Judicial inquiry; Conflict in Ernakulam pressclub

കൊച്ചി:അഭിഭാഷകരും മാധ്യമപ്രവര്‍ത്തകരും തമ്മിലുണ്ടായ സംഘര്‍ഷവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ സാന്നിധ്യത്തില്‍ ചേര്‍ന്ന യോഗത്തില്‍ ജുഡീഷ്യല്‍ അന്വേഷണത്തെ എതിര്‍ക്കാതിരുന്നതിന് എറണാകുളം പ്രസ്‌ക്ലബ്ബില്‍ പൊട്ടിത്തെറി.

സംഘര്‍ഷത്തെ കുറിച്ചുള്ള അന്വേഷണം ജുഡീഷ്യല്‍ അന്വേഷണത്തിന് വിടരുതെന്നായിരുന്നു ഒരു വിഭാഗം പത്രപ്രവര്‍ത്തകരുടെ ആവശ്യം. ആക്രമണ സംഭവങ്ങള്‍ പൊലീസ് അന്വേഷിക്കണമെന്നതായിരുന്നു ഇവരുടെ താല്‍പര്യം.

കഴിഞ്ഞ വെള്ളിയാഴ്ച ഉച്ചക്ക് 1 മണിക്ക് പ്രസ്‌ക്ലബ്ബില്‍ ചേര്‍ന്ന യോഗത്തില്‍ ജുഡിഷ്യല്‍ അന്വേഷണത്തെ അനുകൂലിക്കരുതെന്ന ആവശ്യം ഒരു വിഭാഗം ഉയര്‍ത്തിയിരുന്നു.
എന്നാല്‍ ഇതിനു ശേഷം അഡ്വക്കറ്റ് ജനറലിന്റെ സാന്നിധ്യത്തില്‍ ചേര്‍ന്ന യോഗം ജുഡീഷ്യല്‍ അന്വേഷണത്തിന് ശുപാര്‍ശ ചെയ്തപ്പോഴും എതിര്‍പ്പുണ്ടായിരുന്നില്ല.

ഇത് ചോദ്യം ചെയ്ത പത്രപ്രവര്‍ത്തകരോട് മുഖ്യമന്ത്രിയുടെ സാന്നിധ്യത്തില്‍ ചേരുന്ന യോഗത്തില്‍ നിലപാട് വ്യക്തമാക്കാമെന്നായിരുന്നുവത്രെ ധാരണ.

ചര്‍ച്ചക്ക് കയറിയ പ്രസ്‌ക്ലബ്ബ് പ്രസിഡന്റ് കൂടിയായ ദേശാഭിമാനിയിലെ രവികുമാര്‍ ജുഡീഷ്യല്‍ അന്വേഷണത്തെ എതിര്‍ക്കാതിരുന്നത് ശരിയായില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് നേതൃത്വത്തിനെതിരെ പടയൊരുക്കം നടക്കുന്നത്.

മുഖ്യമന്ത്രിയുമായുള്ള ചര്‍ച്ചയില്‍ മനോരമ ചാനലിലെ മനു സി കുമാര്‍, ജയ്ഹിന്ദിലെ ഷാജു കിരണ്‍, ന്യൂസ് 18 ലെ ശ്രീനാഥ് എന്നിവരില്‍ ആരെയെങ്കിലും പങ്കെടുപ്പിക്കണമെന്ന നിര്‍ദ്ദേശം തള്ളിയതും ഒരു വിഭാഗത്തെ പ്രകോപിപ്പിച്ചിട്ടുണ്ട്.

ജുഡീഷ്യല്‍ അന്വേഷണക്കാര്യത്തിലെ എതിര്‍പ്പ് വ്യക്തമാക്കാനും അനുകൂലമായ തീരുമാനമെടുപ്പിക്കാനും കഴിയാതിരുന്നത് ദേശാഭിമാനി ജീവനക്കാരനായ പ്രസിഡന്റിന്റെ ‘പരിമിതി’യാണെന്നാണ് അണിയറ സംസാരം.

മുഖ്യമന്ത്രിയോട് കാര്യങ്ങള്‍ കര്‍ക്കശമായി പറയാന്‍ കഴിയാതിരുന്നതിനാലാണ് ജുഡീഷ്യല്‍ അന്വേഷണത്തെ അനുകൂലിക്കേണ്ട സാഹചര്യം ഉണ്ടായതത്രെ.

ചര്‍ച്ചക്ക് ശേഷം പത്രപ്രവര്‍ത്തകര്‍ കുറ്റക്കാരാണെന്ന തരത്തില്‍ മുഖ്യമന്ത്രി നടത്തിയ അഭിപ്രായ പ്രകടനവും പത്രപ്രവര്‍ത്തകരെ ചൊടിപ്പിച്ചിട്ടുണ്ട് .

‘തല്ലാനും തല്ലുകൊള്ളാനുമായി കോടതിയിലേക്ക് ആരും പോകേണ്ടതില്ലെന്ന’ മുഖ്യമന്ത്രിയുടെ പ്രതികരണവും നിഷ്പക്ഷമല്ലെന്ന പരാതിയും പത്രപ്രവര്‍ത്തകര്‍ക്കിടയിലുണ്ട്.

Top