അറസ്റ്റിലായ ജസ്റ്റീസ് കര്‍ണന്‍ ഒളിവില്‍ കഴിഞ്ഞിരുന്നത് കേരളത്തിലെന്ന് റിപ്പോര്‍ട്ട്

കോയമ്പത്തൂര്‍: കൊല്‍ക്കത്ത ഹൈക്കോടതി മുന്‍ ജഡ്ജി ജസ്റ്റീസ് സി.എസ്. കര്‍ണന്‍ ഒളിവില്‍ കഴിഞ്ഞത് കേരളത്തില്‍.

കൊച്ചി പനങ്ങാടുള്ള ലേക്ക് സിംഫണി റിസോര്‍ട്ടിലായിരുന്നു ജസ്റ്റീസ് കര്‍ണന്റെ ഒളിവുജീവിതം. ഈ മാസം 11 മുതല്‍ 13 വരെയായിരുന്നു കര്‍ണന്‍ റിസോര്‍ട്ടിലുണ്ടായിരുന്നതെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

ചൊവ്വാഴ്ച വൈകിട്ട് കോയമ്പത്തൂരില്‍ നിന്ന് കര്‍ണനെ കൊല്‍ക്കത്ത പോലീസ് അറസ്റ്റ് ചെയ്തിരുന്നു. കര്‍പഗം കോളജിനടുത്തുള്ള റിസോര്‍ട്ടില്‍ ഒളിച്ചു താമസിക്കുകയായിരുന്നു കര്‍ണന്‍.

മൊബൈല്‍ ഫോണ്‍ പിന്തുടര്‍ന്നുള്ള അന്വേഷണത്തിലാണ് ഇദ്ദേഹം പിടിയിലായതെന്നു പോലീസ് അറിയിച്ചു. കൊല്‍ക്കത്ത പോലീസ് അറസ്റ്റ് ചെയ്ത കര്‍ണനെ ഇന്നുതന്നെ മുംബൈയിലേക്കു കൊണ്ടുപോകും. അറസ്റ്റ് ചെയ്യാന്‍ സുപ്രീം കോടതി ഉത്തരവിട്ടതിനെ തുടര്‍ന്ന് മേയ് ഒമ്പതുമുതല്‍ കര്‍ണന്‍ ഒളിവിലായിരുന്നു.

Top