സിപിഎമ്മിന് പരാജയ ഭീതിയെന്ന് കെ ബാബു

കൊച്ചി: സിപിഎമ്മിന് പരാജയ ഭീതി കൊണ്ടാണ് താന്‍ ആര്‍ എസ് എസ് നോമിനിയാണ് എന്ന് പറഞ്ഞതെന്ന് തൃപ്പൂണിത്തുറയിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി കെ ബാബു. സിപിഎം ആദ്യം മറുപടി പറയേണ്ടത് ബാലശങ്കറിന്റെ ആരോപണത്തിനാണ്. കോടിയേരി ബാലകൃഷ്ണന്‍ ആദ്യം മക്കളെ നിലക്ക് നിര്‍ത്തിയിട്ട് വേണം പ്രതികരിക്കാന്‍. താന്‍ എന്നും ഉത്തമ കോണ്‍ഗ്രസുകാരന്‍ ആണ്. അതിന് കോടിയേരിയുടെ സര്‍ട്ടിഫിക്കേറ്റ് വേണ്ടെന്നും ബാബു പറഞ്ഞു.

സിപിഎമ്മിന്റെ ജാഥക്ക് പോകുന്നവരുടെ വീട്ടിലുള്ളവരുടെ വോട്ട് തനിക്ക് കിട്ടാറുണ്ട്. ബിജെപിക്കാരുടെ വോട്ട് കിട്ടും എന്നല്ല താന്‍ പറഞ്ഞത്. ബിജെപി അനുഭാവികളുടെ വോട്ട് കിട്ടും എന്നാണ് പറഞ്ഞത്. അവരുടെ ഒക്കെ പേര് പറയാന്‍ താന്‍ അത്ര മണ്ടന്‍ അല്ല. ബിജെപിക്ക് കഴിഞ്ഞ തവണത്തെ സാഹചര്യത്തില്‍ വോട്ട് ചെയ്തവര്‍ ഇത്തവണ തനിക്ക് വോട്ട് ചെയ്യും. അതില്‍ കോണ്‍ഗ്രസിന് വോട്ട് ചെയ്തിരുന്നവരും ഉണ്ട്.

ശബരിമല വിഷയം തൃപ്പൂണിത്തുറയില്‍ വളരെ പ്രസക്തമാണ്. കെ എസ് രാധാകൃഷ്ണന് ജനങ്ങളുമായി ബന്ധം ഇല്ല. തനിക്കെതിരെ ഉള്ള കേസുകളുടെ എണ്ണം പ്രസിദ്ധീകരിക്കാന്‍ കെ എസ് രാധാകൃഷ്ണന്‍ തയ്യാറാകണം. വീട്ടിലിരുന്ന് പുസ്തകം വായിക്കുന്ന ആള്‍ക്കെതിരെ കേസുണ്ട് എന്ന് പറഞ്ഞാല്‍ വിശ്വസിക്കാന്‍ പാടാണ് എന്നും കെ ബാബു പറഞ്ഞു.

 

Top