പ്രധാനമന്ത്രി കസേരയല്ല പ്രാധാന്യമെന്ന് തെളിയിച്ച സിപിഎമ്മിനെ കണ്ടു പഠിക്കണം

മോദി മാത്രമല്ല, രാഹുല്‍ ഗാന്ധി മുതല്‍ മമത ബാനര്‍ജിയും മായാവതിയും വരെയുള്ള സകല നേതാക്കളും ലക്ഷ്യം വെയ്ക്കുന്നത് പ്രധാനമന്ത്രി കസേര തന്നെയാണ്. മോദി രണ്ടാം ഊഴമാണ് ആഗ്രഹിക്കുന്നതെങ്കില്‍ മറ്റു പാര്‍ട്ടി നേതാക്കള്‍ക്ക് അത് സ്വപ്ന കസേരയാണ്.

പ്രാദേശിക പാര്‍ട്ടി നേതാക്കളില്‍ ഉള്‍പ്പെടെ ഇപ്പോള്‍ ഉടലെടുത്ത അധികാരത്തോടുള്ള ഈ ആര്‍ത്തി കാണുമ്പോള്‍ നാം ജോതിഭസു എന്ന നേതാവിനെയും ചെങ്കൊടി പ്രസ്ഥാനത്തേയും സ്തുതിക്കുക തന്നെ വേണം.

ജോതിബസുവിന് വച്ചുനീട്ടിയ പ്രധാനമന്ത്രി പദം നിഷേധിച്ച പാര്‍ട്ടിയാണ് സി.പി.എം. രാജ്യത്തെ മറ്റൊരു പാര്‍ട്ടിക്കും അന്നും ഇന്നും ചിന്തിക്കാന്‍ പോലും പറ്റാത്ത കാര്യമാണത്. വലതുപക്ഷ കമ്യൂണിസ്റ്റ് പാര്‍ട്ടിയായ സി.പി.ഐ പോലും കേന്ദ്ര മന്ത്രിസഭയില്‍ അംഗമായപ്പോള്‍ സി.പി.എം മുഖം തിരിക്കുകയായിരുന്നു.

സുവര്‍ണ്ണാവസരം ലഭിച്ചിട്ടും പ്രധാനമന്ത്രി പദം വേണ്ടന്ന് വച്ച കമ്യൂണിസ്റ്റ് പാര്‍ട്ടിയെക്കുറിച്ച് ലോക മാധ്യമങ്ങളില്‍ പോലും വാര്‍ത്തകള്‍ നിറഞ്ഞു. ചരിത്രപരമായ വിഡ്ഢിത്തമെന്ന് പിന്നീട് പാര്‍ട്ടിക്കകത്തും പുറത്തും വിമര്‍ശനമുയര്‍ന്നെങ്കിലും ഇതുവരെ സി.പി.എം പഴയ ആ നിലപാട് തിരുത്തിയിട്ടില്ല. കുറുക്കുവഴിയിലൂടെ അധികാര സ്ഥാനം വേണ്ടന്ന നിലപാടില്‍ തന്നെയാണ് ഇപ്പോഴും പാര്‍ട്ടി.

ബംഗാളില്‍ ജോതി ബസു മുഖ്യമന്ത്രിയായിരിക്കെ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാജീവ്ഗാന്ധി ജ്യോതി ബസുവിനെ രണ്ടു തവണ പ്രധാനമന്ത്രി സ്ഥാനത്തേക്ക് ക്ഷണിച്ചെന്ന് വെളിപ്പെടുത്തിയത് സി.ബി.ഐ മുന്‍ ഡയറക്ടറും ബംഗാള്‍ ഡി.ജി.പിയുമായിരുന്ന അരുണ്‍ പ്രസാദ് മുഖര്‍ജിയാണ്.

അണ്‍നോണ്‍ ഫേസെറ്റ്സ് ഓഫ് രാജീവ്ഗാന്ധി, ജ്യോതിബസു, ഇന്ദ്രജിത്ഗുപ്ത എന്ന ആത്മകഥയിലാണ് മുഖര്‍ജി ഈ വെളിപ്പെടുത്തല്‍ നടത്തിയത്. 1990ല്‍ ജ്യോതിബസുവുമായി കൂടിക്കാഴ്ചക്ക് അവസരമൊരുക്കാന്‍ ആഭ്യന്തരവകുപ്പില്‍ സ്പെഷല്‍ സെക്രട്ടറിയായിരുന്ന മുഖര്‍ജിയോട് രാജീവ്ഗാന്ധി ആവശ്യപ്പെടുകയായിരുന്നു.

