കരിനിയമങ്ങള്‍ കാലോചിതമായി പരിഷ്‌കരിക്കണമെന്നാണ് കോണ്‍ഗ്രസ് നയം: കെ സി വേണുഗോപാല്‍

ഡൽഹി: കരിനിയമങ്ങൾ കാലോചിതമായി പരിഷ്‌കരിക്കണമെന്നതാണ് കോൺഗ്രസിന്റെ നിലപാടെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ. നീതി ന്യായ വ്യവസ്ഥയിലുള്ള വിശ്വാസം വർധിപ്പിക്കുന്നതാണ് രാജ്യദ്രോഹക്കുറ്റം സ്‌റ്റേ ചെയ്തുകൊണ്ടുള്ള സുപ്രിംകോടതി ഉത്തരവ്. സർക്കാരിന് അപ്രിയമായത് പറഞ്ഞാൽ രാജ്യദ്രോഹമാകുന്ന രീതിയാണ് ഇന്ത്യയിലുള്ളതെന്നും കെ സി വേണുഗോപാൽ ഡൽഹിയിൽ മാധ്യമങ്ങളോട് പറഞ്ഞു.

മനുഷ്യാവകാശങ്ങളും പൗരാവകാശങ്ങളും ലംഘിക്കുന്ന ധാരാളം കേസുകൾ രാജ്യദ്രോഹക്കുറ്റത്തിന്റെ പരിധിയിൽ രാജ്യത്തുണ്ടായിട്ടുണ്ട്. ഫാദർ സ്റ്റാൻ സ്വാമിയുടെ മരണമൊക്കെ അതിലുദാഹരണമാണ്. കുറ്റം ചെയ്തവരെ ശിക്ഷിക്കാൻ രാജ്യത്ത് ധാരാളം മാർഗങ്ങളുണ്ട്. അല്ലാതെ ചെയ്യാത്ത കുറ്റത്തിന്റെ പേരിൽ, രാജ്യദ്രോഹ കുറ്റം ചുമത്തി, ജയിലിലടയ്ക്കുന്നത് കാടൻ രീതിയാണ്. തത്വത്തിൽ സുപ്രിംകോടതിയിൽ തത്വത്തിൽ അംഗീകരിച്ചിട്ടുണ്ടെങ്കിലും ആത്മാർത്ഥതയില്ലാത്ത തീരുമാനാമായിരുന്നു കേന്ദ്രസർക്കാരിന്റേതെന്നും കോടതി വിധി ബിജെപി സർക്കാരിനേറ്റ പ്രഹരമാണെന്നും കെ സി വേണുഗോപാൽ പ്രതികരിച്ചു.

കേന്ദ്ര സർക്കാരിന്റെ പുനപരിശോധന കഴിയുന്നതുവരെയാണ് രാജ്യദ്രോഹക്കുറ്റം സുപിംകോടതി സ്റ്റേ ചെയ്തത്. ചീഫ് ജസ്റ്റിസ് എൻവി രമണ അധ്യക്ഷനായ ബെഞ്ചാണ് നിർണായക നിലപാട് എടുത്തത്. 124 എ വകുപ്പ് പ്രകാരം ഇനി എഫ്‌ഐആർ എടുക്കരുതെന്ന് കോടതി നിർദ്ദേശം നൽകി. ഈ വകുപ്പിൽ കേന്ദ്രവും സംസ്ഥാനങ്ങളും കേസെടുക്കരുത്.

ഇതൊരു കൊളോണിയൽ നിയമമാണ്, ഭരണഘടനാവിരുദ്ധമാണ് എന്ന് തുടങ്ങിയ ഹർജിക്കാരുടെ വാദമുഖങ്ങൾ കേട്ട ശേഷമാണ് തീരുമാനം എടുത്തത്. ഹർജിക്കാരിൽ എത്ര പേർ രാജ്യദ്രോഹക്കുറ്റത്തിനു ജയിലിൽ കഴിയുന്നുണ്ടെന്ന ചോദ്യത്തിന് ഒരാൾ എന്നായിരുന്നു മറുപടി. രാജ്യദ്രോഹക്കുറ്റം ചുമത്തിൽ എഫ്‌ഐആർ രജിസ്റ്റർ ചെയ്യുന്നതിൽ നിന്ന് പൊലീസിനെ വിലക്കാൻ കഴിയില്ലെന്നായിരുന്നു കേന്ദ്ര സർക്കാർ സ്വീകരിച്ചത്. എന്നാൽ, ഇത് ഹർജിക്കാർക്ക് വേണ്ടി ഹാജരായ അഭിഭാഷകൻ കപിൽ സിബൽ എതിർത്തു.

Top