k babu-vigilance

K BABU

കൊച്ചി: അനധികൃത സ്വത്ത് സമ്പാദന കേസില്‍ മുന്‍ മന്ത്രി കെ.ബാബുവിനെ വീണ്ടും ചോദ്യം ചെയ്യണമെന്ന് വിജിലന്‍സ്. ബാബുവും ബിനാമി എന്ന് പറയപ്പെടുന്ന ബാബുറാമും തമ്മില്‍ അടുത്ത ബന്ധമുണ്ടെന്ന് തെളിയികുന്ന വിവരങ്ങള്‍ വിജിലന്‍സ് ശേഖരിച്ചു.

കേസുമായി ബന്ധപ്പെട്ട് രണ്ടു തവണ ബാബുറാമിനെയും ഒരു തവണ ബാബുവിനെയും വിജിലന്‍സ് ചോദ്യം ചെയ്തിരുന്നു.

ഇരുവരും തമ്മിലുള്ള ബന്ധത്തിന്റെ കൂടുതല്‍ തെളിവുകള്‍ ലഭിച്ചതിനാല്‍ വെള്ളിയാഴ്ച ബാബുവിനെ വീണ്ടും ചോദ്യം ചെയ്യാന്‍ വിജിലന്‍സ് വിളിപ്പിച്ചിട്ടുണ്ട്. രാവിലെ 10ന് വിജിലന്‍സ് ആസ്ഥാനത്ത് എത്താനാണ് മുന്‍മന്ത്രിക്ക് നോട്ടീസ് നല്‍കിയിരിക്കുന്നത്.

ബാബുവിനെതിരേ ബാര്‍ കോഴക്കേസില്‍ എടുത്ത എഫ്‌ഐആര്‍ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ബാബുറാം വിജിലന്‍സ് ഡയറക്ടര്‍ക്ക് അയച്ച കത്തിന്റെ പകര്‍പ്പും കണ്ടെത്തിയവയില്‍ ഉള്‍പ്പെടുന്നുണ്ട്.

സത്യസന്ധനായ ബാബുവിനെതിരേ ചിലര്‍ ഗൂഢലക്ഷ്യം വച്ച് ആരോപണങ്ങള്‍ ഉന്നിയിക്കുകയാണെന്നും കേസ് റദ്ദാക്കണണെന്നുമായിരുന്നു ബാബുറാമിന്റെ കത്തിലെ ആവശ്യം. ഇയാളുടെ വീട്ടില്‍ വിജിലന്‍സ് നടത്തിയ പരിശോധനയിലാണ് കത്തിന്റെ പകര്‍പ്പ് കണ്ടെത്തിയത്.

കുമ്പളിങ്ങി സ്വദേശിയായ ബാബുറാം കെ.ബാബുവിന് വേണ്ടി ബിനാമിയായി നിന്ന് 40 സ്ഥലത്ത് ഭൂമി വാങ്ങിക്കൂട്ടിയെന്നും വിജിലന്‍സ് പറയുന്നു.

ഇതിനുള്ള പണത്തിന്റെ സ്രോതസ് എവിടെ നിന്നെന്ന് ബാബുറാമിനോട് വിജിലന്‍സ് ആരാഞ്ഞെങ്കിലും കൃത്യമായ മറുപടി നല്‍കാന്‍ ഇയാള്‍ക്കായില്ല. ബാബുവും ബാബുറാമും തമ്മിലുള്ള ഫോണ്‍ സംഭാഷണങ്ങളുടെ വിവരങ്ങളും വിജിലന്‍സ് കണ്ടെത്തിയിട്ടുണ്ട്.

Top