ദുബായിൽ ജുമൈറ ഗോള്‍ഫ് എസ്റ്റേറ്റ്സ് മെട്രോ സ്റ്റേഷന്‍ നാളെ തുറക്കും

ദുബായ്: എക്സ്പോ 2020 വേദിയിലേക്ക് നിര്‍മിച്ച ജുമൈറ ഗോള്‍ഫ് എസ്റ്റേറ്റ്സ് മെട്രോ സ്റ്റേഷന്‍ സെപ്റ്റംബര്‍ ഒന്ന് ബുധനാഴ്ച പ്രവര്‍ത്തനം തുടങ്ങുമെന്ന് ദുബായ് റോഡ്സ് ആന്‍ഡ് ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റി (ആര്‍.ടി.എ) അറിയിച്ചു.

ഏറ്റവും വലിയ ഭൂഗര്‍ഭ മെട്രോ സ്റ്റേഷനാണിത്. ഇതോടെ എക്‌സ്പോ 2020 വേദിയിലേക്കുള്ള എല്ലാ മെട്രോ സ്റ്റേഷനുകളും തുറന്നു. ആറ് സ്റ്റേഷനുകളാണ് എക്‌സ്പോ വേദിയിലേക്ക് എത്താനുള്ള സൗകര്യത്തിനായി പ്രവര്‍ത്തിക്കുന്നത്.

28,700 ചതുരശ്രമീറ്റര്‍ വിസ്തീര്‍ണമാണ് ജുമൈറ ഗോള്‍ഫ് എസ്റ്റേറ്റ് മെട്രോ സ്റ്റേഷനുള്ളത്. തിരക്കേറിയ സമയങ്ങളില്‍ മണിക്കൂറില്‍ 11,555 യാത്രക്കാര്‍ക്കും പ്രതിദിനം ഏകദേശം 2,50,000 പേര്‍ക്കും ഇതിലൂടെ യാത്ര ചെയ്യാനാവും. രണ്ട് ബോര്‍ഡിങ് പ്ലാറ്റ്ഫോമുകള്‍, നാല് ബസ് സ്റ്റോപ്പുകള്‍, 20 ടാക്‌സി സ്റ്റാന്‍ഡുകള്‍, 400 സൗജന്യ പാര്‍ക്കിങ് സ്ഥലങ്ങള്‍ എന്നിവയും ഉള്‍പ്പെടുന്നു. ഇതില്‍ 20 എണ്ണം നിശ്ചയദാര്‍ഢ്യമുള്ളവര്‍ക്കാണ്. സ്റ്റേഷനില്‍ 14 ഔട്ട്ലെറ്റുകളും ഉണ്ട്.

നേരത്തെ എക്‌സ്പോ വേദിയിലേക്കുള്ള അഞ്ച് മെട്രോ സ്റ്റേഷനുകളുടെ പ്രവര്‍ത്തനം ആരംഭിച്ചിരുന്നു. എന്നാല്‍ പുതിയ ലൈനില്‍ എല്ലാ യാത്രക്കാര്‍ക്കും ഇപ്പോള്‍ സഞ്ചരിക്കാനാവില്ല. ഒക്ടോബര്‍ ഒന്ന് മുതല്‍ എല്ലാവര്‍ക്കും ഉപയോഗിക്കാം.

എക്‌സ്പോയുമായി ബന്ധപ്പെട്ടവര്‍ക്ക് മാത്രമാണ് ഇപ്പോള്‍ സഞ്ചരിക്കാന്‍ അനുമതി. മെട്രോ റെഡ് ലൈനിലാണ് എക്‌സ്പോക്കുവേണ്ടി പ്രത്യേക പാത നിര്‍മിച്ചിരിക്കുന്നത്. ജെബല്‍അലിയില്‍ നിന്ന് തിരിയുന്ന ഈ ലൈനില്‍ ആറ് സ്റ്റേഷനുകളാണ് ആകെയുള്ളത്.

ഗാര്‍ഡന്‍സ്, ഡിസ്‌കവറി ഗാര്‍ഡന്‍സ്, അല്‍ ഫുര്‍ജാന്‍, ജുമൈറ ഗോള്‍ഫ് എസ്റ്റേറ്റ് , ഡി.ഐ.പി., എക്‌സ്പോ 2020 എന്നിവയാണ്. എക്‌സ്പോ സന്ദര്‍ശകരെ ഉള്‍ക്കൊള്ളാനാവുന്നവിധം മികച്ച രീതിയിലാണ് എക്‌സ്പോ സ്റ്റേഷനുകള്‍ നിര്‍മിച്ചിരിക്കുന്നത്.

 

Top