ബിശ്വനാഥ് സിന്‍ഹ സ്ത്രീകളോട് അപമര്യാദയായി പെരുമാറി;വെളിപ്പെടുത്തലുമായി ചാമക്കാല

തിരുവനന്തപുരം: മോശം പെരുമാറ്റത്തിന്റെ പേരിലാണ് പൊതുഭരണ സെക്രട്ടറി ബിശ്വനാഥ് സിന്‍ഹയെ സ്ഥലം മാറ്റിയതെന്ന് കോണ്‍ഗ്രസ് വക്താവ് ജ്യോതികുമാര്‍ ചാമക്കാല. സെക്രട്ടേറിയറ്റ് ജീവനക്കാര്‍ക്ക് പഞ്ചിംഗ് ഏര്‍പ്പെടുത്തിയതടക്കം ശക്തമായ പരിഷ്‌കാര നടപടികള്‍ സ്വീകരിച്ച പൊതുഭരണ സെക്രട്ടറി ബിശ്വനാഥ് സിന്‍ഹയെ ആ സ്ഥാനത്ത് നിന്നും മാറ്റിയതിനെ ചൊല്ലി ചര്‍ച്ചകള്‍ തുടരുന്നതിനിടെയാണ് ആരോപണവുമായി കോണ്‍ഗ്രസ് നേതാവ് ജ്യോതികുമാര്‍ ചാമക്കാല രംഗത്തു വന്നിരിക്കുന്നത്.

ഒരു ജൂനിയര്‍ ഐഎഎസ് ഓഫീസറോട് സിന്‍ഹ മോശമായി പെരുമാറിയതിനെ തുടര്‍ന്ന് അവരുടെ രക്ഷിതാക്കള്‍ നേരത്തെ മുഖ്യമന്ത്രിയെ കണ്ട് പരാതി പറഞ്ഞിരുന്നു.പിന്നീട് ട്രെയിനിംഗിലുള്ള രണ്ട് യുവ വനിത ഐഎഎസുകാരോടും ബിശ്വനാഥ് സിന്‍ഹ സമാനമായ രീതിയില്‍ പെരുമാറി. ഇവര്‍ മുസൂറിയിലെ ഐഎഎസ് അക്കാദമിയില്‍ ഇതേക്കുറിച്ച് പരാതി നല്‍കി. ഈ പരാതി മസൂറിയില്‍ നിന്നും മുഖ്യമന്ത്രിയുടെ ഓഫീസിന് കൈമാറി. പ്രശ്‌നം ഒതുക്കി തീര്‍ക്കാന്‍ ബിശ്വനാഥ് സിന്‍ഹ നേരിട്ട് ശ്രമങ്ങള്‍ നടത്തിയെങ്കിലും അതൊന്നും ഫലം കണ്ടില്ല. ഇതോടെയാണ് പൊതുഭരണ വകുപ്പ് സെക്രട്ടറി സ്ഥാനത്ത് നിന്നും അദ്ദേഹത്തെ മാറ്റിയതെന്നും ചാമക്കാല പറഞ്ഞു.ബിശ്വനാഥിന്റേതെന്ന് അവകാശപ്പെടുന്ന വാട്ട്‌സാപ്പ് സന്ദേശങ്ങളും അദ്ദേഹം വര്‍ത്താസമ്മേളനത്തില്‍ പുറത്തുവിട്ടു.

ഇക്കാര്യങ്ങള്‍ ഉദ്യോഗസ്ഥര്‍ മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയെ ഇക്കാര്യം ധരിപ്പിച്ചെങ്കിലും നടപടി ഒന്നുമുണ്ടായില്ലെന്നും കേസ് എടുക്കാതെ വെറും സ്ഥലം മാറ്റത്തിലൂടെ സംഭവങ്ങള്‍ ഒതുക്കിത്തീര്‍ക്കാനാണ് ശ്രമം നടക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു.

ഒരു സ്ഥലംമാറ്റ നടപടിയിലൂടെ മാത്രം ഈ പ്രശ്‌നം പരിഹരിക്കാന്‍ സാധിക്കുന്നതല്ല. സംഭവത്തില്‍ മുഖ്യമന്ത്രി ശക്തമായ നടപടിയെടുക്കണമെന്നും ജ്യോതികുമാര്‍ ചാമക്കാല ആവശ്യപ്പെട്ടു.

Top