ഖുറാന്‍ നിരോധനത്തിനെതിരെ ഹര്‍ജി, ശക്തമായ നിലപാടെടുത്തത്‌ ജോതിഭസു !!

ഖുറാന്‍ വിഷയത്തില്‍ സമസ്ത കൂടി നിലപാട് കടുപ്പിച്ചതോടെ വെട്ടിലായിരിക്കുന്നതിപ്പോള്‍ മുസ്ലീം ലീഗാണ്. ലീഗിന്റെ അടിത്തറ തന്നെ സമസ്തയാണ്. ആ സമസ്ത നേതൃത്വമാണ് ഖുറാനെ സ്വര്‍ണ്ണക്കടത്തുമായി ബന്ധപ്പെടുത്തുന്നതിന് എതിരെ രംഗത്ത് വന്നിരിക്കുന്നത്. മത സ്ഥാപനങ്ങളെയും മതചിഹ്നങ്ങളെയും അവമതിക്കുന്നതിനെതിരെ രൂക്ഷ വിമര്‍ശനമാണ് സമസ്ത നടത്തിയിരിക്കുന്നത്. കാന്തപുരം വിഭാഗം ശക്തമായി രംഗത്ത് വന്നതിന് പിന്നാലെയാണ് സമസ്തയും നിലവില്‍ സമാന നിലപാട് സ്വീകരിച്ചിരിക്കുന്നത്. ലീഗിലും യു.ഡി.എഫിലും ഇതേ ചൊല്ലി വലിയ പൊട്ടിതെറിയാണിപ്പോള്‍ ഉണ്ടായിരിക്കുന്നത്.

ഖുറാന്‍ ചര്‍ച്ചയാകുന്ന ഒരു സമരവും പാടില്ലെന്ന നിലപാടാണ് ഒരു വിഭാഗം സ്വീകരിച്ചിരിക്കുന്നത്. പാര്‍ട്ടി വോട്ട് ബാങ്കായ മുസ്ലീം മതന്യൂനപക്ഷങ്ങള്‍ ഇടത്തോട്ട് ചെരിയുമെന്നാണ് ഈ വിഭാഗം ഭയക്കുന്നത്. അതേ സമയം ജലീലിനെതിരായ സമരം ഖുറാനെതിരായ സമരമായാണ് പ്രബല മത നേതാക്കളും നോക്കി കാണുന്നത്. ബി.ജെ.പി ആരോപണം ലീഗ് ഏറ്റെടുത്തതാണ് അവരെ ചൊടിപ്പിച്ചിരിക്കുന്നത്. യു.ഡി.എഫ് വോട്ട് ബാങ്കിനെ ഉലയ്ക്കുന്ന നിലപാടാണിത്. ഇടതുപക്ഷത്തെ പ്രതിക്കൂട്ടിലാക്കാനുള്ള യു.ഡി.എഫ് നീക്കമാണ് ഇതോടെ പാളിയിരിക്കുന്നത്. ഖുറാനെ വലിച്ചിഴക്കുന്നത് സി.പി.എമ്മാണെന്നാണ് കുഞ്ഞാലിക്കുട്ടി അടക്കമുള്ളവര്‍ ആരോപിച്ചിരുന്നത്. എന്നാല്‍ ഇതിന്, സി.പി.എം എം.എല്‍.എ എം.സ്വരാജ് അടക്കമുള്ളവര്‍ നല്‍കിയിരിക്കുന്നത് മാസ് മറുപടിയാണ്.

