ഹൃത്വിക് റോഷന്‍ ചിത്രം വാര്‍ 2 ല്‍ ഇന്ത്യന്‍ ഏജന്റിന്റെ വേഷത്തില്‍ തിളങ്ങാന്‍ ജൂനിയര്‍ എന്‍ടിആറും

വൈആര്‍എഫ് യൂണിവേഴ്സിന്റെ പുതിയ ചിത്രം വാര്‍ 2 ല്‍ ജൂനിയര്‍ എന്‍ടിആറും എന്ന വാര്‍ത്ത ഏറെ ചര്‍ച്ചകള്‍ക്ക് ഇടം പിടിച്ചിരുന്നു. ഹൃത്വിക് റോഷന്‍ നായകനാകുന്ന ചിത്രത്തില്‍ വില്ലന്‍ കഥാപാത്രത്തെയാകും താരം അവതരിപ്പിക്കുക എന്നാണ് ആദ്യ റിപ്പോര്‍ട്ടുകള്‍ വന്നത്. ഇപ്പോഴിതാ താരത്തിന്റെ കഥാപാത്രത്തെക്കുറിച്ച് പുതിയ അപ്‌ഡേറ്റുകള്‍ വന്നിരിക്കുകയാണ്.

വാര്‍ 2 ല്‍ ജൂനിയര്‍ എന്‍ടിആര്‍ ഒരു ഇന്ത്യന്‍ ഏജന്റിന്റെ വേഷത്തിലാകുമെത്തുക എന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍. ഹൃത്വിക്കുമായി നിരവധി ഗംഭീര രംഗങ്ങളുള്ള കഥാപാത്രം വൈആര്‍എഫ് സ്‌പൈ യൂണിവേഴ്സിന്റെ ഭാവി സിനിമകളിലുമുണ്ടാകുമെന്നാണ് സൂചന. താരവുമായി നീണ്ട നാളത്തെ കരാറിലാണ് ഏര്‍പ്പെട്ടിരിക്കുന്നത്. സ്‌പൈ യൂണിവേഴ്സിന്റെ ഭാവി സിനിമകളില്‍ ജൂനിയര്‍ എന്‍ടിആറിന്റെ കാമിയോ ഉണ്ടാകുമെന്നും ഈ കഥാപാത്രത്തെവെച്ച് ഒരു സ്പിന്‍ ഓഫ് പദ്ധതിയിടുന്നതായും റിപ്പോര്‍ട്ടുകള്‍ ഉണ്ട്.

വൈആര്‍എഫ് സ്‌പൈ യൂണിവേഴ്സിന്റെ ആറാമത്തെ ചിത്രമാണ് വാര്‍ 2. കിയാര അധ്വാനിയാണ് സിനിമയിലെ നായികാ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. സിനിമയില്‍ ഷാരൂഖ് ഖാന്റെ പത്താനും സല്‍മാന്‍ ഖാന്റെ ടൈഗറും കാമിയോ വേഷങ്ങളിലെത്തുമെന്ന റിപ്പോര്‍ട്ടുകളുണ്ട്. ആക്ഷന്‍ ത്രില്ലര്‍ ജോണറിലൊരുങ്ങുന്ന ചിത്രത്തില്‍ ഹൃത്വിക്കിനൊപ്പം സല്‍മാന്‍ ഖാനും ഷാരൂഖും അണിനിരക്കുന്നതോടെ വലിയ പ്രേക്ഷകരെ പിടിച്ചിരുത്താന്‍ വാര്‍ 2-ന് സാധിക്കുമെന്നാണ് നിരൂപകരും പ്രതീക്ഷിക്കുന്നത്.

Top