ജുപ്പീറ്റര്‍ ഗ്രാന്‍ഡെ വിപണിയില്‍ തിരിച്ചെത്തി; വില 62,436 രൂപ

ഗിയര്‍രഹിത സ്‌കൂട്ടറായ ടിവിഎസ് ജുപ്പീറ്ററിന്റെ മുന്തിയ വകഭേദമായ ജുപ്പീറ്റര്‍ ഗ്രാന്‍ഡെ വിപണിയില്‍ തിരിച്ചെത്തി. ദീപാവലി, നവരാത്രി ഉത്സവാഘോഷത്തിനു മുന്നോടിയായാണ് ജുപ്പീറ്റര്‍ ഗ്രാന്‍ഡെ വിപണിയില്‍ തിരിച്ചെത്തിച്ചിരിക്കുന്നത്. ബ്ലൂടൂത്ത് കണക്ടിവിറ്റിയും പുത്തന്‍ നിറക്കൂട്ടുമൊക്കെയായി മടങ്ങിയെത്തിയ ജുപ്പീറ്റര്‍ ഗ്രാന്‍ഡെയ്‌ക്കെ 62,436 രൂപയാണു ഡല്‍ഹിയിലെ ഷോറൂം വില.

തിരിച്ചു വരവില്‍ ഡിസ്‌ക് ബ്രേക്കോടെ മാത്രമാണു ‘ജുപ്പീറ്റര്‍ ഗ്രാന്‍ഡെ’ ലഭ്യമാവുക. 62,346 രൂപ നിലവാരത്തില്‍ ബ്ലൂടൂത്ത് കണ്‍സോള്‍ സഹിതമെത്തുന്ന ‘ഗ്രാന്‍ഡെ’ ഈ ശ്രേണിയിലെ ഏറ്റവും വിലയേറിയ സ്‌കൂട്ടറുമാവും. ടിവിഎസ് ‘ജൂപ്പീറ്റര്‍ ഗ്രാന്‍ഡെ ഡിസ്‌ക് എസ്ബിടി’യെ അപേക്ഷിച്ച് 2,446 രൂപയും ‘ജുപ്പീറ്റര്‍’ അടിസ്ഥാന വകഭേദത്തെ അപേക്ഷിച്ച് 8,855 രൂപയും അധികമാണു പുത്തന്‍ ഗ്രാന്‍ഡെയുടെ വില.

ബ്ലൂടൂത്ത് അധിഷ്ഠിത ഡിജിറ്റല്‍ ഇന്‍സ്ട്രമെന്റ് ക്ലസ്റ്റര്‍ ആണു സ്‌കൂട്ടറിന്റെ പ്രധാന ആകര്‍ഷണം. വാഹന വേഗത്തിനും പിന്നിട്ട ദൂരവുമടക്കം ഒട്ടേറെ വിവരങ്ങള്‍ ഈ സംവിധാനത്തില്‍ ലഭ്യമാവും. ‘എന്‍ ടോര്‍ക്കി’ലുള്ളത്ര സമഗ്രമായ സംവിധാനമല്ലെങ്കിലും ട്രിപ് മീറ്ററിനും ഓഡോമീറ്ററിനുമപ്പുറം കോള്‍, ടെക്സ്റ്റ് നോട്ടിഫിക്കേഷനും അമിത വേഗം സംബന്ധിച്ച മുന്നറിയിപ്പുമൊക്കെ ഇതില്‍ ഇടംപിടിക്കുന്നു.

വാഹന ഉടമകള്‍ സ്വന്തം മൊബൈല്‍ ഫോണില്‍ ‘ടിവിഎസ് കണക്ട്’ ആപ്ലിക്കേഷന്‍ ഡൗണ്‍ലോഡ് ചെയ്തു വേണം സ്‌കൂട്ടറിലെ ബ്ലൂടൂത്ത് അധിഷ്ഠിത സംവിധാനം പ്രവര്‍ത്തനക്ഷമമാക്കാന്‍. മാത്രമല്ല, 110 സി സി വിഭാഗത്തില്‍ ഈ സൗകര്യങ്ങള്‍ ലഭ്യമാവുന്ന ആദ്യ സ്‌കൂട്ടറെന്ന പെരുമയും ‘ജുപ്പീറ്റര്‍ ഗ്രാന്‍ഡെ’യ്ക്കു തന്നെ.

ബീജ് നിറത്തിലുള്ള പാനലിനൊപ്പം ഇളം നീല നിറക്കൂട്ടാണു പുത്തന്‍ ‘ഗ്രാന്‍ഡെ’യിലെ മറ്റൊരു സവിശേഷത. ക്രോസ് സ്റ്റിച് പാറ്റേണ്‍ സഹിതം മെറൂണ്‍ നിറമുള്ള സീറ്റും സ്‌കൂട്ടറിലുണ്ട്. ഇരട്ട വര്‍ണമുള്ള, എംബോസ് ചെയ്ത ലോഗോ സഹിതമാണു പുതു ‘ഗ്രാന്‍ഡെ’യുടെ വരവ്. മുന്‍തലമുറയെ പോലെ എല്‍ഇഡി ഹെഡ്‌ലൈറ്റ്, മെഷീന്‍ ഫിനിഷ് അലോയ്‌ വീല്‍, റിയര്‍ വ്യൂ മിററില്‍ ക്രോം സ്പര്‍ശം എന്നിവയൊക്കെ ഈ സ്‌കൂട്ടറിലുമുണ്ട്. അതേസമയം, മുന്‍ മോഡലിന്റെ ഏപ്രണിലുണ്ടായിരുന്ന ക്രോമിയം സ്പര്‍ശം ഈ സ്‌കൂട്ടറിലില്ല.

സ്‌കൂട്ടറിനു കരുത്തേകുക 109.7 സിസി, സിംഗിള്‍ സിലിണ്ടര്‍ എന്‍ജിനാവും. എട്ടു ബിഎച്ച്പിയോളം കരുത്തും 8.4 എന്‍എം ടോര്‍ക്കുമാണ് ഈ എന്‍ജിന്‍ സൃഷ്ടിക്കുക. നിലവില്‍ മലിനീകരണ നിയന്ത്രണത്തില്‍ ബിഎസ് നാല് നിലവാരമുള്ള എന്‍ജിനോടെയാണു ‘ഗ്രാന്‍ഡെ’യുടെ എത്തിയിരിക്കുന്നത്. അടുത്ത ഏപ്രിലോടെ ബിഎസ് ആറ് നിലവാരമുള്ള എന്‍ജിന്‍ സഹിതം ‘ജൂപ്പീറ്റര്‍ ഗ്രാന്‍ഡെ’ വില്‍പ്പനയ്‌ക്കെത്തുമെന്നാണു പ്രതീക്ഷ.

Top