍ഡിഎഫ് സര്‍ക്കാര്‍ നല്ല രീതിയില്‍ നടത്തി കൊണ്ടു പോകുമെന്നും എന്നാല്‍ എല്ലാം ഒറ്റയടിക്ക് ശരിയാക്കുമെന്ന് ഇപ്പോള്‍ പറയുന്നില്ലെന്നും അടിയന്തരപ്രമേയത്തിന് മറുപടി പറഞ്ഞ ആരോഗ്യമന്ത്രി കെകെ ശൈലജ പറഞ്ഞു. മുന്‍ഗണനാക്രമത്തില്‍ എല്ലാ മെഡി.കോളേജുകളിലും സൗകര്യമൊരുക്കിയ ശേഷം അക്കാര്യം എംസിഐയെ അറിയിക്കുമെന്നും മന്ത്രി പറഞ്ഞു.

Top