Julian Assange should be allowed to go free, UN panel finds BBC News‎

ജനിവ: അന്യായമായി തടങ്കല്‍ വയ്ക്കുന്നതിനെതിരെ വിക്കിലീക്‌സ് സ്ഥാപകന്‍ ജൂലിയന്‍ അസാഞ്ച് നല്‍കിയ ഹര്‍ജിയില്‍ യു.എന്‍്. ലീഗല്‍ പാനലിന്റെ അനുകൂല വിധി. അസാന്‍ജിന് നഷ്ടപരിഹാരം നല്‍കണമെന്നും തടങ്കലില്‍ നിന്ന് മോചിപ്പിക്കാനുമാണ് യു.എന്‍. പാനല്‍ വിധിച്ചിരിക്കുന്നത്. ഇംഗ്ലണ്ടിനും സ്വീഡനുമെതിരെ നല്‍കിയ പരാതിയിലാണ് വിധി.

അസാഞ്ച് 2010 മുതല്‍ സ്വമേധയാ തടവില്‍ കഴിയുകയാണെന്നാണ് യു.എന്‍. പാനല്‍ പറയുന്നത്. ലൈംഗിക പീഡനക്കേസില്‍ അസാഞ്ചിനെതിരെ സ്വീഡനില്‍ കേസുണ്ട്. ഇതില്‍ അറസ്റ്റ് വാറന്റുമുണ്ട്. ഇതേതുടര്‍ന്ന് 2012 മുതല്‍ ലണ്ടനിലെ ഇക്വഡോര്‍ എംബസ്സിയില്‍ അഭയം പ്രാപിച്ചിരിക്കുകയാണ് അസാഞ്ച്.

തനിക്കെതിരായ കേസുകള്‍ കെട്ടിച്ചമച്ചതാണെന്നാണ് അസാഞ്ചിന്റെ വാദം. എന്നാല്‍ ഇംഗ്ലണ്ടിലും യൂറോപ്യന്‍ കോടതികളിലുമുള്ള അസാഞ്ചിനെതിരായ അറസ്റ്റ് വാറന്റ് യുഎന്‍ പാനല്‍ വിധി തടസം സൃഷ്ടിക്കില്ല. വിധി വന്നതിനു പിന്നാലെ അസാഞ്ചിനെതിരായ നടപടികളില്‍ മാറ്റമാന്നുമുണ്ടാകാന്‍ പോകുന്നില്ല എന്ന് ഇംഗ്ലണ്ട് വിദേശകാര്യ വകുപ്പ് പ്രതികരിച്ചു.

യുഎന്‍ സമിതിയുടെ വിധി തനിക്ക് എതിരാണെങ്കില്‍ അപ്പീല്‍ നല്‍കില്ലെന്നും എംബസിക്ക് പുറത്തുവന്ന് അറസ്റ്റ് വരിക്കുമെന്നും അസാഞ്ച് നേരത്തേ വ്യക്തമാക്കിയിരുന്നു. വിധി അനുകൂലമാണെങ്കില്‍ അറസ്റ്റ് വാറണ്ട് പിന്‍വലിക്കണമെന്നും തന്റെ പാസ്‌പോര്‍ട്ട് തിരികെ നല്‍കണമെന്നും ബ്രിട്ടനോട് അസാഞ്ച് ആവശ്യമുന്നയിച്ചിരുന്നു.

ഇറാഖ് ഉള്‍പ്പെടെയുള്ള രാജ്യങ്ങളിലെ അമേരിക്കയുടെ യുദ്ധക്കുറ്റങ്ങളുടെയും അന്താരാഷ്ട്ര തലത്തിലെ ചാരവൃത്തികളുടെയും രേഖകളും വീഡിയോകളും ചോര്‍ത്തി പുറത്തുവിട്ട വിക്കിലീക്ക്‌സിന്റെ സ്ഥാപകനാണ് അസാഞ്ച്.

Top