ന്യൂഡല്‍ഹി: ഡല്‍ഹി നിര്‍ഭയ കൂട്ടബലാത്സംഗകേസിലെ പ്രതിയായ കുട്ടി മാധ്യമങ്ങള്‍ പറഞ്ഞുണ്ടാക്കുന്നത് പോലെ ഒരു ഭീകരനല്ലെന്ന് ബിബിസി ഡോക്യുമെന്ററി ഇന്ത്യാസ് ഡോട്ടര്‍ സംവിധായക ലെസ്ലി ഉഡ്‌വിന്‍. ഇന്ത്യ കണ്ട ഏറ്റവും ക്രൂരനായ ഭീകരന്‍ എന്നാണ് പ്രതിയായ കുട്ടിയെ കുറിച്ച് ഇന്ത്യന്‍ മാധ്യമങ്ങള്‍ പറയുന്നത്. എന്നാല്‍ പ്രതിയായ കുട്ടി അങ്ങനെയല്ലെന്ന് ലെസ്ലി ഉഡ്‌വിന്‍ പറഞ്ഞു. ശ്രീലങ്കന്‍ പത്രമായ സിലോണ്‍ ടുഡെയിലാണ് ലെസ്ലി ഉഡ്‌വിന്‍ പറഞ്ഞതായ റിപ്പോര്‍ട്ട് വന്നത്.
ഏറെ ദരിദ്രമായ കുടുംബത്തിലാണ് ഈ കുട്ടി ജനിച്ചത്. ചെറുപ്പത്തില്‍ തന്നെ നാടു വിട്ട് ഇറങ്ങിയ കുട്ടി ഡെല്‍ഹിയില്‍ ജോലി ചെയ്യാനെത്തി. തുടര്‍ന്ന് നിരക്ഷരനായിരുന്ന കുട്ടി സ്വയം പഠിച്ച് സാക്ഷരനാവുകയും ഒപ്പം നല്ലൊരു പാചകക്കാരനും തയ്യല്‍ക്കാരനുമാവുകയും ചെയ്തു.
താന്‍ ചെയ്ത കുറ്റത്തില്‍ തനിക്ക് നല്ല പോലെ കുറ്റബോധമുണ്ടെന്ന് ഈ കുട്ടി പറഞ്ഞു. കേസിന്റെ തീരുമാനത്തെ അത് ബാധിക്കരുത് എന്നതിനാല്‍ പ്രതിയായ കുട്ടിയുടെ കാര്യങ്ങള്‍ കൂടുതല്‍ വിശദമാക്കാന്‍ താന്‍ തയ്യാറല്ല എന്നും ലെസ്ലി ഉഡ്‌വിന്‍ പറയുന്നു.
കുട്ടികള്‍ കുറ്റവാളിയാകാനുള്ള കാരണം സമൂഹമാണെന്നും സാമൂഹ്യസാഹചര്യങ്ങളാണ് അങ്ങനെ മാറ്റി തീര്‍ക്കുന്നതെന്ന് ലെസ്ലി ഉഡ്‌വിന്‍ വ്യക്തമാക്കി.


