ജഡ്ജിയുടെ സ്ഥലംമാറ്റം; ഞെട്ടലല്ല, ഇത് നാണക്കേട്, ചോദ്യം ചെയ്യണം: കോണ്‍ഗ്രസ്

ന്യൂഡല്‍ഹി: ഡല്‍ഹി ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് എസ്. മുരളീധറിനെ പഞ്ചാബ് ഹരിയാന ഹൈക്കോടതിയിലേക്ക് സ്ഥലംമാറ്റിയ നടപടിയെ വിമര്‍ശിച്ച് കോണ്‍ഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി രംഗത്ത്. ഡല്‍ഹിയിലെ കലാപ കേസ് പരിഗണിച്ച ജഡ്ജി, കപില്‍ മിശ്രയും കേന്ദ്ര മന്ത്രിയും അടക്കം നാല് ബിജെപി നേതാക്കളുടെ വിദ്വേഷ പ്രസംഗത്തിനെതിരെ നടപടി നിര്‍ദേശിച്ചിരുന്നു. ഇതിന് പിന്നാലെയാണ് അര്‍ദ്ധരാത്രി ജസ്റ്റിസ് മുരളീധറിനെ സ്ഥലം മാറ്റിയുള്ള ഉത്തരവ് പുറത്തിറങ്ങിയത്.

ഈ നടപടി അപ്രതീക്ഷിതമൊന്നും അല്ലെന്നാണ് പ്രിയങ്ക ഗാന്ധിയുടെ പ്രതികരണം. ഈ സ്ഥലം മാറ്റ ഉത്തരവില്‍ ഞെട്ടലല്ല തോന്നുന്നത് നാണക്കേടാണെന്ന് പ്രിയങ്ക പ്രതികരിച്ചു.

അതേസമയം, ജഡ്ജിയുടെ സ്ഥലംമാറ്റ നടപടിയെ വിമര്‍ശിച്ച് കോണ്‍ഗ്രസ് നേതാവ് മനീഷ് തിവാരിയും നേരത്തെ രംഗത്ത് വന്നിരുന്നു.

അദ്ദേഹത്തെ സ്ഥലം മാറ്റിയതില്‍ വ്യക്തമായ കാരണം ഇല്ലെന്നും അധികാരത്തില്‍ മത്ത് പിടിച്ച സര്‍ക്കാറിന്റെ ധാര്‍ഷ്ട്യമാണ് ഈ സംഭവം ചൂണ്ടിക്കാട്ടുന്നതെന്നും അദ്ദേഹം പറഞ്ഞു.

ജസ്റ്റിസ് മുരളീധറിനെ ഏകപക്ഷീയമായി സ്ഥലം മാറ്റി ജുഡീഷ്യറിയെ ഭീഷണിപ്പെടുത്താനുള്ള ക്രൂരമായ ശ്രമത്തിനെതിരെ നീതിക്കും നിയമത്തിനും ഉയര്‍ന്ന സ്ഥാനം നല്‍കുന്ന എല്ലാ ജഡ്ജിമാരും അഭിഭാഷകരും ശക്തമായി പ്രതിഷേധിക്കുകയും അപലപിക്കുകയും വേണമെന്നും അദ്ദഹം കൂട്ടിച്ചേര്‍ത്തു.

Top