മതസ്വാതന്ത്ര്യത്തിൽ കോടതികൾ കൈകടത്തരുത് ;ജസ്റ്റിസ് കുര്യൻ ജോസഫ്

ന്യൂഡല്‍ഹി : മതസ്വാതന്ത്ര്യത്തില്‍ കോടതികള്‍ കൈകടത്തുന്നത് ശരിയല്ലന്ന് സുപ്രിം കോടതിയിലെ മലയാളി മുഖമായ ജസ്റ്റിസ് കുര്യന്‍ ജോസഫ്.

മതങ്ങളുടെ ധാര്‍മിക മൂല്യങ്ങളും ഭരണഘടനാ ധാര്‍മികതയും തമ്മില്‍ ഏറ്റുമുട്ടലിന്റെ ആവശ്യമില്ല. അമ്പലത്തില്‍ പൂജ എങ്ങനെ നടത്തണം, പള്ളിയില്‍ എങ്ങനെ പ്രാര്‍ഥിക്കണം, മസ്ജിദില്‍ എങ്ങനെ നിസ്‌കരിക്കണം, മുട്ടുകുത്തുന്നതു ശരീരഘടനയ്ക്ക് എതിരാണ് എന്നൊക്കെ പറയുന്നത് ഭരണഘടനാ ധാര്‍മികതയ്ക്ക് എതിരാണ്. അത് ഭരണഘടന മതങ്ങള്‍ക്ക് അനുവദിച്ചിട്ടുള്ള സ്വാതന്ത്ര്യത്തിനകത്തുള്ളതാണെന്നും അതില്‍ കോടതി കൈകടത്തുന്നതു ശരിയല്ലന്നും അദ്ദേഹം വ്യക്തമാക്കി.

ഒരു പ്രമുഖ മാധ്യമത്തിനു നല്‍കിയ അഭിമുഖത്തിലാണ് ജസ്റ്റിസിന്റെ വെളിപ്പെടുത്തല്‍.

നമ്മുടെ ഭരണഘടനയുടെ സവിശേഷതയെന്നത് ചില സുരക്ഷാസംവിധാനങ്ങളാണ്. അതിലൊന്നാണു മതസ്വാതന്ത്ര്യം സംബന്ധിച്ച 25ാം വകുപ്പ്. അത് പൊതുക്രമത്തിനും സദാചാരത്തിനും വിധേയമായിരിക്കുമെന്നേ പറഞ്ഞിട്ടുള്ളു. ഈ സദാചാരം വളരെ പ്രധാനപ്പെട്ടതാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ഇപ്പോഴത്തെ നിയമവ്യാഖ്യാനമനുസരിച്ച് സുപ്രീംകോടതിയുടെ അധികാര പരിധിക്കുള്ളിലാണു ജഡ്ജിനിയമനം. അതിനുള്ളില്‍ കൈകടത്തുന്നതിനെതിരെയാണു താന്‍ ശബ്ദിച്ചത്. നിയമനം വൈകിക്കുന്നു, അയച്ച പട്ടികയില്‍നിന്നു സൗകര്യമുള്ളവരുടെ പേരെടുത്തിട്ടു ബാക്കി മാറ്റിവയ്ക്കുന്നു, സീനിയോറിറ്റി മറികടക്കുന്നു അവയ്‌ക്കെതിരെയാണു ശബ്ദിച്ചതെന്നും അദ്ദേഹം പറഞ്ഞു.

ജഡ്ജിക്കൊരു ആറാം ഇന്ദ്രിയം ഉണ്ടാവണം. മുന്നിലെത്തുന്ന കേസില്‍ ഗൗരവമുള്ള നിയമപ്രശ്‌നമാണോ പരിഹരിക്കേണ്ടത് അതോ, കക്ഷികള്‍ തമ്മില്‍ പറഞ്ഞവസാനിപ്പിക്കുകയാണോ വേണ്ടത്? ഈ വ്യത്യാസം മനസ്സിലാക്കാന്‍ ഉള്‍ക്കണ്ണു തുറക്കണം. സുപ്രീംകോടതിയില്‍ പോലും പകുതിയിലേറെ കേസുകള്‍ പറഞ്ഞവസാനിപ്പിക്കാവുന്നതോ ഒത്തുതീര്‍ക്കാവുന്നതോ ആണെന്നും കുര്യന്‍ ജോസഫ്
വിശദീകരിച്ചു.

ഒരിക്കല്‍പോലും, പ്രവര്‍ത്തിച്ച രാഷ്ട്രീയപ്രസ്ഥാനത്തിന്റെ പ്രത്യയശാസ്ത്രമോ സ്വാധീനമോ എന്റെ കാര്യത്തിലും മറ്റേതെങ്കിലും ജഡ്ജിയുടെ കാര്യത്തിലും ഉണ്ടായതായി തോന്നിയിട്ടില്ല. വിരമിച്ചശേഷം രാഷ്ട്രീയപാര്‍ട്ടിയുടെ ഭാഗമായി പ്രവര്‍ത്തിക്കാന്‍ താല്‍പര്യമില്ല. രാഷ്ട്രീയത്തെക്കുറിച്ചല്ല, രാഷ്ട്രത്തെക്കുറിച്ചു ചിന്തിക്കാമെന്നതാണ് ഇപ്പോഴത്തെ തീരുമാനമെന്നും അദ്ദേഹം അഭിമുഖത്തില്‍ തുറന്ന് പറഞ്ഞു.

ജസ്റ്റിസ് കുര്യന്‍ ജോസഫ് ഇന്ന് സുപ്രീം കോടതിയുടെ പടിയിറങ്ങുകയാണ്. അഞ്ച് വര്‍ഷം കൊണ്ട് ആയിരത്തിലധികം വിധിന്യായങ്ങള്‍ എഴുതിയാണ് പടിയിറക്കം. മുന്‍ ചീഫ് ജസ്റ്റിസ് ദീപക് മിശ്രക്കെതിരെ പ്രതിഷേധിച്ച് വാര്‍ത്താ സമ്മേളനം നടത്തിയ മുതിര്‍ന്ന ജഡ്ജിമാരുടെ കൂട്ടത്തിലും കുര്യന്‍ ജോസഫുണ്ടായിരുന്നു.

Top