ജസ്റ്റിസ് എസ് വി ഭട്ടി കേരള ഹൈക്കോടതി ആക്റ്റിംഗ് ചീഫ് ജസ്റ്റിസ്

ന്യൂഡല്‍ഹി: കേരള ഹൈക്കോടതി ആക്റ്റിംഗ് ചീഫ് ജസ്റ്റിസായി ജസ്റ്റിസ് എസ് വി ഭട്ടി നിയമിതനായി. ഇദ്ദേഹത്തിന്റെ നിയമനത്തിന് സാധുത നല്‍കിയത് രാഷ്ട്രപതിയാണ്. കേരള ഹൈക്കോടതിയുടെ ചീഫ് ജസ്റ്റിസായി ജസ്റ്റിസ് എസ് വി ഭട്ടിയെ നിയമിക്കാനുളള ശുപാര്‍ശ കേന്ദ്ര പരിഗണനയിലാണ്.സുപ്രീം കോടതി കൊളീജിയം ഇദ്ദേഹത്തെ കേരളാ ഹൈക്കോടതി ചീഫ് ജസ്റ്റിസായാണ് ശുപാര്‍ശ ചെയ്തതെങ്കിലും നിയമനം നടന്നത് ആക്ടിങ് ചീഫ് ജസ്റ്റിസായാണ്. ആന്ധ്രാപ്രദേശിലെ ചീറ്റൂര്‍ സ്വദേശിയാണ് ജസ്റ്റിസ് എസ്വി ഭട്ടി. കേരളാ ഹൈക്കോടതി ജഡ്ജിയായി 2019 മുതല്‍ സേവനം അനുഷ്ഠിച്ചു. നിലവിലെ ചീഫ് ജസ്റ്റിസ് എസ് മണികുമാര്‍ കാലാവധി പൂര്‍ത്തിയാക്കി വിരമിക്കുന്ന സാഹചര്യത്തിലാണ് ജസ്റ്റിസ് എസ് വി ഭട്ടിയെ നിയമിച്ചത്.

വിരമിക്കുന്ന ചീഫ് ജസ്റ്റിസ് എസ് മണികുമാറിന് സര്‍ക്കാര്‍ വക യാത്രയയപ്പ് നല്‍കിയിരുന്നു. കോവളത്ത് സ്വകാര്യ ഹോട്ടലില്‍ വെച്ചായിരുന്നു യാത്രയയപ്പ്. സാധാരണഗതിയില്‍ വിരമിക്കുന്ന ചീഫ് ജസ്റ്റിസുമാര്‍ക്ക് സര്‍ക്കാര്‍ യാത്രയയപ്പ് നല്‍കാറില്ല. ഹൈക്കോടതി ഫുള്‍ബെഞ്ച് ചേര്‍ന്ന് യാത്രയയപ്പ് നല്‍കാറാണ് പതിവ്. ഹൈക്കോടതി ഫുള്‍ ബെഞ്ചിന്റെ യാത്രയയപ്പ് നടന്നതിന് പിന്നാലെയായിരുന്നു സര്‍ക്കാര്‍ വക യാത്രയയപ്പ് നല്‍കിയത്.

Top