കെ അയ്യപ്പന് നോട്ടീസ്; കസ്റ്റംസ് ചട്ടം പാലിച്ച് അന്വേഷണം നടത്തണമെന്ന് സ്പീക്കര്‍

തിരുവനന്തപുരം: സ്വര്‍ണ്ണക്കടത്തുമായി ബന്ധപ്പെട്ട അന്വേഷണത്തില്‍ നടപടിക്രമങ്ങള്‍ പാലിച്ചിട്ടില്ലെന്ന് സ്പീക്കര്‍ ശ്രീരാമകൃഷ്ണന്‍. സ്പീക്കറുടെ അസി.പ്രൈവറ്റ് സെക്രട്ടറി കെ അയ്യപ്പനെ ചോദ്യം ചെയ്യാന്‍ കസ്റ്റംസ് വിളിപ്പിച്ചതിനെതിരെ ആയിരുന്നു സ്പീക്കറുടെ പ്രതികരണം. സ്പീക്കറുടെ ഓഫീസിന്റെ അനുമതിയില്ലാതെ അസി. സെക്രട്ടറിയ്ക്ക് നോട്ടീസ് നല്‍കാനാകില്ല. നിയമപരിരക്ഷ ജീവനക്കാര്‍ക്കും ബാധകമാണ്, നടപടിക്രമങ്ങള്‍ പാലിച്ച് വേണം നോട്ടീസ് നല്‍കാനെന്നും അദ്ദേഹം വ്യക്തമാക്കി.

നിമസഭയുടെ പരിധിയില്‍ വച്ച് ഒരാളെ അറസ്റ്റ് ചെയ്യുന്നതിനും സ്പീക്കറുടെ അനുമതി വേണം. ചട്ടം 165 എംഎല്‍എ മാര്‍ക്ക് മാത്രമല്ല ബാധകം. കസ്റ്റംസ് അന്വേഷണത്തെ ഒരു കാരണവശാലും തടസ്സപ്പെടുത്തില്ലെന്നും ശ്രീരാമകൃഷ്ണന്‍ അറിയിച്ചു.

അതേസമയം, നിയമസഭയുടെ ബജറ്റ് സമ്മേളനം നാളെ തുടങ്ങും. നാളെ നടക്കുന്ന സഭാ സമ്മേളനം പ്രക്ഷുബ്ധമാകാന്‍ സാധ്യതയുണ്ട്. നാളെ രാവിലെ 9 മണിയ്ക്ക് ഗവര്‍ണ്ണറുടെ നയപ്രഖ്യാപനം ഉണ്ടാകും. 11 മണി വരെയാണ് നയപ്രഖ്യാപന പ്രസംഗം നടക്കുക. സ്പീക്കറെ മാറ്റണമെന്ന എം.ഉമ്മറിന്റെ നോട്ടീസ് ചര്‍ച്ചയ്‌ക്കെടുക്കുമെന്നും സ്പീക്കര്‍ അറിയിച്ചു.

തന്റെ 40 കൊല്ലത്തെ പൊതു പ്രവര്‍ത്തനത്തില്‍ ഒരു രൂപ പോലും കൈക്കൂലി വാങ്ങിയിട്ടില്ല. അത്തരം ഒരു ആരോപണം തെളിഞ്ഞാല്‍ താന്‍ പൊതു പ്രവര്‍ത്തനം അവസാനിപ്പിക്കുമെന്നും സ്പീക്കര്‍ വ്യക്തമാക്കി.

Top