ജസ്റ്റിസ് അരുണ്‍ മിശ്ര സുപ്രീം കോടതിയില്‍ നിന്ന് വിരമിച്ചു

ന്യൂഡൽഹി : ജസ്റ്റിസ് അരുണ്‍ മിശ്ര സുപ്രീം കോടതിയില്‍ നിന്ന് വിരമിച്ചു. ആറു വര്‍ഷത്തെ സേവനത്തിന് ശേഷമാണ് സുപ്രീം കോടതിയില്‍ നിന്നും അരുണ്‍ മിശ്ര വിരമിക്കുന്നത്. ചീഫ് ജസ്റ്റിസ് എസ് ഐ ബോബ്‌ഡെ അദ്ദേഹത്തിന് ചടങ്ങിൽ യാത്രയയപ്പ് നല്‍കി. കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ വെര്‍ച്വല്‍ യാത്രയയപ്പാണ് ഒരുക്കിയിരുന്നത്. ധൈര്യത്തിന്റേയും പോരാട്ടത്തിന്റേയും നിശ്ചയദാര്‍ഢ്യത്തിന്റേയും വെളിച്ചമാണ് അരുണ്‍ മിശ്രയെന്ന് ചീഫ് ജസ്റ്റിസ് ബോബ്‌ഡെ പറഞ്ഞു. അതെ സമയം സുപ്രീം കോടതിയിലെ ഉരുക്ക് ജഡ്ജിയായിരുന്നു അരുണ്‍ മിശ്രയെന്ന് അറ്റോര്‍ണി ജനറല്‍ കെ കെ വേണുഗോപാല്‍ വ്യക്തമാക്കി.

മരട് ഫ്ലാറ്റ് പൊളിക്കല്‍ ഉള്‍പ്പടെ നിര്‍ണായക വിധി പുറപ്പെടുവിച്ച ന്യായാധിപനാണ് ജസ്റ്റിസ് അരുണ്‍ മിശ്ര. ദീപക് മിശ്ര ചീഫ് ജസ്റ്റിസ് ആയിരിക്കെ ഉയർന്ന അഴിമതി ആരോപണം, രഞ്ജൻ ഗൊഗോയ്‌ക്കെതിരെയുള്ള ലൈംഗിക പീഡനവിവാദം എന്നീ രണ്ട് കേസുകളും പരിഗണിച്ചത് ജസ്റ്റിസ് അരുൺ മിശ്ര ഉൾപ്പെട്ട ബെഞ്ചാണ്.

മനസാക്ഷിക്കനുസരിച്ചാണ് ഓരോ കേസും പരിഗണിച്ചതെന്ന് യാത്രയയപ്പ് ചടങ്ങില്‍ ജസ്റ്റിസ് അരുണ്‍ മിശ്ര പറഞ്ഞു. വിധി വിശകലനം ചെയ്യാം. പക്ഷെ അതിന് നിറംപിടിപ്പിച്ച കഥകൾ നിരത്തരുതെന്നും അരുണ്‍ മിശ്ര വിടവാങ്ങല്‍ പ്രസംഗത്തില്‍ കൂട്ടിച്ചേര്‍ത്തു.

Top