പ്രധാനമന്ത്രിയാവാനുള്ള രാജീവ്ഗാന്ധിയുടെ അഭ്യര്‍ത്ഥന ബസുവും പാര്‍ട്ടിയും തള്ളുകയായിരുന്നു. ഇതോടെയാണ് രാജീവ് ഗാന്ധി ചന്ദ്രശേഖറെ പ്രധാനമന്ത്രിയാക്കിയത്. ചന്ദ്രശേഖറുമായി അഭിപ്രായ വ്യത്യാസം ഉണ്ടായതോടെ വീണ്ടും രാജീവ്ഗാന്ധി പ്രധാനമന്ത്രി സ്ഥാനത്തേക്ക് ബസുവിനെ ക്ഷണിച്ചു. എന്നാല്‍ സിപിഎം ആവശ്യം നിരസിക്കുകയായിരുന്നു.

പൊതുമിനിമം പരിപാടിയുടെ അടിസ്ഥാനത്തില്‍ ഭരണം നടത്താമെന്ന് മൂന്നാം മുന്നണി നേതാക്കള്‍ നിര്‍ദ്ദേശം മുന്നോട്ടുവെച്ചതോടെ ബസുവിനെ പ്രധാനമന്ത്രിയാക്കാനുള്ള ചര്‍ച്ച വീണ്ടും കേന്ദ്രകമ്മിറ്റിയിലെത്തിയെങ്കിലും ഭൂരിപക്ഷ അംഗങ്ങളും എതിരായ നിലപാടിലായിരുന്നു.

മുലായംസിങ് യാദവടക്കം 13 പാര്‍ട്ടികളാണ് പ്രധാനമന്ത്രി പദത്തിലേക്ക് ജ്യോതി ബസുവിനെ പിന്തുണച്ചിരുന്നത്. സി.പി.എം ജനറല്‍ സെക്രട്ടറി ഹര്‍കിഷന്‍ സിങ് സുര്‍ജിത്തിന്റെ നേതൃത്വത്തില്‍ ചേര്‍ന്ന സി.പി.എം കേന്ദ്ര കമ്മിറ്റി ഈ അവശ്യം നിരസിച്ചത് രാഷ്ട്രീയ കേന്ദ്രങ്ങളെയാകെ ഞെട്ടിച്ചിരുന്നു.

ഇടതുപക്ഷത്തിന് അതിന്റെ നയങ്ങള്‍ നടപ്പാക്കാന്‍ കഴിയുന്ന ഒരു സര്‍ക്കാരിന്റെ മാത്രം ഭാഗമാകുക എന്നതാണ് സി.പി.എം നയം. അതുകൊണ്ടാണ് സിപിഎം കേന്ദ്രഭരണത്തിന്റെ ഭാഗമാകാതിരുന്നത്. ഒന്നാം യു.പി.എ സര്‍ക്കാരിന്റെ കാലത്തും സിപിഎമ്മിന് എന്തും നല്‍കാന്‍ കോണ്‍ഗ്രസ്സ് തയ്യാറായിരുന്നു. ചോദിക്കുന്ന ഏത് മന്ത്രി പദവിയും. പക്ഷേ അപ്പോഴും സര്‍ക്കാരില്‍ ചേരാതെ പുറത്ത് നിന്നും പിന്തുണക്കുക മാത്രമാണ് ഇടതുപക്ഷം ചെയ്തത്.

അന്ന് 43 ലോക്‌സഭ അംഗങ്ങളാണ് സി.പി.എമ്മിന് മാത്രമായി ഉണ്ടായിരുന്നത് ഇടതുപക്ഷത്തിന് മൊത്തത്തില്‍ 62 പേരും. കേന്ദ്ര സര്‍ക്കാരിനെ എന്നല്ല സംസ്ഥാന സര്‍ക്കാരുകളെ പോലും പിന്തുണക്കാന്‍ പണവും പദവികളും ആവശ്യപ്പെട്ട് ഈര്‍ക്കിള്‍ പാര്‍ട്ടികള്‍ പോലും വിലപേശുന്ന കാലഘട്ടത്തില്‍ തന്നെയാണ് ഈ സംഭവങ്ങളൊക്കെ അരങ്ങേറിയതെന്ന കര്യവും ഓര്‍ക്കണം.