‘നിങ്ങള്‍ ഖുറാനെ കുറിച്ച് പറയുമ്പോള്‍ ഞങ്ങള്‍ ബാലരമയെ കുറിച്ചാണോ പറയേണ്ടതെന്നാണ് സ്വരാജ് ചോദിച്ചിരിക്കുന്നത്. ഖുറാനില്‍ സ്വര്‍ണ്ണക്കടത്ത് കടത്തിയെന്ന് പറഞ്ഞത് നിങ്ങളുടെ നേതാവാണെന്നാണ് യൂത്ത് ലീഗ് നേതാവ് ഫിറോസിന് സ്വരാജ് നല്‍കിയിരിക്കുന്ന മറുപടി. ഇതിപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. 1985-ല്‍ കൊല്‍ക്കത്ത ഹൈക്കോടതിയില്‍ ഖുറാനെതിരെ വന്ന കേസും സി.പി.എം ചര്‍ച്ചയ്ക്കായി തിരികൊളുത്തിയിട്ടുണ്ട്. ചാന്തമല്‍ ചോപ്രയും അദ്ദേഹത്തിന്റെ സുഹൃത്തും ചേര്‍ന്ന് കൊടുത്ത കേസാണിത്. ഖുറാന്‍ നിരോധിക്കണമെന്ന ആവശ്യമായിരുന്നു അവര്‍ ഉന്നയിച്ചിരുന്നത്. ഹര്‍ജി ഫയലില്‍ സ്വീകരിച്ച ഹൈക്കോടതി സംസ്ഥാന സര്‍ക്കാറിന് നോട്ടീസയക്കുകയുണ്ടായി. ഇതിന് അന്നത്തെ ഇടതുപക്ഷ സര്‍ക്കാര്‍ നല്‍കിയ മറുപടി ശക്തമായിരുന്നു.

കോടതിയ്ക്ക് ഇക്കാര്യത്തില്‍ ഇടപെടാന്‍ അധികാരമില്ലെന്ന നിലപാടാണ് ജ്യോതി ബസു സര്‍ക്കാര്‍ സ്വീകരിച്ചിരുന്നത്. ഈ കോടതി രേഖ എടുത്ത് വായിച്ച് നോക്കാനാണ് ലീഗിനോട് സി.പി.എം നേതാക്കള്‍ ഇപ്പോള്‍ ആവശ്യപ്പെട്ടിരിക്കുന്നത്. എല്ലാ മതവിഭാഗങ്ങളുടെയും താല്‍പ്പര്യങ്ങളെ ഒരുപോലെ കാണുന്നവരാണ് കമ്യൂണിസ്റ്റുകളെന്നും സി.പി.എം ചൂണ്ടിക്കാട്ടുന്നു. നായനാര്‍ മുഖ്യമന്ത്രിയായിരുന്നപ്പോള്‍ വത്തിക്കാന്‍ സന്ദര്‍ശന വേളയില്‍ മാര്‍പാപ്പയ്ക്ക് ഭഗവത് ഗീത നല്‍കിയ കാര്യവും ഇപ്പോള്‍ നേതാക്കള്‍ ഓര്‍മ്മിപ്പിക്കുന്നുണ്ട്. ഖുറാന്‍ സംബന്ധിയായ വിവാദത്തിന് തിരി കൊളുത്തിയത് ബി.ജെ.പിയാണെങ്കില്‍ അത് ഏറ്റെടുത്തത് ലീഗും യു.ഡി.എഫുമാണെന്നാണ് സി.പി.എം ആരോപിക്കുന്നത്. ഖുറാനെ മറയാക്കി കള്ളക്കടത്ത് നടത്തിയെന്ന് ആരാണ് പറഞ്ഞതെന്നാണ് അവരുയര്‍ത്തുന്ന ചോദ്യം.

ഖുറാന്‍ കെ.ടി ജലീല്‍ കൊണ്ടു വന്നതാണോയെന്നും അദ്ദേഹത്തിന്റെ വിലാസത്തില്‍ വന്നതാണോയെന്നും സി.പി.എം ചോദിക്കുന്നു. ഈ ചോദ്യം തന്നെയാണ് പ്രതിപക്ഷത്തെ ഉത്തരം മുട്ടിക്കുന്നത്. യു.എ.ഇ കോണ്‍സുല്‍ ജനറല്‍ ആവശ്യപ്പെട്ടതനുസരിച്ച് ഒരു സഹായം ചെയ്യുക മാത്രമാണ് ജലീല്‍ ചെയ്തതെന്ന കാര്യത്തിലാണ് സര്‍ക്കാറും ഉറച്ച് നില്‍ക്കുന്നത്. ഇനി പ്രോട്ടോക്കോള്‍ ലംഘനം നടന്നിട്ടുണ്ടെങ്കില്‍ അതിന് യു.എ.ഇ കോണ്‍സുലേറ്റിനും ഉത്തരവാദിത്വമുണ്ടെന്നതാണ് നിലപാട്. കേന്ദ്ര ഏജന്‍സിയായ കസ്റ്റംസ് ക്ലിയര്‍ ചെയ്ത് കൊടുത്ത് വിട്ടത് ബി.ജെ.പി വിവാദമാക്കുന്നതിന് പിന്നിലെ ‘അജണ്ട’ യും സി.പി.എം തുറന്നു കാട്ടുന്നുണ്ട്. കേന്ദ്ര മന്ത്രി മുരളീധരനെ ചോദ്യം ചെയ്യണമെന്ന ആവശ്യത്തിലും പാര്‍ട്ടി ഉറച്ചു നില്‍ക്കുകയാണ്.

