കെ ബാബുവിന്റെ തെരഞ്ഞെടുപ്പ് വിജയം അസാധുവാക്കണം; സിപിഎം കോടതിയിലേക്ക്

കൊച്ചി: തൃപ്പൂണിത്തുറയിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി കെ ബാബുവിന്റെ തെരഞ്ഞെടുപ്പ് വിജയം അസാധുവാക്കണമെന്നാവശ്യപ്പെട്ട് സിപിഎം കോടതിയിലേക്ക്. കെ ബാബു അയ്യപ്പന്റെ പേരില്‍ വോട്ട് പിടിച്ചത് തെരഞ്ഞെടുപ്പ് ചട്ടലംഘനമാണെന്നാരോപിച്ചാണ് സിപിഎം ഹൈക്കോടതിയെ കോടതിയെ സമീപിക്കുക. സീല്‍ ഇല്ലാത്തതിന്റെ പേരില്‍ 1071 പോസ്റ്റല്‍ വോട്ട് അസാധുവാക്കിയ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരുടെ നടപടിയും സിപിഎം കോടതിയില്‍ ചോദ്യം ചെയ്യും.

992 വോട്ടിന് സിറ്റിംഗ് എംഎല്‍എ എം സ്വരാജ് കെ ബാബുവിന് മുന്നില്‍ വീണത് ബിജെപി വോട്ടുകള്‍ മറിച്ചത് കൊണ്ടാണെന്നായിരുന്നു പ്രധാന ആരോപണം. ബാബുവിന്റെ നടപടി തെരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടങ്ങളുടെ ലംഘനമാണെന്നും വിജയം അസാധുവാക്കണമെന്നുമാണ് സിപിഎം ആവശ്യം. തെരഞ്ഞെടുപ്പ് പ്രചാരണ ബോര്‍ഡുകളും, കെ ബാബുവിന്റെ പ്രസംഗങ്ങളുമടക്കമുള്ള തെളിവുകള്‍ തെരഞ്ഞെടുപ്പ് കമ്മീഷന് മുന്നില്‍ ഹാജരാക്കിയിട്ടുണ്ടെന്നും ഇക്കാര്യത്തില്‍ നടപടിയുണ്ടായില്ലെന്നും സിപിഎം വ്യക്തമാക്കുന്നു. ഇതിന് പുറമെ 80 വയസ്സ് കഴിഞ്ഞവരുടെ 1071 പോസ്റ്റര്‍ ബാലറ്റ് എണ്ണാതെ മാറ്റിവെച്ച നടപടിയും സിപിഎം എതിര്‍ക്കും.

 

Top