റൊണാള്‍ഡോയുടെ ബൈസിക്കിള്‍ കിക്ക്; കയ്യടിച്ച് യുവന്റസ്‌

യുവന്റസിനെതിരായ ക്രിസ്ത്യാനോ റൊണാള്‍ഡോയുടെ ബൈസിക്കിള്‍ കിക്കിന്റെ ഹാങ്ങോവറിലാണ് ഫുട്‌ബോള്‍ ലോകം. യുവന്റസിന്റെ തട്ടകത്തില്‍ നടന്ന ചാംപ്യന്‍സ് ലീഗ് ആദ്യപാദ ക്വാര്‍ട്ടറില്‍ 64ാം മിനിട്ടിലാണ് ആ അപ്രതീക്ഷിത കിക്കെത്തിയത്. അമ്പരന്ന യുവന്റസ് ആരാധകര്‍ ഗാലറിയില്‍ എഴുന്നേറ്റുനിന്ന് കയ്യടിച്ചു. എതിരാളികളുടെ ഗോളിന് ഒരു ഗാലറി ഇങ്ങനെ പ്രതികരിക്കുന്നത് അപൂര്‍വമായി സംഭവിക്കുന്ന ഒന്നാണ്.

ആ അത്ഭുതം തന്നെയായിരുന്നു മത്സരശേഷം പ്രതികരിച്ച റൊണാള്‍ഡോയുടെ വാക്കുകളിലും. ”വിശ്വസിക്കാനാകുന്നില്ല, യുവന്റസ് ആരാധകര്‍ക്ക് നന്ദി. കരിയറില്‍ ഇന്നുവരെ സംഭവിക്കാത്ത ഒരു കാര്യമാണിത്. അതുകൊണ്ട് തന്നെ ഒരുപാട് സന്തോഷമുണ്ട്”

എതിരില്ലാത്ത മൂന്ന് ഗോളിനാണ് റയല്‍ യുവന്റസിനെ തോല്‍പ്പിച്ചത്. റൊണാള്‍ഡോയുടെ ഇരട്ടഗോള്‍ മികവിലാണ്‌ റയല്‍ ജയിച്ചുകയറിയത്. ചാംപ്യന്‍സ് ലീഗില്‍ തുടര്‍ച്ചയായ 10 മത്സരങ്ങളില്‍ ഗോള്‍ നേടുന്ന താരമെന്ന റെക്കോര്‍ഡും റൊണാള്‍ഡോ സ്വന്തമാക്കി. മാര്‍സലോയാണ് റയലിന്റെ മറ്റൊരു സ്‌കോറര്‍.

Top