ഒന്നാം യു.പി.എ സര്‍ക്കാരിന്റെ കാലത്ത് നടപ്പാക്കിയ പല ജനകീയ പദ്ധതികള്‍ക്ക് പിന്നിലും സി.പി.എമ്മിന്റെ കയ്യൊപ്പുണ്ടായിരുന്നു. സര്‍ക്കാരിന് പിന്തുണ നല്‍കാന്‍ സി.പി.എം വച്ച പ്രധാന ഉപാധി തന്നെ സര്‍ക്കാരിന്റെ നയപരമായ കാര്യങ്ങളിലെ പങ്കാളിത്തമായിരുന്നു. ഇതില്‍ നിന്നും പിന്നീട് മന്‍മോഹന്‍ സര്‍ക്കാര്‍ വ്യതിചലിച്ചപ്പോഴാണ് സര്‍ക്കാരിനുള്ള പിന്തുണ ഇടതുപക്ഷം പിന്‍വലിച്ചത്.

ഇപ്പോഴും കോണ്‍ഗ്രസ്സിനെ സംബന്ധിച്ച് ഇടതുപക്ഷത്തോളം വിശ്വസിക്കാന്‍ പറ്റുന്ന മറ്റൊരു പാര്‍ട്ടിയുമുണ്ടാകില്ല. ഒരു പദവിയും കൊടുക്കാതെ ലഭിക്കുന്ന ഇതുപോലൊരു പിന്തുണ മറ്റെവിടെ നിന്നും ലഭിക്കുകയുമില്ല. വിലപേശല്‍ രാഷ്ട്രീയത്തിന് കൂട്ട് നില്‍ക്കില്ലെന്ന് മാത്രമല്ല കാവി രാഷ്ട്രീയത്തിനെതിരായ കരുത്തുറ്റ കുന്തമുന കൂടിയാണ് ചെമ്പട .

ഈ യാഥാര്‍ത്ഥ്യം വൈകിയാണെങ്കിലും മനസ്സിലാക്കിയതോടെയാണ് സി.പി.എമ്മിനെതിരെ ഒരക്ഷരം മിണ്ടില്ലെന്ന് രാഹുല്‍ പ്രഖ്യാപിച്ചത്. ഒന്നോ രണ്ടോ എം.പിമാരുണ്ടായാല്‍ പോലും കേന്ദ്രം ഭരിക്കാം എന്ന് കരുതുന്ന പ്രാദേശിക പാര്‍ട്ടികള്‍ ഉള്ള കാലത്താണ് വലിയ ത്യാഗം സി.പി.എമ്മും ഇടതുപക്ഷവും മുന്‍പ് ചെയ്തത്.

പ്രത്യശാസ്ത്രപരമായ അടിത്തറയില്‍ കെട്ടിപടുത്ത കമ്യൂണിസ്റ്റു പാര്‍ട്ടികള്‍ക്കേ അത്തരം നിലപാടുകള്‍ സ്വീകരിക്കാന്‍ കഴിയുകയുള്ളു. ഇപ്പോള്‍ രാജ്യത്ത് പ്രവര്‍ത്തിക്കുന്ന മിക്ക പാര്‍ട്ടികളും വ്യക്തി കേന്ദ്രീകൃതമാണ്. എങ്ങനെയും അധികാരത്തില്‍ എത്തുക എന്നത് മാത്രമാണ് ഈ പാര്‍ട്ടികളുടെയെല്ലാം ലക്ഷ്യം. അതിനു വേണ്ടി എന്ത് നിലപാടും സ്വീകരിക്കും ആരുടെ കൂടെയും ഈ പാര്‍ട്ടികള്‍ കൂടും.

ലോക്‌സഭ തെരഞ്ഞെടുപ്പ് വിധി വന്നു കഴിഞ്ഞാല്‍ ബി.ജെ.പിക്ക് ഒപ്പം കൂടില്ലന്ന് നൂറ് ശതമാനവും ഉറപ്പിക്കാന്‍ കോണ്‍ഗ്രസ്സിന് പോലും കഴിയുന്നത് സി.പി.എമ്മിനെയും ഇടതുപക്ഷത്തെയും മാത്രമാണ്.സ്വന്തം പാളയത്തില്‍ നിന്നു വരെ കൂറ് മാറി കാവി പാളയത്തില്‍ എം.പിമാര്‍ എത്തുമെന്ന് രാഹുല്‍ ഗാന്ധി തന്നെ ഇപ്പോള്‍ ശരിക്കും ഭയക്കുന്നുണ്ട്. അതൊരു യാതാര്‍ത്ഥ്യമാണ്.

Express Kerala View

Top