സ്പുട്‌നിക് വാക്‌സിന്‍ ജൂണ്‍ 15 മുതല്‍ ഡല്‍ഹിയില്‍

ന്യൂഡല്‍ഹി: ജൂണ്‍ 15 മുതല്‍ ഡല്‍ഹിയില്‍ റഷ്യയുടെ സ്പുട്‌നിക് വി കൊവിഡ് വാക്‌സിന്‍ ലഭ്യമാകും. ഡല്‍ഹിയിലെ ഇന്ദ്രപ്രസ്ഥ അപ്പോളോ ആശുപത്രിയിലാണ് വാക്‌സിന്‍ ലഭ്യമാകുക. കേന്ദ്ര സര്‍ക്കാര്‍ പുറപ്പെടുവിച്ച വിലനിര്‍ണയ നിരക്ക് പ്രകാരം സ്വകാര്യ ആശുപത്രികളില്‍ സ്പുട്‌നിക്കിന്റെ ഒരു ഡോസിന് 1,145 രൂപ വില നിശ്ചയിച്ചിട്ടുണ്ട്.

അപ്പോളോ ഹോസ്പിറ്റലും ഡോ. റെഡ്ഡീസ് ലബോറട്ടറിയും സ്പുട്‌നിക് വാക്‌സിന്റെ ആദ്യ ഘട്ട വിതരണം മേയ് 17ന് ഹൈദരാബാദിലും മേയ് 18ന് വിശാഖപട്ടണത്തും ആരംഭിച്ചിരുന്നു. 90 ശതമാനത്തിലേറെയാണ് സ്പുട്‌നിക്കിന്റെ ഫലക്ഷമത. മോഡേണ, ഫൈസര്‍ വാക്‌സിനുകള്‍ക്കും 90 ശതമാനത്തിലേറെ ഫലക്ഷമതയുണ്ട്. കോണ്ടിനെന്റല്‍ ഹൈദരാബാദിലെ ഹോസ്പിറ്റലുകളിലും വാക്‌സിന്‍ ലഭ്യമാണ്.

രാജ്യത്ത് സ്പുട്‌നിക്കിന്റെ നിര്‍മാണ വിതരണാവകാശം നേടിയിട്ടുള്ളത് ഹൈദരാബാദിലെ ഡോ. റെഡ്ഡീസ് ലബോറട്ടറീസ് ആണ്. ഡോ. റെഡ്ഡീസിന് വേണ്ടി കര്‍ണാടകയിലെ ശില്‍പ ബയോളജിക്കല്‍സ്  പ്രൈവറ്റ് ലിമിറ്റഡ് (എസ്ബിപിഎല്‍) എന്ന സ്ഥാപനമാണ് വാക്‌സിന്‍ നിര്‍മ്മിക്കുന്നത്. അഞ്ചു കോടി ഡോസ് വാക്‌സിന്‍ വര്‍ഷത്തിനുള്ളില്‍ ഉല്‍പാദിപ്പിക്കാനാണ് ശില്‍പ ബയോളജിക്കല്‍സിന്റെ തീരുമാനം. അതേസമയം മേയ് 14ന് സ്പുട്‌നിക് വാക്‌സിന്റെ വിതരണം ഇന്ത്യയില്‍ ആരംഭിച്ചിരുന്നു. വാക്‌സിന്റെ വാണിജ്യപരമായ വിതരണം ജൂണില്‍ ആരംഭിക്കാനാണ് തീരുമാനം.

Top