കേന്ദ്ര എതിര്‍പ്പിനെ മറികടന്ന് രണ്ട് പേരുള്‍പ്പടെ നാല് ന്യായാധിപര്‍ സുപ്രീംകോടതി ജഡ്ജിമാരാകും

supreame court

ന്യൂഡല്‍ഹി: കേന്ദ്ര സര്‍ക്കാരിന്റെ എതിര്‍പ്പിനെ മറികടന്ന് ഝാര്‍ഝണ്ഡ് ഹൈക്കോടതി ചീഫ് ജസ്റ്റിസ് അനിരുദ്ധ ബോസും ഗുവാഹത്തി ഹൈക്കോടതി ചീഫ് ജസ്റ്റിസ് എ എസ് ബൊപ്പണ്ണയും സുപ്രീം കോടതി ജഡ്ജിമാരായി ചുമതലയേല്‍ക്കാനൊരുങ്ങുന്നു.

മതിയായ സീനിയോറിറ്റി ഇല്ലെന്ന് കാണിച്ച് അനിരുദ്ധ ബോസിനെയും എ എസ് ബൊപ്പണ്ണയെയും സുപ്രീം കോടതി ജഡ്ജിമാരായി ഉയര്‍ത്താനുള്ള കൊളീജിയത്തിന്റെ ശുപാര്‍ശ നേരെത്തെ കേന്ദ്ര സര്‍ക്കാര്‍ തള്ളിയിരുന്നു. എന്നാല്‍ സീനിയോറിറ്റിക്കല്ല മികവിനാണ് മുന്‍തൂക്കം നല്‍കേണ്ടതെന്ന നിലപാടിലുറച്ച കൊളീജിയം, അനിരുദ്ധ ബോസിനെയും എസ് ബൊപ്പണ്ണയെയും സുപ്രീംകോടതി ജഡ്ജിമാരായി നിയമിക്കണമെന്ന് ആവശ്യപ്പെട്ട് വീണ്ടും ഫയല്‍ അയച്ചു.

സുപ്രീംകോടതി കൊളീജിയം രണ്ടാമതും ഫയല്‍ അയക്കുന്ന സാഹചര്യങ്ങളില്‍ നിയമനങ്ങള്‍ അംഗീകരിക്കണമെന്നതാണ് നിയമം. ഇതോടെയാണ് കേന്ദ്ര സര്‍ക്കാരിന്റെ എതിര്‍പ്പ് മറികടന്ന് അനിരുദ്ധ ബോസിനും എ എസ് ബൊപ്പണ്ണയ്ക്കും സുപ്രീം കോടതി ജഡ്ജിമാരായി ചുമതലയേല്‍ക്കാന്‍ അവസരം ഒരുങ്ങിയത്.

ഭുഷണ്‍ രാമകൃഷ്ണ ഗവായ്, സൂര്യ കാന്ത് എന്നീ ജഡ്ജിമാര്‍ക്കൊപ്പമാണ് അനിരുദ്ധ ബോസും എ എസ് ബൊപ്പണ്ണയും സുപ്രീം കോടതി ജഡ്ജിമാരുടെ പട്ടികയിലേക്ക് പുതുതായി എത്തുന്നത്. ഇതോടെ സുപ്രീം കോടതിയിലെ ജഡ്ജിമാരുടെ എണ്ണം 31 ആകും.

Top