justice karnan appears sc says not fighting personal gain

ന്യൂഡല്‍ഹി:കോടതിയലക്ഷ്യക്കേസില്‍ നിയമ നടപടി നേരിടുന്ന ജസ്റ്റീസ് കര്‍ണന്‍ കോടതിയില്‍ ഹാജരായി.

കര്‍ണന്‍ അനുസരണക്കേടു കാട്ടിയെന്ന് കോടതി പറഞ്ഞു. നോട്ടിസ് അയച്ചിട്ടും എന്തുകൊണ്ടാണ് ഹാജരാകാതിരുന്നത്. മാപ്പു പറയാം. അല്ലെങ്കില്‍ കേസുമായി മുന്നോട്ടുപോകാമെന്നും കോടതി വ്യക്തമാക്കി.

ജഡ്ജിമാര്‍ക്കെതിരായ ആരോപണങ്ങള്‍ നാലാഴ്ചയ്ക്കുള്ളില്‍ എഴുതി നല്‍കണമെന്ന് കോടതി നിര്‍ദേശിച്ചു. തന്നെ ജോലി ചെയ്യാന്‍ അനുവദിക്കണമെന്നും അല്ലെങ്കില്‍ തനിക്ക് സാധാരണ ജീവിതത്തിലേക്ക് തിരികെ പോകാന്‍ സാധിക്കില്ലെന്നും കര്‍ണന്‍ കോടതിയെ അറിയിച്ചു. പക്ഷേ അതിനു കോടതി തയാറായില്ല. തന്റെ ജോലി തിരികെ ലഭിക്കുന്നതുവരെ കോടതിയില്‍ ഹാജരാകില്ല. അതിനായി ജയിലില്‍ പോകുന്നതിനും തയാറാണ്. ജുഡീഷ്യറിക്കെതിരായല്ല തന്റെ പോരാട്ടം. മദ്രാസ് ഹൈക്കോടതിയില്‍ നിലനില്‍ക്കുന്ന അഴിമതിക്കെതിരായാണ്. തന്റെ ആരോപണങ്ങള്‍ തെളിയിക്കാന്‍ കഴിയുമെന്നും കര്‍ണന്‍ കോടതിയെ അറിയിച്ചു.

സുപ്രീംകോടതി ജഡ്ജിമാരെ പരസ്യമായി വിമര്‍ശിച്ചതിനാണ് ജസ്റ്റിസ് കര്‍ണനെതിരെ കേസെടുത്തത്. തുടര്‍ന്ന് ജാമ്യം നല്‍കാന്‍ വ്യവസ്ഥകളോടെ അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചിരുന്നു. മാര്‍ച്ച് 31ന് കേസ് വീണ്ടും പരിഗണിക്കുമ്പോള്‍ കോടതിയില്‍ നേരിട്ടു ഹാജരാകണമെന്നും ചീഫ് ജസ്റ്റിസ് അധ്യക്ഷനായുള്ള ഏഴംഗ ബെഞ്ച് വിധിച്ചിരുന്നു. എന്നാല്‍ രാജ്യത്തെ പരമോന്നത കോടതിയുടെ അറസ്റ്റ് വാറന്റ് തള്ളിക്കളഞ്ഞ കര്‍ണന്‍ സുപ്രീംകോടതി ചീഫ് ജസ്റ്റിസ് അടങ്ങുന്ന ഭരണഘടനാ ബെഞ്ചിലെ ഏഴു ജഡ്ജിമാര്‍ 14 കോടി രൂപ നഷ്ടപരിഹാരം നല്‍കണമെന്ന് ‘ഉത്തരവിടുക’യും ചെയ്തിരുന്നു.

മദ്രാസ് ഹൈക്കോടതി ചീഫ് ജസ്റ്റിസിനും വിരമിച്ച ജഡ്ജിമാര്‍ക്കുമെതിരെ അഴിമതി ആരോപിച്ചു സുപ്രീം കോടതി ചീഫ് ജസ്റ്റിസ്, പ്രധാനമന്ത്രി, പ്രതിപക്ഷ നേതാവ് എന്നിവര്‍ക്കു കത്തയച്ചതിനാണു കര്‍ണനെതിരെ കോടതിയലക്ഷ്യ നടപടി തുടങ്ങിയത്. അന്ന് മദ്രാസ് ഹൈക്കോടതിയില്‍നിന്നു കൊല്‍ക്കത്ത ഹൈക്കോടതിയിലേക്കു സ്ഥലംമാറ്റിയ സുപ്രീം കോടതി നടപടി കര്‍ണന്‍ സ്വയം സ്റ്റേ ചെയ്തു.

രാജ്യത്തിന്റെ ചരിത്രത്തിലാദ്യമായാണ് നിലവിലുള്ള ഹൈക്കോടതി ജഡ്ജി സുപ്രീം കോടതിമുമ്പാകെ ഹാജരാകുന്നത്.

Top