ഗുജറാത്തിലെ തോൽവി ആഴത്തിൽ പരിശോധിക്കും, ബിജെപിക്ക് വേണ്ടി ആംആദ്മി പ്രവർത്തിച്ചു: കെ സി വേണുഗോപാല്‍

അഹമ്മദാബാദ്: ഗുജറാത്തിലെ തോൽവി ആഴത്തിൽ പരിശോധിക്കുമെന്ന് കെ സി വേണുഗോപാൽ. ബൂത്ത് തലങ്ങളിൽ നല്ല പ്രവർത്തനം നടന്നെന്നാണ് കിട്ടിയ റിപ്പോർട്ട്. ഗൗരവമായ തിരുത്തൽ നടപടികൾ ഉണ്ടാകുമെന്നും കെ സി വേണുഗോപാല്‍ പറഞ്ഞു. ബിജെപി പേടിക്കുന്നത് രാഹുൽ ഗാന്ധിയെ തന്നെയാണ്. ഭാരത് ജോഡോ യാത്രയുടെ ഗുണം ഉടൻ ഉണ്ടാകില്ല, അത് തുടരുകയാണ്. ഗുജറാത്തിൽ നിശബ്ദ പ്രചാരണം പാളിയോ എന്നത് പരിശോധിക്കും. ആംആദ്മി പാർട്ടി ബിജെപിക്ക് വേണ്ടി പ്രവർത്തിച്ചെന്നും കെ സി വേണുഗോപാല്‍ പറഞ്ഞു.

ഹിമാചൽ പ്രദേശിൽ നേടിയത് തിളക്കമുള്ള വിജയമാണ്. മുഖ്യമന്ത്രി സ്ഥാനത്തേക്ക് ചർച്ച നടക്കുന്നു. ഉടൻ തീരുമാനം ഉണ്ടാകില്ലെന്നും കെ സി വേണുഗോപാല്‍ പറഞ്ഞു. വെറും 16 സീറ്റുമായി ചരിത്രത്തിലെ ഏറ്റവും വലിയ തിരിച്ചടിയാണ് ഗുജറാത്തിൽ ഇത്തവണ കോൺഗ്രസ് നേരിട്ടത്. ഗുജറാത്ത് ചരിത്രത്തിലെ എക്കാലത്തെയും വലിയ സീറ്റ് നിലയോടെയാണ് ബിജെപിക്ക് ഭരണത്തുടർച്ച ലഭിച്ചത്.

Top