വേണുഗോപാലിന്റെ സ്ഥാനാരോഹണം; സംസ്ഥാന കോണ്‍ഗ്രസ്സില്‍ ആശങ്ക . . . !

കെ.സി വേണുഗോപാല്‍ കോണ്‍ഗ്രസ്സിന്റെ സംഘടനാ ചുമതലയുള്ള ജനറല്‍ സെക്രട്ടറിയായതില്‍ അന്തം വിട്ട് കേരളത്തിലെ കോണ്‍ഗ്രസ്സ് നേതൃത്വം. രാജസ്ഥാന്‍ മുഖ്യമന്ത്രിയായി അശോക് ഗലോട്ട് നിയമിതനായ ഒഴിവിലാണ് ഈ നിയമനമെന്നതും ഗ്രൂപ്പ് നേതാക്കളുടെ ചങ്കിടിപ്പിക്കുന്നതാണ്.

അടുത്ത നിയമസഭാ തിരഞ്ഞെടുപ്പില്‍ വിജയിച്ച് കേരള മുഖ്യമന്ത്രിയാവാമെന്ന് കരുതി മനക്കോട്ട കെട്ടിയവര്‍ക്കാണ് ഉറക്കം നഷ്ടമായിരിക്കുന്നത്.

യു.പി.എ ക്ക് കേന്ദ്രത്തില്‍ സര്‍ക്കാര്‍ ഉണ്ടാക്കാന്‍ പറ്റിയില്ലെങ്കില്‍ രാഹുല്‍ ഗാന്ധി കേരളത്തില്‍ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായി കെ.സി വേണുഗോപാലിനെ കെട്ടിയിറക്കുമോ എന്നതാണ് മുഖ്യമന്ത്രി മോഹികളുടെ ഭയം.

പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, മുല്ലപ്പള്ളി രാമചന്ദ്രന്‍, കെ.മുരളീധരന്‍ തുടങ്ങി മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിവരെ യു.ഡി.എഫിന് ഭൂരിപക്ഷം കിട്ടിയാല്‍ മുഖ്യമന്ത്രിമാരാവാന്‍ ആഗ്രഹിക്കുന്നവരാണ്. ഇപ്പോഴത്തെ കെ.സി.വേണുഗോപാലിന്റെ പദവി മുന്‍ നിര്‍ത്തി അദ്ദേഹത്തിന് കേന്ദ്രത്തില്‍ യു.പി.എ മന്ത്രിസഭ ഉണ്ടാക്കിയാല്‍ കാബിനറ്റ് റാങ്കോടെ കേന്ദ്ര മന്ത്രി സ്ഥാനം ഉറപ്പാണ്.

എന്നാല്‍ മറിച്ചായാല്‍ കേരളത്തിലെ കോണ്‍ഗ്രസ്സില്‍ അധികാര വടംവലി രൂക്ഷമാകും. കേരളം ലക്ഷ്യമിട്ടായിരിക്കും പിന്നീട് വേണുഗോപാലിന്റെ നീക്കങ്ങള്‍. രമേശ് ചെന്നിത്തലയും ജി.കാര്‍ത്തികേയനും മൂന്നാം ഗ്രൂപ്പ് രൂപീകരിച്ചപ്പോള്‍ അതില്‍ പ്രധാനി ആയിരുന്നു മുന്‍പ് വേണുഗോപാല്‍.

ഐ ഗ്രൂപ്പ് ക്വാട്ടയിലാണ് അദ്ദേഹം സംസ്ഥാന മന്ത്രിയായതും ആലപ്പുഴയില്‍ നിന്നും എം.പി ആയതും. എന്നാല്‍ കഴിഞ്ഞ യു.പി.എ സര്‍ക്കാറില്‍ കേന്ദ്ര സഹമന്ത്രി ആയതോടെ ദേശീയ തലത്തില്‍ വേണുഗോപാല്‍ ബന്ധം മെച്ചപ്പെടുത്തി. 2014ലെ ലോകസഭ തിരഞ്ഞെടുപ്പില്‍ 44 സീറ്റുകളില്‍ കോണ്‍ഗ്രസ്സ് ഒതുങ്ങിയതോടെ ലോകസഭയില്‍ വേണുഗോപാലിന്റെ പ്രകടനം രാഹുല്‍ ഗാന്ധിയില്‍ മതിപ്പുണ്ടാക്കാനും വഴി ഒരുക്കി. ഇപ്പോള്‍ സഭയിലെ ഡെപ്യൂട്ടി ചീഫ് വിപ്പു കൂടിയാണ്. പിന്നീട് കര്‍ണ്ണാടക ചുമതലയുള്ള എ.ഐ.സി.സി ജനറല്‍ സെക്രട്ടറി ആയതോടെ വേണുവിന്റെ രാഷ്ട്രീയ തന്ത്രജ്ഞത രാഹുല്‍ നേരിട്ട് കണ്ടു.

