ജസ്റ്റിസ് കെ.എം. ജോസഫിന്റെ നിയമനം; തീരുമാനമാകാതെ കൊളീജിയം പിരിഞ്ഞു

joseph-sc

ന്യൂഡല്‍ഹി: ഉത്തരാഖണ്ഡ് ചീഫ് ജസ്റ്റിസ് കെ.എം. ജോസഫിനെ സുപ്രീം കോടതി ജഡ്ജിയായി സ്ഥാനക്കയറ്റം നല്‍കുന്ന കാര്യത്തില്‍ തീരുമാനമാകാതെ കൊളീജിയം പിരിഞ്ഞു. കെ.എം ജോസഫിന്റെ നിയമന ശുപാര്‍ശ പുനഃപരിശോധിക്കണമെന്ന കേന്ദ്രസര്‍ക്കാരിന്റെ ശുപാര്‍ശ കൊളിജീയം ചര്‍ച്ച ചെയ്തു. മണിക്കൂറുകള്‍ നേരം നീണ്ടു നിന്ന ചര്‍ച്ചക്കൊടുവിലാണ് ഇക്കാര്യത്തില്‍ തീരുമാനമെടുക്കാതെ പിരിഞ്ഞത്.

ജസ്റ്റിസ് കെ.എം. ജോസഫിന്റെ നിയമന വിഷയത്തില്‍ തീരുമാനം നീട്ടിവെച്ചതായാണ് സുപ്രീംകോടതി വെബ്സൈറ്റിലൂടെ അറിയിച്ചിട്ടുള്ളത്. രാജസ്ഥാന്‍, കൊല്‍ക്കത്ത, ആന്ധ്രാപ്രദേശ്, തെലുങ്കാന ഹൈക്കോടതികളിലെ ജഡ്ജിമാരെ സുപ്രീം കോടതി ജഡ്ജിമാരായി ഉയര്‍ത്തുന്നത് സംബന്ധിച്ചും കൊളീജിയം ചര്‍ച്ച ചെയ്തതായും വെബ്സൈറ്റ് വ്യക്തമാക്കുന്നു.

ചീഫ് ജസ്റ്റിസിനു പുറമെ സുപ്രീംകോടതിയിലെ മുതിര്‍ന്ന ജഡ്ജിമാരായ ജെ. ചെലമേശ്വര്‍, രഞ്ജന്‍ ഗോഗോയ്, മദന്‍ ബി ലോക്കൂര്‍, കുര്യന്‍ ജോസഫ് എന്നിവരാണ് കൊളീജിയത്തിലെ അംഗങ്ങള്‍. സുപ്രീംകോടതി ജഡ്ജിമാരായി നിയമിക്കാന്‍ ഇന്ദു മല്‍ഹോത്രയുടെയും കെ.എം. ജോസഫിന്റെയും പേരുകളാണ് കൊളീജിയം ശുപാര്‍ശ ചെയ്തിരുന്നത്. ഇന്ദു മല്‍ഹോത്രയുടെ നിയമനം അംഗീകരിച്ച കേന്ദ്ര സര്‍ക്കാര്‍ കെ.എം. ജോസഫിന്റെ പേര് തിരിച്ചയയ്ക്കുകയായിരുന്നു. സീനിയോറിട്ടി അനുസരിച്ച് 42-ാമനാണെന്നും പ്രതിനിധീകരിക്കുന്ന കേരള ഹൈക്കോടതിക്ക് മതിയായ പ്രാതിനിദ്ധ്യമുണ്ടെന്നുമാണ് കേന്ദ്രം നല്‍കിയ വിശശദീകരണം.

Top