അനില്‍ നമ്പ്യാര്‍ സ്വപ്നയ്ക്ക് ഉപദേശിച്ച കാര്യം തന്നെ മന്ത്രി ആവര്‍ത്തിച്ചതിന് പിന്നില്‍ ദുരൂഹത ഉണ്ടെന്നാണ് ആക്ഷേപം. സ്വര്‍ണ്ണക്കടത്ത് നടന്നത് നയതന്ത്ര ബാഗേജ് വഴിയല്ലെന്ന നിലപാടിലാണ് ഇപ്പോഴും മുരളീധരന്‍ ഉറച്ചു നില്‍ക്കുന്നത്. അന്വേഷണ സംഘത്തിന്റെ കണ്ടെത്തലുകള്‍ക്ക് എതിരാണ് ഈ നിലപാട്. ഈ സാഹചര്യത്തില്‍ അന്വേഷണം പൂര്‍ത്തികരിക്കുന്നതിന് മുന്‍പ് കേന്ദ്ര മന്ത്രിയുടെയും മൊഴി അന്വേഷണ ഏജന്‍സികള്‍ക്ക് എടുക്കേണ്ടി വരും. അതല്ലെങ്കില്‍ ഇക്കാര്യം കോടതിയില്‍ ചോദ്യം ചെയ്യപ്പെടും. അന്വേഷണ സംഘം ചോദ്യം ചെയ്ത ഉടനെ തന്നെ ജലീലിന്റെ രാജി ആവശ്യപ്പെട്ട ബി.ജെ.പിയെ വെട്ടിലാക്കുന്ന കാര്യമാണിത്.

അതേസമയം കേരളത്തിലേക്ക് മടങ്ങി പ്രക്ഷോഭം കടുപ്പിക്കാനൊരുങ്ങിയ യു.ഡി.എഫ് എം.പിമാരും ഇപ്പോള്‍ കുരുക്കിലായിട്ടുണ്ട്. ഇവരെല്ലാം നിലവില്‍ ക്വാറന്റൈന്‍ ചെയ്യപ്പെട്ടിരിക്കുകയാണ്. എന്‍.കെ പ്രേമചന്ദ്രന്‍ എം.പിക്ക് കോവിഡ് സ്ഥിരീകരിക്കപ്പെട്ടതിനെ തുടര്‍ന്നാണിത്. മന്ത്രി ജലീലിന്റെ രാജി ആവശ്യപ്പെട്ട് പ്രക്ഷോഭം നടത്തിയ നിരവധി യൂത്ത് കോണ്‍ഗ്രസ്സ് പ്രവര്‍ത്തകര്‍ക്കും കോവിഡ് ബാധിച്ചിട്ടുണ്ട്. കോവിഡ് വാഹകരായി സമരക്കാര്‍ മാറുന്നതിനെതിരെ പൊതു സമൂഹത്തിലും പ്രതിഷേധം ശക്തമാണ്. ഇതും യു.ഡി.എഫ് നേതൃത്വത്തെ പ്രതിസന്ധിയിലാക്കിയിട്ടുണ്ട്. ചുരുക്കിപ്പറഞ്ഞാല്‍ ‘വെളുക്കാന്‍ തേച്ചത് പാണ്ടായ അവസ്ഥയിലാണിപ്പോള്‍’ പ്രതിപക്ഷമുളളത്.

Top