സൂരജ് ഏറ്റവും വലിയ ക്രിമിനല്‍, വധശിക്ഷ നല്‍കണമായിരുന്നെന്ന് ജസ്റ്റിസ് കമാല്‍ പാഷ

തിരുവനന്തപുരം: ഉത്ര വധക്കേസില്‍ കോടതി വിധിക്കെതിരെ ജസ്റ്റിസ് കമാല്‍ പാഷ രംഗത്ത്. അപൂര്‍വങ്ങളില്‍ അപൂര്‍വമെന്ന് പറയാവുന്ന കേസാണെങ്കില്‍ ഉത്രാവധക്കേസില്‍ പ്രതിക്ക് വധശിക്ഷ നല്‍കണമായിരുന്നെന്ന് കമാല്‍ പാഷ ചൂണ്ടിക്കാട്ടി. ഇതുപോലെ വധശിക്ഷയ്ക്ക് അര്‍ഹതയുള്ള മറ്റൊരു കേസ് സമീപകാലത്തൊന്നും കണ്ടിട്ടില്ലെന്നും, വലിയ ആസൂത്രണം നടന്നിട്ടുള്ള സംഭവമാണിതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

മാത്രമല്ല, പ്രതിയുടെ പിതാവിനെതിരെ തെളിവുനശിപ്പിക്കലിന് കേസെടുക്കാത്തത് എന്തുകൊണ്ടാണെന്നും അദ്ദേഹം ആരാഞ്ഞു. പ്രതിയുടെ കുടുംബത്തിനും കേസില്‍ പങ്കുണ്ട്. ഈ കേസിന് വധശിക്ഷ കൊടുത്തില്ലെങ്കില്‍ മറ്റേത് കേസിനാണ് കൊടുക്കേണ്ടത്. പ്രതിയുടെ പ്രായം, മുന്‍കാല ചരിത്രം എന്നിവ പരിഗണിച്ചത് കോടതിയുടെ തെറ്റായ നിരീക്ഷണമാണ്.

ഞാന്‍ കണ്ടിട്ടുള്ളതില്‍ വെച്ച് ഏറ്റവും വലിയ ക്രിമിനലാണ് സൂരജ്. പണ്ട് ക്രിമിനല്‍ പശ്ചാത്തലമില്ലെങ്കില്‍ വധശിക്ഷ നല്‍കേണ്ടതില്ല എന്ന നിയമമൊന്നുമില്ല. വധശിക്ഷയെ എതിര്‍ക്കുന്നവരും അപരിഷ്‌കൃതമെന്ന് പറയുന്നവരുമുണ്ട്. സ്വന്തം വീട്ടില്‍ ഇത്തരം സംഭവങ്ങള്‍ നടക്കുമ്പോഴേ അവരൊക്കെ പഠിക്കൂ. വധശിക്ഷ നടപ്പാക്കുന്ന മറ്റ് രാജ്യങ്ങളില്‍ കുറ്റകൃത്യങ്ങള്‍ വളരെ കുറവാണെന്നു ജസ്റ്റിസ് കെമാല്‍ പാഷ പറഞ്ഞു.

നേരത്തെ, പ്രതി സൂരജിന് വിധിച്ച ശിക്ഷയില്‍ അതൃപ്തിയറിയിച്ച് ഉത്രയുടെ മാതാപിതാക്കളും രംഗത്തെത്തിയിരുന്നു. മകള്‍ക്ക് നീതികിട്ടണമെങ്കില്‍ വധശിക്ഷ ലഭിക്കണമായിരുന്നെന്ന് ഉത്രയുടെ അമ്മ മണിമേഖല പ്രതികരിച്ചു.

ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ ഈ പിഴവുകളാണ് നാട്ടില്‍ ഇത്തരത്തിലുള്ള പ്രതികളെ സൃഷ്ടിക്കുന്നത്. പരമാവധി ശിക്ഷ പ്രതിക്ക് കിട്ടുമെന്ന് പ്രതീക്ഷിച്ചിരുന്നു. ഇരട്ട ജീവപര്യന്തത്തില്‍ തൃപ്തരല്ല. അടുത്ത നിയമനടപടികളുമായി മുന്നോട്ടുപോകുമെന്ന് മണിമേഖല പറഞ്ഞു. വിധിക്കെതിരെ അപ്പീല്‍ നല്‍കാനാണ് കുടുംബത്തിന്റെ തീരുമാനം.

Top