വൈആർഎഫ് സ്പൈ യൂണിവേഴ്‌സിലേയ്ക്ക് ജൂനിയർ എൻടിആറും; ഹൃത്വിക്കിനൊപ്പം ‘വാർ 2’വിൽ എത്തും

അംഗബലം കൂട്ടാൻ വൈആർഎഫ് സ്പൈ യൂണിവേഴ്സ്. ഇന്ത്യൻ സിനിമാ ചരിത്രത്തിലെ സൂപ്പർ താരങ്ങളുടെ ഏറ്റവും വലിയ സംഗമത്തിന് കളമൊരുക്കുന്ന യഷ് രാജ് ഫിലിംസ് സ്പൈ യൂണിവേഴ്‌സിൽ തെന്നിന്ത്യയിൽ നിന്നുള്ള ആദ്യ സാന്നിധ്യമാണ് നടൻ. ഹൃത്വിക് റോഷൻ-ടൈഗർ ഷ്രോഫ് എന്നിവർ ഒന്നിച്ച ‘വാറി’ന് രണ്ടാം ഭാഗം ഉണ്ടെന്ന് നേരത്തെ വാർത്തകൾ വന്നിരുന്നു. ഹൃത്വിക് സിനിമയുടെ ഭാഗമാണെന്നും സംവിധാനം അയാൻ മുഖർജി നിർവ്വഹിക്കുമെന്നും ഇന്നലെ സ്ഥിരീകരണം ഉണ്ടായി.

സിദ്ധാർത്ഥ് ആനന്ദിന്റെ സംവിധാനത്തിൽ എത്തിയ ‘വാർ’, 2019ലെ ഏറ്റവും വലിയ കളക്ഷൻ നേടിയ ചിത്രം കൂടിയായിരുന്നു. മേജർ കബീർ എന്ന ‘റോ ഏജന്റ്’ ആയിരുന്നു ചിത്രത്തിൽ ഹൃത്വിക്. ജൂനിയർ എൻടിആർ കൂടി വരുമ്പോൾ പാൻ ഇന്ത്യൻ റിലീസിനുള്ള സാധ്യതയാണ് വർധിക്കുന്നത്. ‘ആർആർആറി’ന് ശേഷം നടന് രാജ്യവ്യാപകമായുള്ള സ്വീകാര്യത ഉപയോഗപ്പെടിത്തുന്നതിനൊപ്പം സ്പൈ യുണിവേഴ്‌സിനെ തെന്നിന്ത്യയിലേയ്ക്ക് കൂടി വികസിപ്പിക്കുകയാണ് ആദിത്യ ചോപ്ര. നിലവിൽ അണിയറയിലുള്ള ‘ടൈഗർ 3’യുടെ കഥയിൽ നിന്നുള്ള സംഭവങ്ങളാകും ‘വാർ 2’ന് ആധാരം.

2012ൽ റിലീസ് ചെയ്ത ‘ഏക് ഥാ ടൈഗർ’, 2017ൽ ‘ടൈഗർ സിന്ദാ ഹൈ’ എന്നിവയാണ് ടൈഗർ സീരീസിൽ റിലീസ് ചെയ്ത ചിത്രങ്ങൾ. ‘റോ ഏജന്റ്’ ടൈഗർ ആയാണ് ചിത്രങ്ങളിൽ സൽമാൻ വേഷമിട്ടത്. അണിയറയിലുള്ള ‘ടൈഗർ 3’ൽ ഷാരൂഖ് ഖാൻ കാമിയോ റോളിൽ എത്തുന്നുണ്ട്. പഠാനിൽ അതിഥി വേഷത്തിൽ സൽമാനും എത്തിയിരുന്നു.

ജനുവരി 25ന് ഷാരൂഖ് ഖാൻ ചിത്രം ‘പഠാൻ’ റിലീസ് ചെയ്യുന്നതിന് മുന്നോടിയായാണ് നിർമ്മാതാക്കളായ യഷ് രാജ് ഫിലിംസ് ഉടമ ആദിത്യ ചോപ്ര, സ്പൈ യൂണിവേഴ്സിന്റെ പ്രഖ്യാപനം നടത്തിയത്. ഷാരൂഖ് ഖാൻ, സൽമാൻ ഖാൻ, ഹൃത്വിക് റോഷൻ, കത്രീന കൈഫ്, ദീപിക പദുക്കോൺ, ജോൺ എബ്രഹാം, ടൈഗർ ഷ്രോഫ്, വാണി കപൂർ എന്നിവരാണ് ഇതുവരെ സ്പൈ യൂണിവേഴ്സ് സിനിമകളുടെ ഭാഗമായിട്ടുള്ളത്. യഷ് രാജ് സ്പൈ യൂണിവേഴ്സിന്റെ ലോഗോ പഠാൻ ട്രെയ്‌ലറിനൊപ്പമാണ് ലോഞ്ച് ചെയ്തത്.

Top