“മോദിയും പിണറായിയും ഒരേ തൂവല്‍ പക്ഷികൾ; കെ കെ രമയോട് മുഖ്യമന്ത്രിയും കൂട്ടരും ക്രൂരത കാട്ടുന്നു”

കൊച്ചി: മോദിയുടെ കാര്‍ബണ്‍ കോപ്പിയായ സിപിഎമ്മിന്റെ കേരളത്തിലെ മുഖ്യമന്ത്രി പിണറായി വിജയനെ തിരുത്താന്‍ കഴിയാത്ത സീതാറാം യെച്ചൂരിക്ക് മോദിക്കെതിരെ പ്രസംഗിക്കാന്‍ എന്ത് ധാര്‍മികതയാണുള്ളതെന്ന ചോദ്യവുമായി എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ എംപി. ആമ്പല്ലൂരില്‍ മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റിയുടെ പുതിയ ഓഫീസ് കെട്ടിടം ഉദ്ഘാടനം ചെയ്തു സംസാരിക്കുക ആയിരുന്നു അദ്ദേഹം.

മോദി പാര്‍ലമെന്റില്‍ കോണ്‍ഗ്രസിനോടും രാഹുല്‍ ഗാന്ധിയോടും കാണിക്കുന്ന അതേ സ്വഭാവമാണ് കേരള നിയമസഭയില്‍ പിണറായി വിജയന്‍ പ്രതിപക്ഷത്തോട് കാട്ടുന്നത്. പ്രതിപക്ഷ ശബ്‍ദം അടിച്ചമര്‍ത്തുന്നു. അടിയന്തര പ്രമേയത്തിന് അനുമതി നിഷേധിക്കുന്നു. പാര്‍ലമെന്റില്‍ ചര്‍ച്ച വേണ്ടെന്ന് പറയുന്ന മോദിയും നിയമസഭയില്‍ ചര്‍ച്ചവേണ്ടെന്ന് ശഠിക്കുന്ന പിണറായിയും ഒരേ തൂവല്‍ പക്ഷികളാണ്. ഇരുവരും തമ്മില്‍ വ്യത്യാസമില്ല.

പാര്‍ലമെന്റ് അംഗങ്ങളെ സുരക്ഷാസേനയെ ഉപയോഗിച്ച് കൈകാര്യം ചെയ്യുന്നത് പോലെ നിയമസഭയില്‍ വാച്ച് ആന്റ് വാര്‍ഡിനെ ഉപയോഗിച്ച് എംഎല്‍എമാരെ കയ്യേറ്റം ചെയ്യുന്നു. മര്‍ദ്ദനമേറ്റ എംഎല്‍എമാരുടെ പരാതി കേള്‍ക്കാനോ നടപടിയെടുക്കാനോ ഭരണകൂടം തയ്യാറാകുന്നില്ല. പകരം മര്‍ദ്ദനമേറ്റ യുഡിഎഫ് എംഎല്‍എമാര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പ് ചേര്‍ത്ത് കേസെടുക്കുന്ന പിണറായി പൊലീസ് ഭരണപക്ഷ എംഎല്‍എമാര്‍ക്കെതിരെ നിസ്സാര വകുപ്പുകള്‍ ചുമത്തി സംരക്ഷിക്കുകയുമാണ്.

തെറ്റിദ്ധാരണകളുടെ പേരില്‍ സിപിഎമ്മില്‍ നിന്ന് പുറത്താക്കിയ ശേഷം 51 വെട്ട് വെട്ടിക്കൊലപ്പെടുത്തിയ ടി പി ചന്ദ്രശേഖരനോടുള്ള പക തീര്‍ന്നില്ലെന്നതിന് തെളിവാണ് അദ്ദേഹത്തിന്റെ ഭാര്യയും ജനപ്രതിനിധിയുമായ കെ കെ രമയോട് മുഖ്യമന്ത്രിയും കൂട്ടരും കാട്ടുന്ന ക്രൂരത. നിയമസഭ വളപ്പില്‍വ്വെച്ച് കൈ തല്ലിയൊടിച്ചിട്ട് രമ കള്ളംപറയുന്നെന്ന് പ്രചരിപ്പിക്കുന്നത് നിന്ദ്യമാണെന്നും കെ സി വേണുഗോപാല്‍ പറഞ്ഞു. ഗ്രീന്‍ ട്രിബ്യൂണല്‍ പിഴ ചുമത്തിയതോടെ ബ്രഹ്‌മപുരത്ത് തീപിടിത്തം സര്‍ക്കാരിന്റെ വീഴ്ചയാണെന്ന് വ്യക്തമായി. ഏറെ വിശ്വാസ്യതയുള്ള ബോഡിയാണ് ഗ്രീന്‍ ട്രീബ്യൂണലിന്റേത്.

ആസനത്തില്‍ ആലുമുളച്ചാല്‍ അതും തണലായി കാണുന്ന മുഖ്യമന്ത്രി ഗ്രീന്‍ ട്രിബ്യൂണല്‍ പിഴ ചുമത്തിയാലും പഠിക്കില്ല. ജനങ്ങളെ ബാധിക്കുന്ന ഗുരുതപ്രശ്നം ഉണ്ടായിട്ട് അത് ഏറ്റെടുക്കാനുള്ള ധാര്‍മിക മര്യാദ കാണിക്കാത്ത വ്യക്തിയാണ് മുഖ്യമന്ത്രി. ബ്രഹ്മപുരത്ത് മാലിന്യ നിര്‍മ്മാര്‍ജന കരാര്‍ സിപിഎം ബന്ധുവിന്റെ കമ്പനിക്ക് നല്‍കിയതുമായി ബന്ധപ്പെട്ട ആരോപണവും അന്വേഷിക്കണം.

ബയോ മൈനിംഗ് പ്രവൃത്തി പരിചയമില്ലാത്ത കമ്പനിക്ക് കരാര്‍ നല്‍കിയതിന് പിന്നില്‍ ഉന്നത ഇടപെടലുണ്ട്. കെട്ടിക്കിടക്കുന്ന മാലിന്യം നീക്കം ചെയ്യാതെ കത്തിക്കുകയാണ് ഉണ്ടായത്. ഇത് സംബന്ധമായ അന്വേഷണം നടത്തി കുറ്റക്കാരെ ശിക്ഷിക്കുകയും ഇത്തരം ദുരന്തം ഇനിയും ആവര്‍ത്തിക്കാതിരിക്കാനുള്ള മുന്‍ കരുതല്‍ നടപടികള്‍ സ്വീകരിക്കണമമെന്നും കെ സി വേണുഗോപാല്‍ പറഞ്ഞു.

Top