justice jb koshy’s statement

തിരുവനന്തപുരം: സെപ്തംബര്‍ രണ്ടിലെ ദേശീയ പണിമുടക്ക് ദിവസം ജോലിചെയ്യാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് സര്‍ക്കാര്‍ അതിനുള്ള അവസരമൊരുക്കണമെന്നും സംരക്ഷണം നല്‍കണമെന്നും മനുഷ്യാവകാശ കമ്മിഷന്‍ അദ്ധ്യക്ഷന്‍ ജസ്റ്റിസ് ജെ.ബി.കോശി പറഞ്ഞു.

പണിമുടക്കാന്‍ നിയമപരമായ അവകാശമുണ്ട്. പക്ഷേ അത് മൗലികഅവകാശമല്ല. ജോലിചെയ്യുകയെന്നത് മൗലികാ അവകാശമാണ്. അതിനാല്‍ ജോലിചെയ്യാന്‍ ആഗ്രഹിക്കുന്നവരെ ആര്‍ക്കും തടസപ്പെടുത്താനാവില്ലെന്നും അദ്ദേഹം വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

ദിവസക്കൂലിക്കാര്‍, പ്രൊബേഷനിലുള്ളവര്‍, അവധിയെടുക്കാനാവാത്തവര്‍ തുടങ്ങിയ ജീവനക്കാര്‍ക്ക് പണിമുടക്കാനാവില്ലെന്നത് പരിഗണിക്കണം. പണിമുടക്കിന്റേയും ഹര്‍ത്താലിന്റേയും മറവില്‍ സാമൂഹ്യവിരുദ്ധര്‍ പൊതുമുതല്‍ നശിപ്പിക്കുന്നുണ്ട്. സ്വകാര്യമുതല്‍ നശിപ്പിച്ചാലും സര്‍ക്കാര്‍ നഷ്ടപരിഹാരം നല്‍കണം.

ഉത്തരവാദികളില്‍ നിന്ന് ഈ തുക ഈടാക്കണം. ജോലിക്കെത്തുന്നവരെ തടയുന്നത് കുറ്റകൃത്യമാണെന്ന് സുപ്രീംകോടതി വിധിയുണ്ട്. ഇക്കാര്യത്തില്‍ സര്‍ക്കാര്‍ ഇച്ഛാശക്തിയോടെ പ്രവര്‍ത്തിക്കണമെന്നും ഭരണസംവിധാനം നടപടിയെടുത്തില്ലെങ്കില്‍ ജുഡീഷ്യറിക്ക് ഇടപെടേണ്ടി വരുമെന്നും അദ്ദേഹം പറഞ്ഞു.

മനുഷ്യാവകാശ കമ്മിഷന്‍ അദ്ധ്യക്ഷനായി അഞ്ചുവര്‍ഷം പ്രവര്‍ത്തിച്ച ശേഷം ജെ.ബി.കോശി സെപ്തംബര്‍ നാലിന് സ്ഥാനമൊഴിയുകയാണ്. സംതൃപ്തിയോടെയാണ് പടിയിറങ്ങുന്നതെന്ന് അദ്ദേഹം പറഞ്ഞു. താന്‍ ചുമതലയേറ്റ 2011ല്‍ പ്രതിവര്‍ഷം 5000 കേസുകള്‍ മാത്രമാണ് ഫയല്‍ചെയ്തിരുന്നത്.

2012ല്‍ 7489, 2013ല്‍ 9144 എന്നിങ്ങനെ കേസുകള്‍ വര്‍ദ്ധിച്ചു. 2014ലും 2015ലും 13,000കേസുകളുണ്ടായി. ഇക്കൊല്ലം ഇതുവരെ 8800 കേസുകള്‍ ഫയല്‍ചെയ്തു.

അഞ്ചു വര്‍ഷം കൊണ്ട് 54,000കേസുകളില്‍ തീര്‍പ്പുണ്ടാക്കിയെന്നും ജെ.ബി.കോശി പറഞ്ഞു. കമ്മിഷനില്‍ കമ്പ്യൂട്ടര്‍വത്കരണം നടപ്പാക്കാനുള്ള പദ്ധതി സര്‍ക്കാര്‍ തടഞ്ഞുവച്ചിരിക്കുകയാണ്.

റീസര്‍വേ ഉദ്യോഗസ്ഥര്‍ അളവുജോലികള്‍ സ്വകാര്യവ്യക്തികള്‍ക്ക് കൈമാറിയതാണ് റീസര്‍വേ കുളമാകാന്‍ കാരണം. ജീവനക്കാരുടെ സംഘടനകളുടെ അനാവശ്യമായ ഇടപെടല്‍ വര്‍ദ്ധിച്ചിട്ടുണ്ട്. ഉന്നതഉദ്യോഗസ്ഥന്‍ വിചാരിച്ചാല്‍ ഒരാളെ സ്ഥലംമാറ്റാന്‍ പോലും കഴിയില്ല. കോടതികളില്‍ മാധ്യമങ്ങള്‍ക്ക് വിലക്കില്ല. ഏത് കോടതിയിലുമെത്തി റിപ്പോര്‍ട്ട് ചെയ്യാനാവുമെന്നും ജെ.ബി.കോശി പറഞ്ഞു.

Top