തുടര്‍ച്ചയായ രണ്ടാം മത്സരത്തിലും ഗോള്‍ നേടാനാകാതെ യുവെന്റസ്

റോം: കോവിഡിനുശേഷമുള്ള തുടര്‍ച്ചയായ രണ്ടാം മത്സരത്തിലും ഗോള്‍ നേടാനാകാതെ ഇറ്റാലിയന്‍ വമ്പന്‍മാരായ യുവെന്റസ്. ഇറ്റാലിയന്‍ കപ്പ് ഫൈനലില്‍ നാപ്പോളിയോടു തോറ്റു. നിശ്ചിത സമയത്ത് ഇരു ടീമുകള്‍ക്കും ലക്ഷ്യം കാണാനാകാതെ പോയതോടെ പെനല്‍റ്റി ഷൂട്ടൗട്ടിലേക്കു നീണ്ട മത്സരത്തില്‍ 42നാണ് യുവെയുടെ തോല്‍വി.

ഷൂട്ടൗട്ടില്‍ സൂപ്പര്‍താരം പൗലോ ഡിബാല, ഡാനിലോ എന്നിവര്‍ ആദ്യ രണ്ടു കിക്കുകള്‍ നഷ്ടമാക്കിയതാണ് യുവെയ്ക്ക് തിരിച്ചടിയായത്. നാപ്പോളി ആദ്യ നാലു കിക്കും ലക്ഷ്യത്തിലെത്തിച്ചതോടെ യുവെയ്ക്കായി അഞ്ചാം കിക്കെടുക്കാന്‍ ഊഴം കാത്തിരുന്ന സൂപ്പര്‍താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയ്ക്ക് അവസരം ലഭിച്ചതുമില്ല.

നാപ്പോളിക്കായി ലോറെന്‍സോ ഇന്‍സിഗ്നെ, മത്തേയൂ പൊളിറ്റാനോ, മാക്‌സിമോവിച്ച്, മിലിച്ച് എന്നിവര്‍ ലക്ഷ്യം കണ്ടു. കഴിഞ്ഞ 11 വര്‍ഷത്തിനിടെ ഇതാദ്യമായാണ് ഇറ്റാലിയന്‍ കപ്പ് ഫൈനല്‍ വിജയികളെ പെനല്‍റ്റി ഷൂട്ടൗട്ടിലൂടെ നിശ്ചയിക്കേണ്ടി വന്നത്. നാപ്പോളിയുടെ ആറാം സൂപ്പര്‍കപ്പ് വിജയമാണിത്. നാലു ടീമുകള്‍ക്ക് മാത്രമേ ഇതിലും കൂടുതല്‍ തവണ ഇറ്റാലിയന്‍ കപ്പ് നേടാനായിട്ടുള്ളൂ.

Top