ചീഫ് ജസ്റ്റിസ് അടക്കം ഏഴ്‌ ജഡ്ജിമാരുടെ വിദേശയാത്ര വിലക്കി ജസ്റ്റിസ് കര്‍ണന്റെ ഉത്തരവ്

കൊല്‍ക്കത്ത: സുപ്രീം കോടതി ചീഫ് ജസ്റ്റിസിനും ഏഴ്‌ ജഡ്ജിമാരുടെയും വിദേശയാത്രയ്ക്ക് വിലക്കേര്‍പ്പെടുത്തി കൊല്‍ക്കത്ത ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് കര്‍ണന്റെ ഉത്തരവ്.

ജഡ്ജിമാര്‍ക്ക് എതിരെയുള്ള കേസ് കഴിയും വരെ ഇവരുടെ വിദേശയാത്രയ്ക്ക് വിലക്കേര്‍പ്പെടുത്തണമെന്നാണ് എയര്‍ കണ്‍ട്രോളര്‍ അതോറിറ്റിക്ക് കര്‍ണന്‍ നല്‍കിയിരിക്കുന്ന നിര്‍ദ്ദേശം. തന്റെ വീടിനെ കോടതിയായി കണ്ടാണ് കര്‍ണന്‍ ‘ഉത്തരവ്’ പുറപ്പെടുവിച്ചിരിക്കുന്നത്.

ജഡ്ജിമാര്‍ക്ക് എതിരെ ജാതി വിവേചനം ഉള്‍പ്പെടെയുള്ള കുറ്റങ്ങള്‍ ഉള്‍പ്പെടുത്തി വെള്ളിയാഴ്ച തന്റെ മുന്നില്‍ ഹാജരാകണമെന്ന് കര്‍ണന്‍ ഈ മാസം ആദ്യം നിര്‍ദ്ദേശിച്ചിരുന്നു. എന്നാല്‍ ജഡ്ജിമാര്‍ ആരും ഹാജരാകാത്തതിനെ തുടര്‍ന്ന് വിഷയം മെയ് ഒന്നിലേക്ക് മാറ്റിയിരിക്കുന്നുവെന്നും അതേസമയം തന്നെ ഇവര്‍ക്ക് വിദേശയാത്ര അനുവദിക്കരുതെന്ന് എയര്‍ കണ്‍ട്രോള്‍ അതോറിറ്റിക്ക് നിര്‍ദ്ദേശം നല്‍കുകയും ചെയ്തു.

അമ്പരപ്പിക്കുന്ന മറ്റൊരു കാര്യം, ”പ്രതികള്‍ക്ക് വിദേശയാത്ര അനുവദിച്ചാല്‍ ജാതി വിവേചനത്തിന്റെ വൈറസുകള്‍ ഇത്തരം അപരാധികള്‍ അവിടെയും പരത്താനുള്ള സാധ്യതയുണ്ട്.’ എന്ന് വ്യക്തമാക്കിയാണ് ജഡ്ജിമാര്‍ക്ക് യാത്രവിലക്ക് കര്‍ണന്‍ നിര്‍ദേശിച്ചിരിക്കുന്നത്.

വിരമിച്ച ജഡ്ജിമാര്‍ക്കും സിറ്റിംഗ് ജഡ്ജിമാര്‍ക്കും എതിരെ അഴിമതി ആരോപിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് കര്‍ണന്‍ കത്തെഴുതിയിരുന്നു. തുടര്‍ന്ന് സുപ്രീം കോടതി അദ്ദേഹത്തിന് എതിരെ കോടതിയലക്ഷ്യ നോട്ടീസ് പുറുപ്പെടുവിച്ചു. മാര്‍ച്ച് 31ന് മുന്പ് കോടതി മുമ്പാകെ ഹാജരാകണമെന്ന് ചീഫ് ജസ്റ്റിസ് ഉള്‍പ്പെടയുള്ള ഏഴംഗ ജഡ്ജിമാര്‍ കര്‍ണനോട് ആവശ്യപ്പെട്ടിരുന്നു. കൂടാതെ അറസ്റ്റ് വാറണ്ടും പുറപ്പെടുവിച്ചിരുന്നു.

Top