മുഖ്യമന്ത്രി അവാസ്തവം പ്രചരിപ്പിക്കുന്നു; കോടതിയില്‍ കാണാമെന്ന് കെ ബാബു

തിരുവനന്തപുരം: തൃപ്പൂണിത്തുറയില്‍ ബിജെപി വോട്ട് വാങ്ങിയാണ് യുഡിഎഫ് ജയിച്ചതെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവനക്കെതിരെ കെ ബാബു രംഗത്ത്. മുഖ്യമന്ത്രി അവാസ്തവം പ്രചരിപ്പിക്കുകയാണ് . യുഡിഎഫിന് വോട്ട് ചെയ്തവരെ അപമാനിക്കുകയാണ് മുഖ്യമന്ത്രി ചെയ്യുന്നത്. ബിജെപി സ്ഥാനാര്‍ഥിക്ക് 6087 വോട്ട് കുറഞ്ഞിട്ടുണ്ട്. ഇത് യുഡിഎഫിലേക്കാണ് എന്ന് പറയുന്നത് തെറ്റാണ്. ബിജെപിക്ക് മണ്ഡലത്തില്‍ അത്രയും വോട്ടില്ല. യുഡിഎഫ് ഇതിലധികം വോട്ട് പ്രതീക്ഷിച്ചിരുന്നു. പ്രതീക്ഷിച്ച വോട്ടത്രയും കിട്ടിയിട്ടില്ലെന്നും കെ ബാബു പറഞ്ഞു.

വിശ്വാസി സമൂഹത്തെ വേദനിപ്പിച്ച നിലപാടാണ് മണ്ഡലത്തിലെ എല്‍ഡിഎഫ് സ്ഥാനാര്‍ഥി സ്വീകരിച്ചത്. എംഎല്‍എ അപ്രാപ്യന്‍ ആയിരുന്നു എന്ന അഭിപ്രായവും നിലനിന്നിരുന്നു. ഇതാണ് സിപിഎമ്മിന് തിരിച്ചടി കിട്ടാന്‍ കാരണം. തെരഞ്ഞെടുപ്പ് ചട്ടലംഘനം ആരോപിച്ച് സിപിഎം കോടതിയെ സമീപിച്ചിട്ടുണ്ടെങ്കില്‍ അത് കോടതിയില്‍ വരുമ്പോള്‍ കാണാമെന്നും കെ ബാബു പറഞ്ഞു.

തെരഞ്ഞെടുപ്പ് തോല്‍വിയെ തുടര്‍ന്ന് നേതൃമാറ്റം അടിയന്തരമായി ചര്‍ച്ച ചെയ്യേണ്ട വിഷയം അല്ല. തിടുക്കപ്പെട്ട് വേണോ വേണ്ടയോ എന്ന് നേതൃത്വവും ഹൈക്കമാന്‍ഡും ചര്‍ച്ച ചെയ്തു തീരുമാനിക്കട്ടെയെന്നും അദ്ദേഹം പറഞ്ഞു.

Top