‘ജുഡീഷ്യൽ അന്വേഷണം വേണം’; ഇ പി ഔദ്യോ​ഗിക സംവിധാനം ദുരുപയോ​ഗം ചെയ്തെന്ന് കെ മുരളീധരൻ

തിരുവനന്തപുരം: എൽഡിഎഫ് കൺവീനർ ഇ പി ജയരാജനെതിരെ ഉയർന്ന അനധികൃത സ്വത്ത് സമ്പാദന വിവാദത്തിൽ പാർട്ടിയല്ല അന്വേഷണം നടത്തേണ്ടതെന്ന് കെ മുരളീധരൻ എംപി. ഈ വിഷയം ഉൾപാർട്ടി പ്രശ്നമായി കാണാനാവില്ല. പി ജയരാജൻ ഉന്നയിച്ച ആരോപണം ഇപി ജയരാജൻ നിഷേധിച്ചിട്ടില്ല. ഔദ്യോഗിക സംവിധാനം ഇപി ദുരുപയോഗം ചെയ്തു. ഇതിൽ ജുഡീഷ്യൽ അന്വേഷണം വേണമെന്നും കെ മുരളീധരൻ ആവശ്യപ്പെട്ടു.

ഇ പി ജയരാജൻ മന്ത്രിയായിരുന്നപ്പോൾ മന്ത്രി സ്ഥാനം ദുരുപയോഗം ചെയ്തുവെന്നും കെ മുരളീധരൻ ആരോപിച്ചു. ഭരണ തുടർച്ച അണികളെ വഷളാക്കിയെന്ന കാര്യം മാർക്സിസ്റ്റ് പാർട്ടി നേതൃത്വം സമ്മതിച്ചു. പി ജയരാജന് എതിരായ കള്ളക്കടത്ത് ആരോപണം പാർട്ടി അന്വേഷിക്കട്ടെ. അധികാര ദുർവിനിയോഗമാണ് ഇപിയുടെ കാര്യത്തിൽ നടന്നത്. അത് ജുഡീഷ്യൽ അന്വേഷണം നടത്തണമെന്നും കെ മുരളീധരൻ പറഞ്ഞു.

സിപിഐഎം കേന്ദ്ര നേതൃത്വം അതേസമയം ആരോപണങ്ങളുടെ പശ്ചാത്തലത്തിൽ ഇ പി ജയരാജൻ രാജി സന്നദ്ധത അറിയിച്ചിട്ടുണ്ട്. ഇപി പദവികൾ ഒഴിഞ്ഞേക്കുമെന്നാണ് വിവരം. എൽഡിഎഫ് കൺവീനർ പദവിയിൽ നിന്ന് ഉൾപ്പടെ രാജിവച്ചേക്കും. വെള്ളിയാഴ്ച്ചത്തെ സിപിഐഎം സെക്രട്ടറിയേറ്റിലും ഇപി പങ്കെടുക്കില്ല. അടുത്ത നേതാക്കളെ രാജി സന്നദ്ധത അറിയിച്ചിട്ടുണ്ടെന്നാണ് വിവരം. ഇന്ന് ചേരുന്ന സിപിഐഎം പൊളിറ്റ് ബ്യൂറോ യോഗം വിഷയം ചര്‍ച്ച ചെയ്യാനിരിക്കെയാണ് ഇപിയുടെ നീക്കം. കണ്ണൂര്‍ ആയുര്‍വേദ മെഡിക്കല്‍ കെയര്‍ ലിമിറ്റഡ് എന്ന സ്വകാര്യ കമ്പനിയെ മറയാക്കി ഇപി ജയരാജന്‍ കോടികളുടെ അഴിമതി നടത്തിയെന്നായിരുന്നു പി ജയരാജന്റെ ആരോപണം. വാര്‍ത്തകള്‍ പുറത്തുവന്നതിന് പിന്നാലെ മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് പാര്‍ട്ടിക്ക് അകത്ത് നടന്ന ചര്‍ച്ചകള്‍ പുറത്ത് പങ്കുവെക്കാനാഗ്രഹിക്കുന്നില്ലെന്നായിരുന്നു പി ജയരാന്‍ പ്രതികരിച്ചത്. ആരോപണം നിഷേധിച്ച് ഇ പി ജയരാജന്‍ രംഗത്തെത്തുകയും ചെയ്തിരുന്നു.

Top