നഷ്ടപ്പെട്ടു എന്നു കരുതിയ കര്‍ണ്ണാടക ഭരണം ജനതാദള്‍ എസിനെ കൂട്ടു പിടിച്ച് നേടിയെടുത്തതാണ് പുതിയ സ്ഥാനാരോഹണത്തിന് കാരണമായത്. രാജസ്ഥാനില്‍ തന്നെ മുഖ്യമന്ത്രിയാക്കുന്നതിന് ഒരു കൈ സഹായിച്ച വേണുവിന്റെ പേര് അശോക് ഗലോട്ടുതന്നെ പിന്‍ഗാമിയായി രാഹുലിനോട് ശുപാര്‍ശ ചെയ്തിരുന്നതായാണ് പുറത്ത് വരുന്ന വിവരം.

ഇപ്പോള്‍ രാഹുല്‍ ഗാന്ധിക്ക് കീഴില്‍ രണ്ടാമനായി സംഘടനാ ചുമതലയുള്ള ജനറല്‍ സെക്രട്ടറി ആയതിനാല്‍ വേണുഗോപാല്‍ തങ്ങളെ വെട്ടിനിരത്തുമോ എന്ന ഭയം സംസ്ഥാനത്തെ പ്രമുഖ കോണ്‍ഗ്രസ്സ് നേതാക്കള്‍ക്കുണ്ട്.

സ്വന്തമായി ഒരു ഗ്രൂപ്പും പിന്‍ബലവും ഉണ്ടാക്കി മുഖ്യമന്ത്രി സ്ഥാനം ഉറപ്പിക്കാനുള്ള നീക്കം വേണുഗോപാല്‍ നടത്തുമെന്നാണ് എ.ഐ ഗ്രൂപ്പ് നേതൃത്വങ്ങള്‍ കരുതുന്നത്.

ഐ ഗ്രൂപ്പ് നേതാവായ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലക്കാണ് വലിയ വെല്ലുവിളി. വേണുഗോപാല്‍ മുഖ്യമന്ത്രിമോഹം മുന്‍ നിര്‍ത്തി ഐ ഗ്രൂപ്പ് തന്റെ ചൊല്‍പ്പടിക്ക് കീഴില്‍ നിര്‍ത്തുമെന്നാണ് ചെന്നിത്തലയുടെ ഭയം. ഐ ഗ്രൂപ്പിലെ പ്രബല വിഭാഗത്തിന്റെ പിന്തുണ നിലവില്‍ വേണുഗോപാലിനുണ്ട്.

ഇപ്പാഴത്തെ സംഘടനാ വിഷയങ്ങള്‍ ഗൗരവമായി കാണുന്ന എ ഗ്രൂപ്പാകട്ടെ ഉമ്മന്‍ ചാണ്ടിയെ മുന്‍ നിര്‍ത്തി വേണുഗോപാലിനെ പ്രതിരോധിക്കാനുള്ള നീക്കത്തിലാണ്. ഉമ്മന്‍ ചാണ്ടിയും പ്രവര്‍ത്തക സമിതി അംഗമായതിനാല്‍ അതിനു മീതെ കേരളത്തില്‍ വേണുവിനെ പറക്കാന്‍ വിടില്ലെന്ന നിലപാടിലാണ് എ ഗ്രൂപ്പ്. ഐ ഗ്രൂപ്പാണ് പൊളിഞ്ഞ് ഇല്ലാതാവാന്‍ പോകുന്നതെന്ന നിലപാടിലാണവര്‍.

അതേസമയം ലോകസഭ തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ സ്ഥാനാര്‍ത്ഥി കുപ്പായം തുന്നിയ നേതാക്കളില്‍ മിക്കവരും വേണുഗോപാല്‍ പാരവയ്ക്കുമോ എന്ന ഭീതിയിലാണിപ്പോള്‍. സംഘടനാ ചുമതലയുള്ള സെക്രട്ടറി ആയതിനാല്‍ ഏത് സംസ്ഥാനത്തും വേണുഗോപാലിന് ഇടപെടാം.

പ്രത്യേകിച്ച് കേരളത്തില്‍ നിന്നുള്ള നേതാവായതിനാല്‍ വേണുഗോപാല്‍ ഇടപെട്ട് ചില ശിങ്കിടികള്‍ക്ക് സീറ്റ് വാങ്ങി കൊടുക്കുമെന്ന ഭീതി സിറ്റിങ്ങ് എം.പിമാര്‍ക്കിടയില്‍ പോലും ഇപ്പോഴുണ്ട്.

യുവ നേതൃത്വം പാര്‍ലമെന്ററി രംഗത്തേക്ക് കടന്ന് വരണമെന്ന രാഹുലിന്റെ ആഗ്രഹം മുന്നില്‍ കണ്ട് ചില പേരുകള്‍ വേണുഗോപാല്‍ മുന്നോട്ട് വയ്ക്കുമെന്നാണ് ലഭിക്കുന്ന സൂചന.

ചുരുക്കി പറഞ്ഞാല്‍ വേണുഗോപാലിന്റെ പുതിയ സ്ഥാനലബ്ധി കേരളത്തിലെ കോണ്‍ഗ്രസ്സില്‍ പൊട്ടിത്തെറിക്കും പുതിയ സമവാക്യങ്ങള്‍ക്കുമാണ് വഴി ഒരുക്കിയിരിക്കുന്നത്. വിനാശകാലേ ആയിരുന്നോ വിപരീത ‘ബുദ്ധി’ എന്നത് കണ്ടു തന്നെ അറിയണം.

political reporter

Top