കര്‍ഷകര്‍ക്കൊപ്പമാണ് സര്‍ക്കാര്‍ നില്‍ക്കേണ്ടതെന്ന് ജ്യോതിരാദിത്യ സിന്ധ്യ

ഭോപാല്‍ : കര്‍ഷകര്‍ക്കൊപ്പമാണ് സംസ്ഥാന സര്‍ക്കാര്‍ നില്‍ക്കേണ്ടതെന്ന് കോണ്‍ഗ്രസ് നേതാവ് ജ്യോതിരാദിത്യ സിന്ധ്യ. അടിയന്തര ആവശ്യമുള്ള ഈ സാഹചര്യത്തില്‍ പ്രാഥമികമായ സര്‍വേയില്‍ എനിക്കു വിശ്വാസം പോരന്നും പ്രളയബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിച്ച് സിന്ധ്യ പറഞ്ഞു. ഇപ്പോള്‍ തെളിഞ്ഞ കാലാവസ്ഥയാണ്. നഷ്ടം കണക്കാക്കുന്നത് ഇപ്പോള്‍ വേണം. ഉദ്യോഗസ്ഥര്‍ പ്രളയബാധിത മേഖലകളിലെത്തി പരിശോധന നടത്തി, നഷ്ടപരിഹാരത്തുകകള്‍ വിതരണം ചെയ്യണമെന്നും അദ്ദേഹം പറഞ്ഞു.

മധ്യപ്രദേശിന് ആവശ്യത്തിനു കേന്ദ്രസഹായം ലഭ്യമാക്കാന്‍ സംസ്ഥാനത്തെ ബിജെപി നേതാക്കള്‍ തയാറാകണം. മഴയിലും വെള്ളപ്പൊക്കത്തിലും കൃഷിനാശം സംഭവിച്ചവര്‍ക്കു മൂന്നു രീതിയില്‍ നഷ്ടപരിഹാരം നല്‍കണം. ആദ്യം സംസ്ഥാന സര്‍ക്കാര്‍ സഹായം, പിന്നെ കാര്‍ഷിക ഇന്‍ഷുറന്‍സ് പദ്ധതി വഴിയുള്ള സഹായം, മൂന്നാമത് കേന്ദ്ര സര്‍ക്കാരിന്റെ ദുരന്തനിവാരണ ഫണ്ടില്‍ നിന്നുള്ള സഹായമെന്നും അദ്ദേഹം പറഞ്ഞു.

മഴയില്‍ 100 ശതമാനം കൃഷിയും നശിച്ചാല്‍ ഒരു സര്‍വേയുടെയും ആവശ്യമില്ലെന്നും സിന്ധ്യ വ്യക്തമാക്കി.

മഴയിലും വെള്ളപ്പൊക്കത്തിലും കൃഷിനാശമുണ്ടായ സംസ്ഥാനത്ത് നഷ്ടം കണക്കാക്കാന്‍ സര്‍വേ നടത്തുന്നതിനെതിരെയാണ് സിന്ധ്യ പ്രതികരിച്ചത്. മധ്യപ്രദേശിലെ മന്ദ്‌സൗര്‍, നീമുച് ജില്ലകളില്‍ പ്രളയം എത്രത്തോളം ബാധിച്ചെന്നു കണ്ടെത്തുന്നതിനാണു സര്‍വേ നടത്താന്‍ മുഖ്യമന്ത്രി കമല്‍നാഥ് ഉത്തരവിട്ടിരുന്നത്.

Top