ശബരിമല വിഷയത്തില്‍ ജസ്റ്റിസ് കെമാല്‍ പാഷയുടെ പ്രതികരണം വൈറലാകുന്നു

Kemal Pasha

കുവൈത്ത് സിറ്റി : ശബരിമലയിലെ യുവതിപ്രവേശത്തില്‍ വിധി നടപ്പാക്കുന്നതിന് സാവകാശം തേടി സുപ്രീം കോടതിയില്‍ സര്‍ക്കാരിന് ഹര്‍ജി നല്‍കാമായിരുന്നുവെന്ന് ജസ്റ്റിസ് കെമാല്‍ പാഷ. അദ്ദേഹത്തിന്റെ പ്രതികരണം സാമൂഹികമാധ്യമങ്ങളില്‍ വൈറലാകുന്നു.ക്ഷേത്രവുമായി ബന്ധപ്പെട്ടവരെ വിശ്വാസത്തിലെടുത്ത് ചര്‍ച്ചയിലൂടെ വഴി കണ്ടെത്താനുള്ള അവധാനത ആകാമായിരുന്നുവെന്നും ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍ ചര്‍ച്ചാ സമ്മേളനത്തില്‍ പങ്കെടുക്കാന്‍ കുവൈത്തില്‍ എത്തിയ അദ്ദേഹം പറഞ്ഞു.

ശബരിമലയില്‍ സന്ദര്‍ശനത്തിനെത്തുന്നവര്‍ക്ക് സംരക്ഷണം ഒരുക്കേണ്ട കാര്യം സര്‍ക്കാരിന് ഇല്ല. അതേസമയം സന്ദര്‍ശനത്തിന് എത്തുന്നവരെ ആരെങ്കിലും തടയുന്നുവെങ്കില്‍ തടസ്സമില്ലാതെ നോക്കുകയും വേണം. ശബരിമലയിലേത് സമത്വത്തിന് വേണ്ടിയുള്ള അവകാശം എന്നാണെങ്കില്‍ സ്ത്രീ-പുരുഷ ഭിന്നതയ്ക്ക് അര്‍ഥമില്ലെന്നും അങ്ങനെയൊരു അവസ്ഥയില്‍ സ്ത്രീകള്‍ക്ക് മാത്രം പ്രത്യേക സൗകര്യം ഏര്‍പ്പെടുത്തണമെന്ന നിര്‍ദേശത്തോടും യോജിപ്പില്ല. ശബരിമല വിഷയം രാഷ്ട്രീയ മുതലെടുപ്പിന് ഉപയോഗിക്കാനുള്ള ശ്രമമാണ് നടക്കുന്നത്.

ഒരുവശത്ത് സര്‍ക്കാരും മറുപക്ഷത്ത് മറ്റുചിലരും അതിന് ശ്രമിക്കുന്നുണ്ട്. അതിന്റെയൊക്കെ നഷ്ടം അനുഭവിക്കേണ്ടി വരിക സംസ്ഥാനം ആയിരിക്കും. ശബരിമലയില്‍ സംഘര്‍ഷം തുടര്‍ന്നാല്‍ ക്ഷേത്രഭണ്ഡാരത്തിലെ വരുമാനം മാത്രമല്ല കുറയുക,അയല്‍ സംസ്ഥാനങ്ങളില്‍ നിന്നുള്ള തീര്‍ഥാടകരുടെ എണ്ണവും കുറയും. ഗതാഗതം, ഹോട്ടല്‍, കച്ചവട സ്ഥാപനങ്ങള്‍ തുടങ്ങി പല മേഖലകളെയും അത് ബാധിക്കും. ശബരിമല നമ്മുടെ സംസ്‌കാരത്തിന്റെ ഭാഗമാണ്. വൈകാരിക സമീപനം എല്ലാവരും ഒഴിവാക്കണം. പകരം വിവേകത്തിന് സ്ഥാനം നല്‍കണം. ആചാരം മുടങ്ങിയാല്‍ ക്ഷേത്രം അടച്ചുപൂട്ടുമെന്ന തന്ത്രിയുടെ ഭീഷണി ശരിയായില്ല. രക്തം ചിന്തി നടയടപ്പിക്കുമെന്ന പ്രതികരണവും തെറ്റാണെന്നും അതൊന്നും വിശ്വാസപരമാണെന്ന് പറയാന്‍ പറ്റില്ലെന്നും അദ്ദേഹം പ്രതികരിച്ചു.

മാധ്യമങ്ങളുടെ ഇടപെടല്‍ സമൂഹത്തിന് വലിയ ഗുണം ചെയ്യുന്നുണ്ട്. ഇത്രയെങ്കിലും നീതിയും നിയമവും നടപ്പാക്കുന്നതില്‍ മുഖ്യ പങ്ക് വഹിക്കുന്നത് മാധ്യമ ഇടപെടല്‍ തന്നെയാണ്. പല വിഷയങ്ങളിലും പല രാഷ്ട്രീയ പാര്‍ട്ടികളും അഭിപ്രായം പറയാന്‍ പോലും മടിക്കുന്ന സാഹചര്യത്തിലാണ് മാധ്യമങ്ങളുടെ ശക്തമായ ഇടപെടല്‍ എന്നത് ശ്രദ്ധേയമാണ്. അഭിപ്രായം പറയാന്‍ മടിക്കുന്ന രാഷ്ട്രീയക്കാര്‍ക്ക് എങ്ങനെ ജനങ്ങളെ നയിക്കാനും ഭരിക്കാനും കഴിയുമെന്നും ചിന്തിക്കണം. വാര്‍ത്ത നല്‍കുന്നതിനു പകരം വാര്‍ത്ത സൃഷ്ടിക്കുന്നുവെന്ന പരാതി ചിലപ്പോള്‍ മാധ്യമങ്ങള്‍ക്കെതിരെ ചില കേന്ദ്രങ്ങളില്‍നിന്നുണ്ട്. തീര്‍പ്പാകാത്ത കേസുകളുമായി ബന്ധപ്പെട്ട വിവരങ്ങള്‍ വിശകലനം ചെയ്യുന്നത് മാത്രമേ ഒഴിവാക്കേണ്ടതുള്ളൂ. മാധ്യമ വിചാരണ കോടതികളെ സ്വാധീനിക്കുന്നുവെന്ന് തോന്നിയിട്ടില്ല.

വഷളായ കാര്യങ്ങളാണ് സിബിഐയില്‍ നടക്കുന്നത്. ആരോപണവിധേയനായ ഉദ്യോഗസ്ഥനെതിരെ നടപടിയെടുത്തതിന് നടപടി എടുത്ത ഉദ്യോഗസ്ഥനെതിരെയും നടപടി എന്നത് കാട്ടുനീതിയാണെന്നും അദ്ദേഹം പറഞ്ഞു. പ്രധാനമന്ത്രിയും പ്രതിപക്ഷ നേതാവും സുപ്രീം കോടതിയും ചേര്‍ന്നുള്ള കൊളീജിയം നിയമിച്ച ഉദ്യോഗസ്ഥനെ മാറ്റാന്‍ ഗവണ്‍മെന്റിന് അധികാരമില്ലെന്നും അദ്ദേഹം പറഞ്ഞു.

ഇത്തരത്തിലുള്ള അദ്ദേഹത്തിന്റെ പ്രതികരണമാണ് സാമൂഹികമാധ്യമങ്ങളില്‍ വൈറലാകുന്നത്.

Top